വിഖ്യാത സംവിധായകന്‍ മുസാഫര്‍ അലിയുടെ സിനിമേതര കലാസൃഷ്ടികളുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ തുടങ്ങി

വിഖ്യാത സംവിധായകന്‍ മുസാഫര്‍ അലിയുടെ സിനിമേതര കലാസൃഷ്ടികളുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ തുടങ്ങി
New Delhi / January 11, 2023

ന്യൂഡല്‍ഹി: വിഖ്യാത സംവിധായകന്‍ മുസാഫര്‍ അലിയുടെ സിനിമേതര കലാസൃഷ്ടികളുടെ 11 ദിവസത്തെ പ്രദര്‍ശനം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍, വരകള്‍, ഡിസൈന്‍ സൃഷ്ടികള്‍, മുതലയാവയാണ് ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതാദ്യമായാണ് മുസാഫര്‍ അലിയുടെ ഇത്തരമൊരു കലാപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.


    കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമേതരമായി മുസാഫര്‍ അലി രചിച്ച കലാസൃഷ്ടികളാണ് ഇന്ത്യാ ഗേറ്റിനടുത്തുള്ള ബിക്കാനീര്‍ ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നത്. മുസാഫര്‍ അലി എന്ന് തന്നെയാണ് പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്. മാഷാ ആര്‍ട്ടാണ് പ്രദര്‍ശനത്തിന്‍റെ സംഘാടകര്‍. ഒരു വര്‍ഷം മുഴുവന്‍ പരിശ്രമിച്ചിട്ടാണ് ക്യൂറേറ്റര്‍ ഉമാ നായര്‍ കലാസൃഷ്ടികള്‍ തെരഞ്ഞെടുത്തത്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.


    മുസാഫര്‍ അലി നിര്‍മ്മാണവും സംവിധാനവും ചെയ്ത സൂപ്പര്‍ ഹിറ്റ്സിനിമായായ ഉമ്രാവോജാനിന് (1981) മുമ്പാണ് അദ്ദേഹം ഈ കലാസൃഷ്ടികള്‍ നടത്തിയത്. ഫാറൂഖ് ഷെയ്ഖും സ്മിതാപാട്ടീലും അഭിനയിച്ച ഗമനാണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. സുപ്രസിദ്ധ സിനിമാ താരം രേഖയുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഉമ്രാഓജാനിലെ നായികാ കഥാപാത്രം.


    കലാ-സാഹിത്യ സിനിമാസ്വാദകര്‍ മുസാഫര്‍ അലിയുടെ കലാസൃഷ്ടി പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടന വേളയിലെത്തിയിരുന്നു. രാജ്യത്തിന്‍റെ പൈതൃക തത്വചിന്തയായ പുരുഷനും പ്രകൃതിയുമെന്ന പ്രമേയമാണ് ഈ കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പിന് അടിസ്ഥാനമായതെന്ന് ക്യൂറേറ്റര്‍ ഉമാനായര്‍ പറഞ്ഞു. പ്രപഞ്ചത്തിന്‍റെ സൗന്ദര്യത്തിനൊപ്പം ഭൂമിയുടെ സൗന്ദര്യത്തോടുള്ള മുസാഫറിന്‍റെ പ്രണയമാണ് ഈ കലാസൃഷ്ടികളുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


    മുസാഫര്‍ അലിയുടെ സൗഹൃദവലയത്തില്‍ പോലും പരിചിതമല്ലാതിരുന്ന കലാസൃഷ്ടികളാണ് ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാഷാ ആര്‍ട്ടിന്‍റെ സിഇഒ സമര്‍ഥ് മാഥുറും ഡയറക്ടര്‍ സനത്ത് മാഥുറും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ സര്‍ഗവൈഭവത്തിന്‍റെ വിവിധ തലങ്ങള്‍ ഇതില്‍ കാണാം. കലാപ്രദര്‍ശനത്തിന്‍റെ ലഘുവിവരണവും ഇവര്‍ സദസ്സില്‍ വിതരണം ചെയ്തു.


    ഉദ്ഘാടനച്ചടങ്ങില്‍ നീതി ആയോഗ് മുന്‍ സിഇഒയും ജി 20 ഷെര്‍പയുമായ അമിതാബ് കാന്ത്, ബിക്കാനീര്‍ ഹൗസ് കമ്മീഷണര്‍ സുബ്രത സിംഗ്, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, കലാ ചരിത്രകാരന്‍ അമന്‍ നാഥ്, സ്റ്റൈലിസ്റ്റ് മാലാ സിംഗ്, ഇന്‍റീരിയര്‍ ഡിസൈനര്‍ സുനിത കോത്താരി, പ്രശസ്ത ഫോട്ടോഗ്രാഫര്‍ മനോജ് അറോറ, കാര്‍ഡിയാക് സര്‍ജന്‍ ഡോ. സതീഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
    വിശിഷ്ടവ്യക്തികള്‍ക്ക് മുസാഫറും ഉമാനായരും കലാസൃഷ്ടികള്‍ വിവരിച്ച് നല്‍കി. ശിവാനി വര്‍മ്മയുടെ കഥക് നൃത്തവും ഒരുക്കിയിരുന്നു. മുസാഫര്‍ അലിയുടെ സര്‍ഗ്ഗാത്മകമായ ബുദ്ധിസാമര്‍ഥ്യവും ക്യൂറേറ്റര്‍ ഉമാനായരുടെ സൗന്ദര്യബോധത്തിലെ ആഴത്തിലുള്ള അറിവും ഈ പ്രദര്‍ശനത്തെ വേറിട്ടതാക്കിയെന്ന് അമിതാബ് കാന്ത് ചൂണ്ടിക്കാട്ടി. ഗവേഷണത്തിന്‍റെയും സൗന്ദര്യബോധത്തിന്‍റെയും ചേരുവയാണ് ഈ പ്രദര്‍ശനമെന്ന് അമന്‍നാഥ് പറഞ്ഞു.


    മഖാം എന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്ന 11 മുറികളുടെയും പേര്. ഉമ്രാവോജാനു ശേഷം    പിന്നീട് മൂന്ന് സിനിമകള്‍ കൂടി മുസാഫര്‍ അലി സംവിധാനം ചെയ്തു. 21 ഹ്രസ്വചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ചലച്ചിത്രോത്സവങ്ങളിലും ഫാഷന്‍ ഷോകളിലും വിധികര്‍ത്താവായും അദ്ദേഹം തിളങ്ങി.


    എന്നാല്‍ സിനിമേതരമായ കലാ മേഖലയിലെ അദ്ദേഹത്തിന്‍റെ പ്രാഗല്‍ഭ്യം അധികമാരും അറിയാത്തതാണ്. 1970 ല്‍ കലാചരിത്രകാരി ഗീതാ സെനാണ് അദ്ദേഹത്തിന്‍റെ ചിത്രപ്രദര്‍ശനം ബോംബെയില്‍ ആദ്യം ക്യൂറേറ്റ് ചെയ്തത്. 1960 ല്‍ തുടങ്ങിയ കലാസപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു. കൊവിഡ് കാലത്തും അദ്ദേഹം നിരവധി സൃഷ്ടികള്‍ നടത്തി. ചിലത് ബൃഹത്തായ കലാസൃഷ്ടികളാണ്. അതും ഇക്കുറി പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.


    ഓരോ മുഖം വരയ്ക്കുമ്പോഴും അതില്‍ കഥകളാണ് കാണുന്നതെന്ന് ലഖ്നൗവിലെ രാജകുടുംബത്തില്‍ നിന്നുള്ള മുസാഫര്‍ അലി പറഞ്ഞു. ഛായാചിത്രങ്ങള്‍ കൂടാതെ വരകള്‍, ഫര്‍ണിച്ചറുകള്‍ മുതലായവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ മീര അലി തുണിക്കഷണങ്ങള്‍ കൊണ്ട് സൃഷ്ടിച്ച പ്രതിഷ്ഠാപനങ്ങളും ഇതിലുണ്ടാകും. മോണിക്ക ഖന്ന ഗുലാത്തി തയ്യാറാക്കിയ സൃഷ്ടികളുടെ ഫോട്ടോ അടങ്ങിയ സ്മരണിക 3000 രൂപയ്ക്ക് പ്രദര്‍ശനത്തില്‍ വില്‍പ്പനയ്ക്കുണ്ട്.    


സര്‍ഗ്ഗാത്മകതയുടെ പ്രമേയത്തിലൂന്നിയ അധ്യായമായാണ് ഉമാ നായര്‍ ഈ പ്രദര്‍ശനത്തെ വിഭജിച്ചിരിക്കുന്നത്. സൂക്ഷ്മമായ മാനസികാവസ്ഥയുടെയും കാച്ചിക്കുറുക്കിയ വരകളുടെയും മിശ്രണമാണ് അദ്ദേഹത്തിന്‍റെ കലാസൃഷ്ടികളെന്ന് ഉമാ നായര്‍ പറഞ്ഞു.


    അദ്ദേഹത്തിന്‍റെ സൃഷ്ടികളുടെ ആഴവും പരപ്പും ആരെയും അതിശയിപ്പിക്കുന്നതാണ്. താഴ്വാരത്തിലൂടെ പായുന്ന ചീറ്റയും കുതിരകളും സൂഫി ചിന്തകനായ റൂമിയുമൊക്കെ ഇതിവൃത്തങ്ങളാകുന്നുണ്ട്. മുസാഫര്‍ അലി വരച്ച മീര അലി, ചലച്ചിത്രതാരങ്ങളായ രേഖ, സ്മതാപാട്ടീല്‍ എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്നു.
    
 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content