കാലിത്തീറ്റയില്‍ അപാകതയില്ലെന്ന് പ്രാഥമിക നിഗമനം- കേരള ഫീഡ്സ്

കാലിത്തീറ്റയില്‍ അപാകതയില്ലെന്ന് പ്രാഥമിക നിഗമനം- കേരള ഫീഡ്സ്
Kannur / December 16, 2022

കണ്ണൂര്‍: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പശുക്കള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട് കേരള ഫീഡ്സിന്‍റെ കാലിത്തീറ്റയില്‍ അപാകതയില്ലെന്നാണ് പ്രാഥമികനിഗമനമെന്ന് കമ്പനി എം ഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു. പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് കമ്പനിയുടെ ഗുണമേډാ വിഭാഗം മേധാവി ഡോ. അനുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 


    കേരള ഫീഡ്സിലെ ലാബോറട്ടിയിലും പുറത്തെ ലാബിലും നടത്തിയ പരിശോധനയില്‍ കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് അപാകതയൊന്നുമില്ലെന്നാണ് ഫലം ലഭിച്ചതെന്നും എം ഡി പറഞ്ഞു. പശുക്കള്‍ ചത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്ന വൈക്കോല്‍, കടലപ്പിണ്ണാക്ക് എന്നിവയില്‍ പൂപ്പല്‍ കണ്ടതായി സന്ദര്‍ശനം നടത്തിയ വിദഗ്ധസംഘം അറിയിച്ചിരുന്നു. പശുക്കള്‍ക്ക് നല്‍കിയ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം അനുവദനീയമായതിലും കൂടുതലാണെന്നും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.


    സംസ്ഥാനത്തെ സാധാരണ ക്ഷീരകര്‍ഷകരുടെ അത്താണിയായ കേരള ഫീഡ്സിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമായ ഇത്തരം പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് വളരെയധികം പ്രയോജനം നല്‍കുന്ന കാലിത്തീറ്റ ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിക്കുമ്പോള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാകണമെന്നും ക്ഷീരകര്‍ഷകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 

Photo Gallery