സംരംഭക മഹാസംഗമം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എംഎസ്എംഇ ക്ലിനിക്ക് മുഖ്യആകര്‍ഷണമാകും

സംരംഭക മഹാസംഗമം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എംഎസ്എംഇ ക്ലിനിക്ക് മുഖ്യആകര്‍ഷണമാകും
Kochi / January 19, 2023

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം നാളെ (21.01.2023) ശനിയാഴ്ച കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംരംഭക മഹാസംഗമത്തില്‍ ചെറുകിട-ഇടത്തരം-സുക്ഷ്മ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനു വേണ്ടി വിവിധ നടത്തുന്ന എംഎസ്എംഇ ക്ലിനിക്ക് പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുപ്പതിലധികം സ്ഥാപനങ്ങള്‍ മഹാസംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ട സമസ്ത കാര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് ഇതിലൂടെ വ്യവസായ-വാണിജ്യ വകുപ്പ് ചെയ്യുന്നത്.
നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ധനമന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍, റവന്യു വകുപ്പ് മന്ത്രി ശ്രീ കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്‍, ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ്, ഉന്നത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 
സംരംഭങ്ങള്‍ക്ക് ചരക്ക് സേവന നികുതി, വ്യവസായ അനുമതി, നിക്ഷേപ-ധനസഹായം, തുടങ്ങിയ സേവനങ്ങള്‍ എംഎസ്എംഇ ക്ലിനിക്കില്‍ ലഭ്യമാകും.
കേരളത്തിലെ നിലവിലെ സംരംഭക സൗഹൃദാന്തരീക്ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും സംരംഭക അഭിപ്രായ രൂപീകരണവുമാണ് മഹാസംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംരംഭം ആരംഭിച്ചതിനു ശേഷമുള്ള വിപണനം, സാങ്കേതിക സഹായം, സാമ്പത്തിക സഹായം എന്നിവയിലെല്ലാം സംരംഭകര്‍ക്ക് വ്യവസായ വകുപ്പ് പൂര്‍ണ പിന്തുണ ഉറപ്പാക്കും. എംഎസ്എംഇ. ക്ലിനിക്കുകള്‍, താലൂക്ക് അടിസ്ഥാനത്തില്‍ വിപണന മേളകള്‍ എന്നിവയും ഇതിന്‍റെ ഭാഗമായി ഒരുക്കുന്നുണ്ട്.

 
നവസംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ തീം പവലിയന്‍ സംരംഭക സംഗമത്തോടനുബന്ധമായി ഒരുക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക്  മികച്ച പിന്തുണ ഉറപ്പാക്കുന്നതിനും സഹായ സേവനങ്ങള്‍ ഒരുക്കുന്നതിനായി 75 ഓളം സര്‍ക്കാര്‍ - സര്‍ക്കാരിതര സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങള്‍ക്കായി ഉദ്യം രജിസ്ട്രേഷന്‍, സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പോര്‍ട്ടലുകളായ ജെം രജിസ്ട്രേഷന്‍, കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടല്‍, വ്യവസായ വകുപ്പിന്‍റെ സംരംഭക പിന്തുണ ലഭ്യമാക്കുന്ന കെസ്വിഫ്റ്റ്, ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പിഎം എഫ്എംഇ എന്നിവയുടെ സ്റ്റാളുകള്‍ക്കൊപ്പം ഒഎന്‍ഡിസി, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  തുടങ്ങി ഇ കൊമേഴ്സ് രംഗത്തെ അതികായകരുടെ സ്റ്റാളുകളുകളാണ് സംരംഭക മഹാസംഗമത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 
ഇവക്കൊപ്പം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍ഐഐഡിഎസ്ടി),  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്), കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (കെഎയു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്),സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിടിസിആര്‍ഐ ), സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആര്‍ഐ), സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( സിപിസിആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി), ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ്), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി), മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട് ഡെവലപ്മെന്‍റ് അതോറിറ്റി (എംപിഇഡിഎ), അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (എപിഇഡിഎ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ), നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിആര്‍എംഐ), ടെക്നോളജി ഇവാലുവേഷന്‍, സെന്‍റര്‍ കോഫി ബോര്‍ഡ് (ടിഇസി), കട്ടപ്പന; എംഎസ്എംഇ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍   തുടങ്ങിയ സ്ഥാപങ്ങളുടെയും സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കേരള പൊതു മേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി), ഔഷധി, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കേസ്), സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് (സിഐഎഫ്എല്‍), ട്രാക്കോ കേബിള്‍ ലിമിറ്റഡ് (ട്രാക്കോ), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) എന്നിവയുടെ സ്റ്റാളുകളും ഇവക്കൊപ്പം പ്രവര്‍ത്തിക്കും.


കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച സംരംഭകവര്‍ഷം പദ്ധതി എട്ട് മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടിരുന്നു. ഒരുവര്‍ഷത്തിനകം ഒരുലക്ഷം സംരംഭങ്ങളായിരുന്നു ലക്ഷ്യം. 123,444 സംരംഭങ്ങളും 7494.03 കോടിയുടെ നിക്ഷേപവും 266,213  തൊഴിലവസരങ്ങളും ഇതിനോടകം പദ്ധതിയിലൂടെ സൃഷ്ട്ടിച്ചു കഴിഞ്ഞു. 2022  മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ്  സംസ്ഥാന വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Photo Gallery