മീമീ ഫിഷ് ആപ്പിലൂടെ ഇനി മീന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവയും

കൊല്ലം / October 12, 2021

വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍റെ മീമീ ആപ്പിലൂടെ ഇനി വൈവിദ്ധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളും വീട്ടുപടിക്കലെത്തും. മീന്‍ അച്ചാറുകള്‍, മീന്‍വറുത്തത്, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ വിഭവങ്ങള്‍. മീമീ ആപ്പിന്‍റെ സേവനം ലഭ്യമാകുന്ന കൊല്ലം നഗരസഭയുള്‍പ്പെടെ ജില്ലയിലെ 29 സ്ഥലങ്ങളിലും ഈ ഉത്പന്നങ്ങള്‍ ലഭിക്കും. 


ചെമ്മീന്‍. കൂന്തല്‍, ചൂര, കക്ക, കല്ലുമേക്കായ എന്നിവയാണ് അച്ചാറിനത്തില്‍ ലഭിക്കുന്നത്. കൊഴുവ, ഉണക്കച്ചെമ്മീന്‍ വറുത്തതും ഉണക്കച്ചെമ്മീന്‍ പൊടിയും ആപ്പിലൂടെ ലഭിക്കും. ഇതിനു പുറമെ മീന്‍ കൊണ്ടുള്ള കട്ലറ്റ്, സമൂസ, ബര്‍ഗര്‍ പട്ടീസ്, റോള്‍, ലോലിപോപ്പ്, സൂപ്പ്, നെയ്മീന്‍ കറി എന്നിവയും ഒരുക്കിയിരിക്കുന്നു. കൊഴുവ, കിളിമീന്‍, ചെമ്മീന്‍, ശീലാവ്, ഉളുവ, വാള, സ്രാവ്, കോര, പരവ, മത്തി, അയല, കൂന്തല്‍ എന്നീവ ഉണക്കിയതും ആപ്പിലൂടെ വീട്ടുപടിക്കലെത്തും.


സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. മൊബൈല്‍ ഫോണിലെ പ്ലേസ്റ്റോര്‍ ആപ്പിലൂടെ മീമീ ഫിഷ് എന്ന് ടൈപ്പ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതു കൂടാതെ  https://play.google.com/store/apps/details എന്ന ലിങ്ക് വഴിയും മീമീ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.


വിഷരഹിതമായ മത്സ്യം കറിവയ്ക്കാന്‍ പാകത്തിന് വൃത്തിയാക്കി വീട്ടുപടിക്കല്‍ എത്തിക്കുന്നതിനാണ് മീമീ ആപ്പ് ആരംഭിച്ചത്. ഈ പദ്ധതിയുടെ തുടര്‍വികസനത്തിന്‍റെ ഭാഗമായാണ് മൂല്യവര്‍ധത ഉത്പന്നങ്ങള്‍ കൂടി ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നല്‍കുന്ന മീമീ ഫിഷിന്‍റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യക്കൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്.


യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്‍റെ ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്‍മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്ക്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Photo Gallery