ആര്‍ജിസിബി ശാസ്ത്രജ്ഞ കാര്‍ത്തിക രാജീവിന് ബെന്‍ ബാരസ് സ്പോട്ട്ലൈറ്റ് അവാര്‍ഡ്

ആര്‍ജിസിബി ശാസ്ത്രജ്ഞ കാര്‍ത്തിക രാജീവിന് ബെന്‍ ബാരസ് സ്പോട്ട്ലൈറ്റ് അവാര്‍ഡ്
Trivandrum / December 20, 2022

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ശാസ്ത്രജ്ഞയായ ഡോ. കാര്‍ത്തിക രാജീവ് 2022 ലെ ബെന്‍ ബാരസ് സ്പോട്ട്ലൈറ്റ് അവാര്‍ഡിന് അര്‍ഹയായി. മനുഷ്യരിലെ രോഗകാരികളായ ക്ലമീഡിയ ട്രാക്കോമാറ്റിസിലെ ഗവേഷണമാണ് കാര്‍ത്തികയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ബയോമെഡിക്കല്‍ ആന്‍ഡ് ലൈഫ് സയന്‍സ് ജേണലായ ഇ ലൈഫാണ് അവാര്‍ഡ് നല്കുന്നത്.


ശാസ്ത്രഗവേഷണത്തില്‍ ലിംഗസമത്വത്തിന് വേണ്ടി വാദിച്ച ട്രാന്‍സ്ജെന്‍ഡര്‍ ഗവേഷകനും ഇ ലൈഫിന്‍റെ അവലോകന എഡിറ്ററുമായ അമേരിക്കന്‍ ന്യൂറോബയോളജിസ്റ്റ് ബെന്‍ ബാരസിന്‍റെ സ്മരണയ്ക്കാണ് 2019 മുതല്‍ ബെന്‍ ബാരസ് സ്പോട്ട്ലൈറ്റ് അവാര്‍ഡ് നല്‍കുന്നത്.

അവാര്‍ഡിന് അര്‍ഹരായ ലോകമെമ്പാടുമുള്ള 12 ശാസ്ത്രജ്ഞരില്‍ ഒരാളാണ് കാര്‍ത്തിക. കാര്‍ത്തിക രാജീവിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരത്തില്‍ ആര്‍ജിസിബിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സന്തോഷമുണ്ടെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.

അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ക്ലമീഡിയ ബയോളജിസ്റ്റുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനൊപ്പം തന്‍റെ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവാര്‍ഡ് തുക ഉപയോഗിക്കുമെന്നും കാര്‍ത്തിക പറഞ്ഞു.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച 123 അപേക്ഷകരില്‍ നിന്നാണ് 12 അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഇ ലൈഫിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ്, ഏര്‍ലി-കരിയര്‍ അഡ്വൈസറി ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ ഓരോ അപേക്ഷകന്‍റേയും യോഗ്യതാ വിലയിരുത്തിയിരുന്നു.

സ്ത്രീജനനേന്ദ്രിയത്തിലെ ക്ലമീഡിയ അണുബാധ ഗര്‍ഭാശയവീക്കം, വന്ധ്യത, ഗര്‍ഭാശയേതര ഗര്‍ഭം എന്നിവയിലേക്ക് നയിക്കുന്നു. ഇത് ലൈംഗികമായി പകരുന്ന രോഗവും പലപ്പോഴും ലക്ഷണങ്ങള്‍ ഇല്ലാത്തതുമാണ്. ക്ലമീഡിയ അണുബാധ ദീര്‍ഘകാലം തുടരുന്നതിന്‍റെ ശാസ്ത്രീയകാരണം ഈ പഠനത്തിലൂടെ  വെളിപ്പെടുന്നുണ്ട്-കാര്‍ത്തിക പറയുന്നു.

Photo Gallery

+
Content