സംസ്ഥാനത്തെ ഭൗമസൂചിക പദവിയുള്ള ഉത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ ഇടം നേടാന്‍ സാധിക്കും: മന്ത്രി രാജിവ്

ജി ഐ ഉത്പന്നങ്ങളുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റ് മന്ത്രി പുറത്തിറക്കി
Trivandrum / January 11, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൗമസൂചിക പദവിയുള്ള (ജി ഐ) ഉത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് വ്യവസായ നിയമ കയര്‍ മന്ത്രി പി.രാജിവ് പറഞ്ഞു. ജി ഐ ഉത്പാദകരുടെ സംഗമത്തോടനുബന്ധിച്ച് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച വെബ്സൈറ്റിന്‍റെ  (https://www.gikerala.in/) ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്തെ പല പ്രദേശങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ തനത് ഉത്പന്നങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഉത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇന്ത്യയില്‍ നാനൂറില്‍പരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ജി ഐ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ 35 എണ്ണം കേരളത്തില്‍ നിന്നാണെന്നത് അഭിമാനകരമാണ്. ജി ഐ ഉത്പാദകര്‍ക്ക് നിയമപിന്തുണ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ആലോചിക്കും. ഇവര്‍ക്ക് ആവശ്യമായ വിപണിപിന്തുണ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ജി ഐ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയും ജി ഐ ഉത്പാദകര്‍ക്ക് സഹായം ലഭിക്കും. സംസ്ഥാനത്ത് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂലമായ അന്തരീക്ഷമാണുള്ളത്. ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യം കൈവരിച്ചതിന്‍റെ ഭാഗമായി ഈ മാസം 21 ന് കൊച്ചിയില്‍ സംരംഭക മഹാ സമ്മേളനം നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി ഐ ഉത്പന്നങ്ങള്‍ക്ക് വിപണിയും നിയമപിന്തുണയും ഉറപ്പാക്കുന്നതിനായി ഒരു മാര്‍ഗരേഖ വികസിപ്പിക്കുന്നതിനെ കുറിച്ച് കൂടിയാലോചനകള്‍ ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു

സംസ്ഥാനത്തെ ജി ഐ ഉത്പാദകരുടെ നിലവിലെ സ്ഥിതിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മനസ്സിലാക്കി പരിഹാരം കാണാനാണ് ജി ഐ ഉത്പാദകരുടെ സംഗമം സംഘടിപ്പിച്ചതെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ സുധീര്‍ സംബന്ധിച്ചു.

ജി ഐ സംഗമത്തോടനുബന്ധിച്ച് ടെക്നിക്കല്‍ സെഷനുകളും കേരളത്തിലെ ജി ഐ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. ഉത്പന്നങ്ങള്‍ക്ക് ജി ഐ പദവി ലഭിച്ച ശേഷം ഉത്പാദകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാലാ പ്രൊഫസറായിരുന്ന ഡോ. സി ആര്‍ എല്‍സി സംസാരിച്ചു. ജി ഐ ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ വിപണനത്തിനെക്കുറിച്ച് എഴുത്തുകാരനും ഓണ്‍ലൈന്‍ ബിസിനസ് ഓട്ടൊമോഷന്‍ കണ്‍സള്‍ട്ടന്‍റുമായ പ്രവീണ്‍ കാല്‍വിന്‍ സംസാരിച്ചു.

  വെങ്കലം പിടിപ്പിച്ച ചിരട്ട ഉത്പന്നങ്ങള്‍, കണ്ണൂര്‍ ഹോം ഫര്‍ണിഷിംഗ്സ്, ചേന്ദമംഗലം കൈത്തറി,  ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ, ആലപ്പി കയര്‍, എടയൂര്‍ പച്ച മുളക്, വയനാട് ഗന്ധകശാല അരി, കൈപ്പാട് അരി, കാസര്‍കോട് സാരികള്‍, കുത്താമ്പിള്ളി സാരിയും മുണ്ടും, മറയൂര്‍ ശര്‍ക്കര, പാലക്കാടന്‍ ഞവര അരി, നിലമ്പൂര്‍ തേക്ക്, പാലക്കാടന്‍ മട്ട അരി, പാലക്കാട് മദ്ദളം, പൊക്കാളി അരി, പയ്യന്നൂര്‍ പവിത്രമോതിരം, തിരൂര്‍ വെറ്റില, കൈതയോല ഉല്പന്നങ്ങള്‍, മധ്യ തിരുവിതാംകൂര്‍ ശര്‍ക്കര, വാഴക്കുളം പൈനാപ്പിള്‍, വയനാട് റോബസ്റ്റ കാപ്പി എന്നീ ജി ഐ ഉല്പന്നങ്ങളാണ് സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചിരുന്നത്.

സംസ്ഥാനത്തെ ഭൗമസൂചിക പദവി ലഭിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ പ്രചാരവും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഭൗമസൂചിക പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച വെബ്സൈറ്റില്‍ ഉത്പന്നങ്ങളുടെയും ഉത്പാദക- വിതരണക്കാരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇ-കൊമേഴ്സ് സംവിധാനത്തിലും  (https://www.keralaemarket.com/) ജി ഐ ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.


ഉപഭോക്താക്കള്‍ക്ക് ഗുണമേډയുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും അവയുടെ ആധികാരികത ഉറപ്പുവരുത്താനും ജി ഐ ടാഗ് സഹായിക്കുന്നു. ഉത്പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ വിപണികളില്‍ വര്‍ധിച്ച സ്വീകാര്യത ഉറപ്പുവരുത്താന്‍ ജി ഐ ടാഗ് നേടുന്നതിലൂടെ സാധിക്കും. ചെന്നൈ ആസ്ഥാനമായ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ഈ ജി ഐ ടാഗുകള്‍ നല്‍കുന്നത്.

Photo Gallery

+
Content
+
Content