ഡിസൈന്‍ വീക്കില്‍ ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍

ഡിസൈന്‍ വീക്കില്‍ ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍
Kochi / December 17, 2022

കൊച്ചി: നൂതനാശങ്ങളുടെയും നവീന ഉത്പന്നങ്ങളുടെയും നേര്‍ക്കാഴ്ചയാണ് കൊച്ചി ഡിസൈന്‍ വീക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയന്‍. തേങ്ങാ വെള്ളത്തില്‍ നിന്നും തുകലിന് സമാനമായ ഉത്പന്നം വികസിപ്പിച്ച സംരംഭം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.

നാല് വര്‍ഷം മുമ്പ് സ്ലോവേക്യന്‍ വനിതയായ സൂസന്നഗോംബസോവയാണ് മലായി ബയോ മെറ്റീരിയല്‍സ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. ആലപ്പുഴയിലെ പാണാവള്ളിയിലാണ് ഇവരുടെ സംരംഭം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പൂര്‍ണപിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇവരുടെ പ്രധാന അസംസ്കൃത വസ്തു തേങ്ങാ വെള്ളമാണ്. തേങ്ങാ വെള്ളം പുളിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന നാത്താ ദെ കോക്കോ എന്ന ബാക്ടീരിയല്‍ ഉത്പന്നമാണ് പിന്നീട് തുകലായി മാറുന്നത്. ഇതിനൊപ്പം പ്രകൃതിദത്ത നാരുകളായ വാഴനാര്, പരുത്തി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.


വസ്ത്രമൊഴികെ തുകല്‍ കൊണ്ട് നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഈ തേങ്ങാ തുകല്‍ കൊണ്ട് നിര്‍മ്മിക്കാം. സഞ്ചി, പേഴ്സ്, ബാഗുകള്‍,ബെല്‍റ്റ് തുടങ്ങിയവ ഇതു കൊണ്ട് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തേക്കും യൂറോപ്പിലേക്കും ഇവരുടെ തുകല്‍ അയക്കുന്നുണ്ട്.


ശാരീരിക ബുദ്ധിമുട്ടും വൈകല്യങ്ങളുമുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ആസ്ട്രെക് ഇനോവേഷന്‍റെ നൂതന ഉത്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശയ്യാവലംബിതരായ ആളുകള്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്നതും പരസഹായമില്ലാതെ നില്‍ക്കാനും സഹായിക്കുന്ന യുണീക് എക്സോ എന്ന ഉപകരണം നൂതനസാങ്കേതികവിദ്യയുടെയും ഡിസൈനിന്‍റെയും ഉദാഹരണമാണ്. ഒരേ സമയം വീല്‍ചെയറായും സഹായിയായും, ഊന്നുവടിയായും ഇത് പ്രവര്‍ത്തിക്കുന്നു.
ഫ്യൂസലേജ് ഇനോവേഷന്‍റെ ഹെവി ഡ്യൂട്ടി ഡ്രോണാണ് മറ്റൊരു ആകര്‍ഷണം. വൈഫൈയില്‍ ഒരു കിലോമീറ്റര്‍ റേഞ്ചില്‍ ഇത് പ്രവര്‍ത്തിക്കും. പത്ത് ലിറ്ററാണ് ഇതിന്‍റെ എടുപ്പ് ശേഷി. സെക്കന്‍റില്‍ ഒമ്പത് മീറ്റര്‍ വരെ വേഗത്തില്‍ 20 മിനിറ്റ് ഇതിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കീടനാശിനി തളിക്കുന്നതിനുള്ള സംഭരണി ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.


മുളനാരുകളും മുളയും കൊണ്ട് കരകൗശല വസ്തുക്കളും ഉപകരണങ്ങളുമുണ്ടാക്കുന്ന ഇറാലൂമിന്‍റെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണ്‍, ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈന്‍ വീക്ക് ശനിയാഴ്ച സമാപിച്ചു.

Photo Gallery

+
Content
+
Content