വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായുള്ള ദ്വിദിന പരിശീലന കളരിയ്ക്ക് തുടക്കമായി

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായുള്ള ദ്വിദിന പരിശീലന കളരിയ്ക്ക് തുടക്കമായി
Kochi / January 10, 2023

കൊച്ചി: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വ്യവസായ ലോകവുമായി അടുത്ത് ഇടപെടാനും വ്യവസായ പ്രമുഖരുമായി നേരിട്ട് ആശയവിനിമയം നടത്താനും ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന വിമന്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് പരിശീലന കളരിയ്ക്ക് തുടക്കമായി. നിലവിലുള്ള വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഒരു പോലെ സഹായകരമാകുന്ന സെഷനുകളാണ് ദ്വിദിന പരിശീലന കളരിയില്‍ നടക്കുന്നത്.

നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടത്തുന്ന പരിപാടിയില്‍ സംരംഭക ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

 കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ മേധാവി ആസ്ഥ ഗ്രോവര്‍, ഇന്‍വസ്റ്റ്മെന്‍റ് സ്പെഷ്യലിസ്റ്റ് ഖുശ്ബു വര്‍മ്മ, സാമൂഹ്യ സംരംഭക ലക്ഷ്മി മേനോന്‍, ടീം വണ്‍ പരസ്യകമ്പനിയുടെ മേധാവി വിനോദിനി സുകുമാര്‍, പ്രൊഹബ് പ്രോസസ് മാനേജ്മന്‍റ് സിഇഒ ശ്രീദേവി കെ, ഗ്രീന്‍പെപ്പര്‍ സിഇഒ കൃഷ്ണ കുമാര്‍, നിക്ഷേപകന്‍ ശേഷാദ്രിനാഥന്‍ കൃഷ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ പരിചയപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പദ്ധതികളും മേډകളും, ഉത്പന്നമൂല്യം, വിപണി പ്രവേശനം, ബ്രാന്‍ഡ് സൃഷ്ടിക്കല്‍, പിച്ചിംഗ്, കൂടിയാലോചനകള്‍, നിക്ഷേപസമാഹരണം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിച്ചു. ഇതിനു ശേഷം വിവിധ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കും സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെയും സംരംഭങ്ങളുടെയും പിച്ചിംഗും നടക്കുന്നുണ്ട്. 

Photo Gallery