മികച്ച അവസരങ്ങളൊരുക്കി കെ എസ് യു എം: 2022 ല്‍ 200 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കി

മികച്ച അവസരങ്ങളൊരുക്കി കെ എസ് യു എം: 2022 ല്‍ 200 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കി
Trivandrum / January 15, 2023

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സുസ്ഥിര പരിശ്രമത്തിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥക്ക് കഴിഞ്ഞ വര്‍ഷം വലിയ പുരോഗതി കൈവരിക്കാനായി. കഴിഞ്ഞ വര്‍ഷം കെ എസ് യു എമ്മിന്‍റെ നേതൃത്വത്തില്‍ ഇരുന്നൂറിലധികം പുതിയ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനായത് വലിയ നേട്ടമാണ്. നവീന ആശയങ്ങളുള്ള തൊള്ളായിരത്തിലധികം പേര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും കഴിഞ്ഞു.

2022ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ നാലാം സ്ഥാനവും കെ എസ് യു എമ്മിന് നേടാനായി. കഴിഞ്ഞ വര്‍ഷം കെഎസ് യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളിലെ അന്‍പത്തിനാലോളം സേവനങ്ങള്‍ നല്‍കുന്നതിനും ധാരണയായിരുന്നു.

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 22 ബൂട്ട്ക്യാമ്പുകളും എട്ട് ഹാക്കത്തണുകളും 10 ഉച്ചകോടികളും കൂടാതെ ഏഴ് റിസര്‍ച്ച് ഡെമോ- മൂന്ന് ബിസിനസ് ഡെമോ ഡേകളും 50-ഓളം വെബിനാറുകളും കെ എസ് യു എം സംഘടിപ്പിച്ചു. 40-ലധികം വര്‍ക്ക്ഷോപ്പുകള്‍ക്ക് പുറമേ 15 നിക്ഷേപക - വ്യാവസായിക സമ്മേളനങ്ങള്‍ നടത്തിയ കെ എസ് യു എം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2,500 മണിക്കൂറില്‍ കുറയാത്ത മെന്‍റര്‍ഷിപ്പും നല്‍കി.

കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കെ എസ് യു എമ്മിന്‍റെ നിരന്തരമായ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്ന് കെ എസ് യു എം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക പറഞ്ഞു. അതുകൊണ്ടു തന്നെ കെ എസ് യു എമ്മിന് 2022 ഫലപ്രദമായ വര്‍ഷമാണ്. പുതുമയുള്ള കൂടുതല്‍ ആശയങ്ങളേയും മികച്ച സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നൂതന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളുമായി കെ എസ് യു എം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 80 സ്റ്റാര്‍ട്ടപ്പുകളെ പ്രതിനിധീകരിക്കുന്ന ആറ് അന്താരാഷ്ട്ര ബിസിനസ്സ് പ്രതിനിധി സംഘങ്ങളെ വിദേശ ഉച്ചകോടികളിലേക്കും വ്യാപാര മേളകളിലേക്കും അയക്കാന്‍ കെ എസ് യു എമ്മിന് കഴിഞ്ഞു. 2022ല്‍ 450 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കും 75 ലധികം വനിതാ സംരംഭകര്‍ക്കും കെ എസ് യു എം ഇന്‍കുബേഷന്‍ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.  

ഏകദേശം 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ട് നല്‍കാനും 140 സംരംഭങ്ങള്‍ക്ക് സഹായധനം ലഭ്യമാക്കാനും ഐഡിയ ഫെസ്റ്റില്‍ വിജയികളായ 108 വിദ്യാര്‍ത്ഥികള്‍ക്ക് ഐഡിയ ഗ്രാന്‍റ് നല്കാനും കെ എസ് യു എമ്മിന് കഴിഞ്ഞിട്ടുണ്ട്.

 

 

Photo Gallery