സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികള്‍ എത്തിയ വര്‍ഷമാകും 2022- പി എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് തുടക്കമായി

സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികള്‍ എത്തിയ വര്‍ഷമാകും 2022- പി എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് തുടക്കമായി
Calicut / December 26, 2022

കോഴിക്കോട്: കേരള സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയ വര്‍ഷമായി 2022 മാറുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ വളര്‍ച്ച 120 ശതമാനമാണ്. ഉത്തരവാദിത്ത ടൂറിസത്തിന് ലണ്ടന്‍ ടൂറിസം മാര്‍ട്ടില്‍ ലഭിച്ച പുരസ്കക്കാരവും ഏറെ പ്രചോദനം നല്‍കി. ഇക്കൊല്ലം സെപ്തംബര്‍ വരെ 1,30,80,000 പേരാണ് കേരളം സന്ദര്‍ശിച്ചത്. അടുത്ത കൊല്ലം ഈ സംഖ്യയും മറികടക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

മികച്ച സംഘാടനമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്‍ന്‍റേതെന്ന് വിശിഷ്ടാതിഥിയും പ്രതിപക്ഷ ഉപനേതാവുമായ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമ്പദ് ഘടനയ്ക്ക് കരുത്തു പകരുന്ന ടൂറിസത്തെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണം. ഭാവിയുടെ വളര്‍ച്ചയില്‍ ടൂറിസത്തിന്‍റെ സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തം കൊണ്ട് തൃശൂര്‍ പൂരത്തിന് സമാനമായ ജനക്കൂട്ടമാണ് ബേപ്പൂര്‍ ഫെസ്റ്റില്‍ കാണാനാകുന്നതെന്ന് മുഖ്യാതിഥി ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പരാതികളില്ലാത്ത, പൊതുജനങ്ങള്‍ ഏറ്റെടുത്ത ഉത്സവമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍ ശ്രീ പ്രേം കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. രാമനാട്ടുകര നഗരസഭാധ്യക്ഷ ശ്രീമതി ബുഷ്റ റഫീഖ്, ഫറോക്ക് നഗരസഭാധ്യക്ഷന്‍ ശ്രീ എന്‍ സി റസാഖ്, സിപിഎം ജില്ലാ സെക്രട്ടറി ശ്രീ പി മോഹനന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് ശ്രീ സജീവന്‍, സിപിഐ ജില്ലാ സെക്രട്ടറി ശ്രീ കെ കെ ബാലന്‍ മാസ്റ്റര്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് ശ്രീ ഉമ്മര്‍ പാണ്ടികശാല, നഗരസഭാംഗങ്ങള്‍ തുടങ്ങിയ പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.

നാവിക സേനാ ബാന്‍ഡ്, ഘോഷയാത്ര എന്നിവയോടെയാണ് ബേപ്പൂര്‍ ഫെസ്റ്റിന്‍റെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. സിത്താര കൃഷ്ണകുമാര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീത നിശയും അരങ്ങേറി.

ബേപ്പൂര്‍ മറൈന ബീച്ചിലും ചാലിയാര്‍ പുഴയിലുമായി നടക്കുന്ന ആഘോഷപരിപാടികളില്‍ ജലമത്സരങ്ങള്‍, അന്താരാഷ്ട്ര പട്ടം പറത്തല്‍, ഫുഡ് ഫെസ്റ്റിവല്‍ ഫ്ളീമാര്‍ക്കറ്റ്, സംഗീത നിശ, നാവികസേന കപ്പല്‍ സന്ദര്‍ശനം, സാഹസിക പ്രകടനങ്ങള്‍ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

Photo Gallery