രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്
2030 ആകുമ്പോഴേക്കും 7ലക്ഷം കോടി രൂപയുടെ വ്യവസായമാകും
Kochi / December 17, 2022
കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്‍റെ എവിജിസി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ് ആന്‍ഡ് കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമുള്ള മേഖലയായി ഇത് മാറുമെന്നും വിദഗ്ധര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കൊച്ചി ഡിസൈന്‍ വീക്ക് സംഘടിപ്പിച്ചത്.
ടൂണ്‍സ് മീഡിയ സിഇഒ പി ജയകുമാര്‍, പുനര്‍യുഗ് ആര്‍ട്ട് വിഷന്‍ സ്ഥാപകന്‍ ആശിഷ് എസ് കെ, ഫാന്‍റം എഫ് എക്സ് വൈസ് പ്രസിഡന്‍റ് രാജന്‍ ഇ, ഗെയിമിട്രോണിക്സ് സിഇഒ രജസ് ഓജ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
5ജി വരുന്നതോടെ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ 90 കോടി ആകുമെന്നാണ് കണക്ക്. ഇത് എവിജിസി മേഖലയ്ക്ക് ഏറെ ഗുണകരമാണ്. എന്നാല്‍ ഈ മേഖലയിലെ പ്രൊഫഷണലുകളുടെ കുറവ് ഇന്ത്യയ്ക്ക് പ്രതിസന്ധിയാണെന്ന് പി ജയകുമാര്‍ പറഞ്ഞു. ഈ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. പുതിയ മേഖലയെന്ന നിലയില്‍ കൊണ്ടു വരുന്ന ഏതൊരു ഉദ്യമമവും ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിരമായ വളര്‍ച്ചയാണ് എവിജിസി മേഖല നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് പതിറ്റാണ്ടു കൂടി ഈ വളര്‍ച്ച തുടരും. ഇത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇത്തവണ കേന്ദ്രബജറ്റില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗും അനുബന്ധമേഖലകളിലും ഇന്ത്യയെ ഹബായി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവസംവിധായകര്‍ തങ്ങളുടെ സിനിമകളില്‍ വിഷ്വല്‍ ഇഫക്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയെന്ന് രാജന്‍ ഇ പറഞ്ഞു. മലയാളത്തിലെ സൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളിയുടെ വിജയമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരം കാര്യങ്ങള്‍ക്ക് വിദേശത്തെ ആശ്രയിക്കുന്ന അവസ്ഥ മാറിയിരിക്കുന്നു. വിദേശ സിനിമകള്‍ പോലും ഇഫക്ട്സിനായി ഇന്ത്യയിലെ സ്റ്റുഡിയോകള്‍ തെരഞ്ഞെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പുരാണകഥകളുടെ സ്വാധീനം മറ്റേത് രാജ്യത്തേക്കാള്‍ കൂടുതല്‍ ഇന്ത്യയെ എവിജിസി മേഖലയ്ക്ക് പ്രിയപ്പെട്ടതാക്കുന്നുവെന്ന് രജത് ഓജ അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ ഏറ്റവും വലിയ ദാതാക്കളായി മാറാന്‍ നമ്മുക്ക് സാധിച്ചു. ലോകം തന്നെ ഗെയിമുകളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
90 കളുടെ അവസാനം മുതല്‍ തന്നെ എവിജിസി മേഖല സ്ഥിരമായ വളര്‍ച്ച നേടുന്നുണ്ടെന്ന് ചര്‍ച്ചയിലെ മോഡറേറ്റര്‍ കൂടിയായ ആശിഷ് ചൂണ്ടിക്കാട്ടി. ഇന്ന് ടിവി, സിനിമ മേഖലയിലെ ഏറ്റവും മൂല്യമുള്ള ഘടകമാണ് എവിജിസി. വെബ് അടിസ്ഥാനമാക്കിയ തലമുറയില്‍ വലിയ വിസ്ഫോടനം ഈ മേഖല സൃഷ്ടിക്കുമെന്നും ആശിഷ് അഭിപ്രായപ്പെട്ടു.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണ്‍, ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈന്‍ വീക്ക് ശനിയാഴ്ച സമാപിച്ചു.
Photo Gallery
