ആത്മീയതയും ശാസ്ത്രവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍- ആര്‍ജിസിബി ഡയറക്ടര്‍

സിഎസ്എസ്ആര്‍ (ആത്മീയ-ശാസ്ത്ര ധ്യാനകേന്ദ്രം) നാടിന് സമര്‍പ്പിച്ചു
Trivandrum / January 1, 2023

തിരുവനന്തപുരം: ആത്മീയതയും ശാസ്ത്രവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മിത്രനഗറിലെ ശ്രീ ബാല വിഗ്നേശ്വര മഹാഗണപതി ക്ഷേത്രത്തില്‍ ആരംഭിച്ച സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് സ്പിരിച്വല്‍ റേഡിയന്‍സ് (സിഎസ്എസ്ആര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്യന്തികമായ ജീവിത ലക്ഷ്യം കൈവരിക്കുന്നതിന് ശാസ്ത്രവും ആത്മീയതയും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതാണെന്ന് പ്രൊ. ചന്ദ്രഭാസ് പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായുള്ള ധ്യാനകേന്ദ്രമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രത്തിലൂന്നിയുള്ള ആത്മീയത ഭക്തര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യം.

അളക്കാന്‍ കഴിയുന്നത് ശാസ്ത്രവും അളവില്ലാത്തത് ആത്മീയതയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രവും ആത്മീയതയും സ്വജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് സന്തോഷകരമായ ജീവിതം നയിക്കാന്‍ ശാസ്ത്രം നമ്മെ സഹായിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ജീവിതത്തിനാവശ്യം. സ്നേഹം, വികാരം, സഹാനുഭൂതി, സേവനം തുടങ്ങിയതിനെ നിയന്ത്രിച്ച് ജീവിതം സാര്‍ഥകമാക്കാന്‍ ആത്മീയതയിലൂടെ സാധിക്കുന്നു. അതിനെ വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല.

സത്യത്തെ മനസിലാക്കാന്‍ വേണ്ടി ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ജീവിതത്തിലെ പരമമായ സത്യത്തെ മനസിലാക്കാനും ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാനും ഇത് സഹായിക്കുന്നുവെന്നും പ്രൊഫ. ചന്ദ്രഭാസ് ചൂണ്ടിക്കാട്ടി.

പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര, സ്വാമി മണികണ്ഠ, നഗരസഭാംഗം അഡ്വ. വി ജി ഗിരികുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈക്കം വിജയലക്ഷ്മി നയിച്ച ഭക്തിഗാന നിശയും നടന്നു. പുതുവത്സരദിനത്തില്‍ നിരവധി ഭക്തരാണ് ആത്മീയ ശാസ്ത്രകേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

Photo Gallery

+
Content
+
Content