ഈ വര്‍ഷം ലോകത്തില്‍ സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളവും- ന്യൂയോര്‍ക്ക് ടൈംസ് പട്ടിക

ഈ വര്‍ഷം ലോകത്തില്‍ സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളവും- ന്യൂയോര്‍ക്ക് ടൈംസ് പട്ടിക
Trivandrum / January 13, 2023

തിരുവനന്തപുരം: പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് 2023ല്‍ ലോകത്ത് സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചത്.

പട്ടികയില്‍ 13-ാമതാണ് കേരളം. കേരളത്തിലെ ഉത്സവങ്ങള്‍, അനുഭവവേദ്യ ടൂറിസം, അന്താരാഷ്ട്ര മാതൃകയായ ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം സ്വന്തമാക്കാന്‍ സംസ്ഥാനത്തെ സഹായിച്ചു. ആദ്യ പതിനഞ്ച് സ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്ന് ജപ്പാന്‍, ഭൂട്ടാന്‍ കേരളം എന്നിവ മാത്രമാണ് ഇടംപിടിച്ചത്.

പ്രദേശവാസികളുടെ കൂടി പങ്കാളിത്തത്തോടെ നടക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങളെ ന്യൂയോര്‍ക്ക് ടൈംസ് എടുത്തു പറയുന്നു. കേരളത്തിന്‍റെ സാംസ്ക്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഉത്സവങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ബീച്ചുകള്‍, കായലുകള്‍, രുചിഭേദം തുടങ്ങിയവ കേരള ടൂറിസത്തിന്‍റെ സവിശേഷതകളാണ്. ആതിഥേയത്വമരുളുന്ന ജനങ്ങളുമായി ഇടപഴകാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കി ടൂറിസം അനുഭവവേദ്യമാക്കുന്ന കേരളത്തിന്‍റെ രീതിയെ പ്രശംസിക്കുന്നു.

ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പ്രധാനകേന്ദ്രമായ കുമരകത്ത് സഞ്ചാരികള്‍ക്കായൊരുക്കിയ കനാല്‍സഞ്ചാരം, കയര്‍പിരി, തെങ്ങുകയറ്റം തുടങ്ങിയവയും മറവന്‍തുരുത്തിലെ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ സവിശേഷത, വൈക്കത്തഷ്ടമി  എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. ലോകപ്രശസ്ത ടൂറിസം മാധ്യമപ്രവര്‍ത്തകയായ പേയ്ജ് മക് ക്ലാനന്‍ ആണ് കേരളം സന്ദര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരളത്തിന്‍റെ ജനകീയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ എല്ലാ മേഖലകളിലും ടൂറിസം വികസനം സാധ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ആഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താന്‍ കൂടി ഈ അംഗീകാരം സഹായിക്കും.

സംസ്ഥാനത്തെ ജനങ്ങളുടെ  ജീവിതത്തെ സ്പര്‍ശിക്കുന്ന തരത്തില്‍ ടൂറിസത്തെ മാറ്റി സുസ്ഥിര വികസനം സാധ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല, ലോകരാജ്യങ്ങളിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളടക്കം സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്ത ടൂറിസത്തെ മാതൃകയാക്കാന്‍ കേരളവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റിക്കഴിഞ്ഞു. ഇതോടെ കൂടുതല്‍ മേഖലകളിലേക്ക് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാകും. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സായി ഇതിനെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ടൂറിസം മന്ത്രി പറഞ്ഞു.


കേവലം കാഴ്ചയ്ക്കപ്പുറം അനുഭവവേദ്യമായ ടൂറിസത്തിന്‍റെ പ്രാധാന്യമാണ് കേരളം ഈ നേട്ടം സ്വന്തമാക്കാന്‍ കാരണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. ഫ്രാന്‍സ്, സ്പെയിന്‍, അലാസ്ക ട്രെയിന്‍ തുടങ്ങിയവ പോലും കേരളത്തിന് പിന്നിലാണ് എന്നത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് കേരള ടൂറിസത്തിന്‍റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന് അന്താരാഷ്ട്രതലത്തില്‍ ലഭിച്ച അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ലണ്ടന്‍, മോറിയോക്ക (ജപ്പാന്‍), നജാവോ ട്രൈബല്‍പാര്‍ക്ക് (അമേരിക്ക), കില്‍മാര്‍ട്ടിന്‍ ഗ്ലെന്‍ (സ്കോട്ട്ലാന്‍റ്), ഓക്ക്ലാന്‍റ് (ന്യൂസീലാന്‍റ്), പാം സ്പ്രിംഗ്സ് (അമേരിക്ക), കംഗാരു ഐലന്‍റ് (ആസ്ട്രേലിയ), വ്യോസ റിവര്‍ (അല്‍ബേനിയ), അക്ര (ഖാന), ട്രോംസോ (നോര്‍വെ) ബ്രസീല്‍, ഭൂട്ടാന്‍ എന്നിവയാണ് കേരളത്തിന് മുന്നേ ഇടംപിടിച്ച സ്ഥലങ്ങള്‍.

Photo Gallery

+
Content