പട്ടം പറത്തലില്‍ രാജ്യത്തിന്‍റെ തലസ്ഥാനമാകാന്‍ കേരളത്തിന് അനന്തസാധ്യത- അന്താരാഷ്ട്ര വിദഗ്ധര്‍

പട്ടം പറത്തലില്‍ രാജ്യത്തിന്‍റെ തലസ്ഥാനമാകാന്‍ കേരളത്തിന് അനന്തസാധ്യത- അന്താരാഷ്ട്ര വിദഗ്ധര്‍
Calicut / December 26, 2022

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള പട്ടം പറത്തല്‍ മത്സരങ്ങള്‍ക്ക് കേരളം മികച്ച വേദിയാണെന്ന് ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിലെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ-ആഭ്യന്തര താരങ്ങളാണ് കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ച് വാചാലരായത്.

വിശാലമായ കടല്‍ത്തീരങ്ങളാണ് അന്താരാഷ്ട്ര പട്ടം പറത്തല്‍ മേഖലയില്‍ കേരളത്തിന്‍റെ പ്രധാന നിക്ഷേപമെന്ന് തുര്‍ക്കിയില്‍ നിന്നുള്ള ലോകപ്രശസ്ത താരം മെഹ്മൂദ് പറഞ്ഞു. കാറ്റിന്‍റെ ലഭ്യതയാണ് പട്ടം പറത്തലില്‍ ഏറ്റവുമധികം നിര്‍ണായകം. കേരളത്തില്‍ അത് വേണ്ടുവോളമുണ്ട്. ഏറെ സങ്കീര്‍ണമായ പട്ടങ്ങളുള്‍പ്പെടെ പറത്താനാവശ്യമായ കാറ്റ് ഇവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമായും നാല് തരം പട്ടങ്ങളാണ് ഇന്ത്യയില്‍ മത്സരയിനത്തില്‍ ഉണ്ടാകുന്നത്. പട്ടത്തെ നിയന്ത്രിക്കുന്ന രണ്ട് ചരട് കൊണ്ട് അത്ഭുതകരമായ അഭ്യാസപ്രകടനം നടത്തുന്ന സ്റ്റണ്ട് കൈറ്റ്, നാല് ചരട് കൊണ്ട് നിയന്ത്രിക്കുന്ന കോഡ്ലൈന്‍ കൈറ്റ്, ട്രെയിന്‍ കൈറ്റ്, സോസര്‍, റിംഗ് കൈറ്റ് എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

സീറോ വിന്‍ഡ് എന്ന കാറ്റില്ലാത്ത അവസ്ഥമുതല്‍ കൊടുങ്കാറ്റുള്ള സ്ഥലങ്ങളില്‍ പോലും പട്ടം പറത്തലിലില്‍ പങ്കെടുത്തിട്ടുള്ള സിംഗപ്പൂര്‍ വനിതാതാരമാണ് ഗാഡിസ്. കേരളത്തില്‍ ഈ ചേരുവകളെല്ലാം കൃത്യമായ അളവിലുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  ഇന്നത്തെ യുവ തലമുറ മൊബൈല്‍ ഗെയിമുകളിലും വെര്‍ച്വല്‍ ലോകത്തുമാണ് ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ ഏറെ വെല്ലുവിളികളും ആനന്ദപ്രദായകവുമായ പട്ടം പറത്തല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ പറ്റിയ ഉപാധിയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന കായിക വിനോദമാണിതെന്നും അവര്‍ പറഞ്ഞു.

കാറ്റിന്‍റെ കാര്യത്തില്‍ കേരളത്തിനുള്ള മേല്‍ക്കൈ എടുത്തു പറയേണ്ടതാണെന്ന് രാജ്കോട്ടില്‍ നിന്നും മത്സരത്തിനെത്തിയ മെഹൂല്‍ ചാവ്ഡ പറഞ്ഞു. കൂടുതല്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഇതൊരു കായിക ഇനമായി കണ്ട് യുവതലമുറയെ ആകര്‍ഷിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതാണ്ട് അമ്പതിലധികം പട്ടങ്ങളാണ് ക്രിസ്മസ് ദിനം വൈകീട്ട് ബേപ്പൂര്‍ മറീനയില്‍ ഉയര്‍ന്നത്. ഒരേ നൂലില്‍ 150 ലധികം പട്ടം കോര്‍ത്തുണ്ടാക്കിയ രാജസ്ഥാനില്‍ നിന്നുള്ള അബ്ദുള്‍, ഐ ലവ് ബേപ്പൂര്‍ എന്ന പട്ടം പറത്തിയ പഞ്ചാബില്‍ നിന്നെത്തിയ ജസ്സെയില്‍ സിംഗ്, വിയറ്റ്നാമില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തിന്‍റെ ഭീമന്‍ ഞണ്ട് എന്നിവ കൗതുകവും ആവേശവും ഒരു പോലെ പകര്‍ന്നു.

ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് താരങ്ങള്‍ പങ്കെടുത്തത്. കൂടുതല്‍ രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ മത്സരവും പ്രദര്‍ശനവും സംഘടിപ്പിക്കുകയാണ് കേരളത്തിന്‍റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വഴിയെന്ന് വണ്‍ ഇന്ത്യ കൈറ്റ് ടീം ഇന്‍റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുന്നാസര്‍ പറഞ്ഞു. ടൂറിസവും കായികവിനോദവും ഒന്നിക്കുന്ന അപൂര്‍വമായ സാധ്യതയാണ് ഈ മേഖലയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാറ്റ് നിറച്ച് ഭീമാകാരമായ രൂപങ്ങള്‍ വാനിലേക്കുയരുമ്പോഴാണ് ഇതിന്‍റെ സങ്കീര്‍ണമായ നിര്‍മ്മാണം മനസിലേക്കെത്തുകയുള്ളൂ. 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള പട്ടങ്ങളുണ്ടെന്ന് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിലെ പട്ടം പറത്തല്‍ മത്സരം കാണാനെത്തിയത്. വാട്ടര്‍ ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content