പോയവര്‍ഷം ലോകത്തെ ഏറ്റവും മികച്ച ആപ്പുകളില്‍ ഒന്നായി റിയാഫൈ ടെക്നോളജീസ്

പോയവര്‍ഷം ലോകത്തെ ഏറ്റവും മികച്ച ആപ്പുകളില്‍ ഒന്നായി റിയാഫൈ ടെക്നോളജീസ്
Kochi / December 31, 2022

കൊച്ചി: പോയ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പുകളില്‍ ഒന്നായി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ റിയാഫൈ ടെക്നോളജിയുടെ ഡാന്‍സ് വര്‍ക്കൗട്ട് ഫോര്‍ വെയിറ്റ് ലോസ് ആപ്പ് തെരഞ്ഞെടുത്തു. ഗൂഗിളിന്‍റെ ബെസ്റ്റ് ഓഫ് ഫണ്‍ വിഭാഗത്തിലാണ് പുരസ്ക്കാരം.

 

ബംഗളുരുവില്‍ നടന്ന ഗൂഗിള്‍ ഡെവലപ്പര്‍ ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പുരസ്ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ കേരളയില്‍ വച്ച് തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ടി മനോ തങ്കരാജ് റിയാഫൈക്ക് സമ്മാനിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയുള്ള മൊബൈല്‍ ആപ്പുകളില്‍ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാര നിര്‍ണയം നടത്തുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിയാണ് റിയാഫൈ ടെക്നോളജീസ്.


സമൂഹത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ആരോഗ്യത്തിനും വ്യായാമത്തിനും പ്രാധാന്യം കൈവന്ന കാലത്താണ് ഈ മേഖലയിലെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനും അതു വഴി സമൂഹത്തിന് മികച്ച സേവനം നല്‍കാനും ഇത്തരമൊരു ആപ്പ് റിയാഫൈ നിര്‍മ്മിച്ചതെന്ന് സിഇഒ ജോണ്‍ മാത്യു പറഞ്ഞു.
ദിവസേന ചെയ്യുന്ന വ്യയാമത്തില്‍ വിനോദകരമായ ചേരുവകള്‍ ചേര്‍ക്കുകയാണ് ഈ വര്‍ക്കൗട്ട് ആപ്പ് ചെയ്യുന്നത്. 11 ഭാഷകളിലായി 176 രാജ്യങ്ങളില്‍ ഈ ആപ്പ് ലഭിക്കുന്നു. കൊവിഡ് മഹാമാരിക്കാലത്ത് ജിംനേഷ്യങ്ങളോ മറ്റ് പൊതു വ്യായാമ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന കാലത്ത് ഈ ആപ്പ് ഏറെ ഗുണം ചെയ്തെന്ന ജോണ്‍ ചൂണ്ടിക്കാട്ടി.


നൃത്തം ചെയ്യിച്ചു കൊണ്ട് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ് റിയാഫൈയുടെ ഈ ആപ്പിന്‍റെ മുദ്രാവാക്യം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേരിലേക്ക് ഈ ആപ്പ് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


നിര്‍മ്മിത ബുദ്ധി, റിലേഷന്‍സ് ഇന്‍റലിജന്‍സ് എന്‍ജിന്‍ എന്നിവ അടിസ്ഥാനമാക്കി മികച്ച ഉപഭോക്തൃ സേവനമാണ് റിയാഫൈ വാഗ്ദാനം ചെയ്യുന്നത്. തത്സമയം സംശയനിവാരണം നടത്താന്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി സഹായിയെ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.


2013 ല്‍ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന സ്ഥാപിച്ച റിയാഫൈ എട്ട് വര്‍ഷത്തിനുള്ളില്‍ നിരവധി നൂതന ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ സംരംഭമാണ്. ലോകത്തിലെ ഏറ്റവും വലിയ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ഉച്ചകോടിയായ ഗൂഗിള്‍, ഐഒല്‍ ഫീച്ചര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഡെവലപ്പറായിരുന്നു റിയാഫൈ. ഇന്ത്യയിലെ ഏറ്റവും വലിയ പാചകക്കുറിപ്പ് ആപ്പായ കുക്ക് ബുക്ക് റിയാഫൈയുടെ സംഭാവനയാണ്. 160 രാജ്യങ്ങളില്‍ 27 ഭാഷകളിലായി നാലരക്കോടി ജനങ്ങളാണ് റിയാഫൈയുടെ വിവിധ ആപ്പുകള്‍ ഉപയോഗിക്കുന്നത്.
 

Photo Gallery

+
Content