ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ തലസ്ഥാനത്ത് വിനോദ സഞ്ചാരവകുപ്പിന്‍റെ ദീപാലങ്കാരം

കനകക്കുന്നില്‍ ഒരുങ്ങുക തീം അധിഷ്ഠിത വെളിച്ചവിന്ന്യാസം
Trivandrum / December 20, 2022

തിരുവനന്തപുരം: ഇത്തവണ ക്രിസ്തുമസ്, പുതുവര്‍ഷാഘോഷത്തിന് ആവേശം പകരാന്‍ തലസ്ഥാനനഗരി ദീപാലങ്കാരങ്ങളുടെ നിറക്കാഴ്ചയൊരുക്കും. കനകക്കുന്നിലും പരിസരത്തും ആണ് വിനോദ സഞ്ചാരവകുപ്പ് ദീപാലങ്കാരം ഒരുക്കുന്നത്. ജനുവരി ഒന്നു വരെ നീളുന്ന വെളിച്ചവിന്ന്യാസം ഇന്ന് (ബുധനാഴ്ച ) വൈകുന്നേരം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

 

തിരുവനന്തപുരം നഗരത്തെ നൈറ്റ് ലൈഫിലേക്കു നയിക്കുന്നതിന്‍റെ ഭാഗമായാണ് വര്‍ണവെളിച്ച സംവിധാനം ഒരുക്കുന്നത്. പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് ഒരുക്കുന്നത്. എല്ലാദിവസവും രാത്രി ഒരുമണി വരെ ഇത് ആസ്വദിക്കാനാകും.  


കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതു ഗേറ്റ് മുതല്‍ അകത്തേക്കുള്ള പുല്‍ത്തകിടികളും നടപ്പാതകളും സസ്യലതാദികളും വെളിച്ചത്തില്‍ മനോഹരമാക്കും. മ്യൂസിയം പോലീസ് സ്റ്റേഷന്‍ മുതല്‍ ജവഹര്‍ ബാലഭവന്‍ വരെയുള്ള വഴിയോരങ്ങളിലും ദീപവിതാനം മായക്കാഴ്ചയൊരുക്കും. വെളിച്ചത്തിന്‍റെ ദൃശ്യാരാമത്തിലേക്ക് പ്രവേശനമോതുന്ന കവാടത്തില്‍ 40 അടി നീളവും എട്ട് അടി ഉയരവുമുള്ള റെയിന്‍ ഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക.  


പുതുവത്സരത്തെ വരവേല്‍ക്കുന്ന ദീപവിതാനവും സജ്ജമാണ്. 100 വീതം റെയിന്‍ ഡിയറുകളും ക്രിസ്മസ് ബെല്ലുകളും ക്രിസ്മസ് ട്രീകളും വലിയ നക്ഷത്രങ്ങളും കനകക്കുന്നില്‍ തെളിയും. അന്‍പതിടങ്ങളില്‍ ഷുഗര്‍ കാന്‍ഡി സ്റ്റിക്കുകളും സ്ഥാപിക്കും. മരങ്ങള്‍ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് പൂര്‍ണമായും പൊതിയും. നിയോണ്‍ വെളിച്ചത്തില്‍ മുങ്ങുന്ന മരങ്ങളുമുണ്ടാകും. ട്രീ റാപ്പിംഗ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. പ്രത്യേക ഇടങ്ങളില്‍ വര്‍ണാഭമായ ഫോട്ടോ പോയിന്‍റുകളും ഒരുക്കുന്നുണ്ട്.

Photo Gallery