രണ്ടാമത് ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഇന്ന്(24.12.2022) തുടക്കമാകും

രണ്ടാമത് ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഇന്ന്(24.12.2022) തുടക്കമാകും
Calicut / December 23, 2022

കോഴിക്കോട്: കേരളത്തിന്‍റെ ഉത്സവാവേശം വാനോളമുയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ ജലോത്സവമായ ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഇന്ന്(24.12.2022, ശനി) തുടക്കമാകും. ബേപ്പൂര്‍ മറൈന ബീച്ചിലും ചാലിയാര്‍ പുഴയിലുമായി നടക്കുന്ന ആഘോഷപരിപാടികളില്‍ ജലമത്സരങ്ങള്‍, അന്താരാഷ്ട്ര പട്ടം പറത്തല്‍, ഫുഡ് ഫെസ്റ്റിവല്‍ ഫ്ളീമാര്‍ക്കറ്റ് തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

സാഹസിക കായികവിനോദം, ജലവിനോദം എന്നീ മേഖലകളില്‍ ടൂറിസം ഭൂപടത്തില്‍ മുഖ്യമായ സ്ഥാനം വാട്ടര്‍ ഫെസ്റ്റിന്‍റെ ആദ്യ ലക്കത്തിലൂടെ ബേപ്പൂര്‍ നേടിയിരുന്നു. കേരള ടൂറിസം, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള പുരാതന തുറമുഖത്തിന്‍റെ ടൂറിസം സാധ്യത പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ലോകപ്രശസ്തമായ ഉരു നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് പ്രത്യേക പ്രാധാന്യമുണ്ട്.

ചരിത്രപരമായ പ്രാധാന്യവും പ്രകൃതിദത്തമായ മനോഹാരിതയും കൂടിക്കലര്‍ന്ന ബേപ്പൂരിന്‍റെ പ്രാധാന്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സഹായിച്ചിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ളചേരുവകളെല്ലാം ബേപ്പൂര്‍ ഫെസ്റ്റിന്‍റെ രണ്ടാം ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം കാര്‍ണിവല്‍, ജലവിനോദങ്ങള്‍, ഐഎന്‍എസ് കാല്‍പേനി നാവികകപ്പല്‍ സന്ദര്‍ശനം, സര്‍ഫിംഗ്, പാരാ മോട്ടോറിംഗ് എന്നിവ ഫെസ്റ്റിന്‍റെ ആകര്‍ഷണങ്ങളാണ്. വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരവും ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാവികസേനാ ബാന്‍ഡ്, ജാസ് വാദകന്‍ ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതം, ഗായകരായ വിധു പ്രതാപ്, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത നിശ തുടങ്ങിയവ ഫെസ്റ്റിന്‍റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയാക്കിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, ബോട്ട് സെയിലിംഗ്, വലനെയ്ത്ത്, റിഗേറ്റ സെയിലിംഗ് തുടങ്ങിയ മത്സരങ്ങളും ഉണ്ടാകും.

കോഴിക്കോടിന്‍റെ തനത് സ്വാദ് നല്‍കുന്ന ഭക്ഷ്യമേള സംസ്ഥാനത്തെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ബേപ്പൂരിലേക്കാകര്‍ഷിക്കും. ഇതിനു പുറമെ കോസ്റ്റ് ഗാര്‍ഡ്, കരസേന, നാവികസേന, എന്നിവയുടെ സാഹസിക പ്രകടനങ്ങള്‍, സാംസ്ക്കാരിക സന്ധ്യ മുതലായവ അഞ്ച് ദിവസത്തെ ഉത്സവം മറക്കാനാവാത്ത അനുഭവമാക്കി മാറ്റും.

Photo Gallery