കൊച്ചി ഡിസൈന്‍ വീക്ക്- ടിക്കറ്റ് വില്‍പന ആരംഭിച്ചു

കൊച്ചി ഡിസൈന്‍ വീക്ക്- ടിക്കറ്റ് വില്‍പന ആരംഭിച്ചു
Kochi / December 9, 2022

കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന കൊച്ചി ഡിസൈന്‍ വീക്കിന്‍റെ ടിക്കറ്റ് വില്‍പന, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നു. ഹൈബി ഈഡന്‍ എംപി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ആദ്യ ടിക്കറ്റ് ഫോട്ടോഗ്രാഫര്‍ ജിന്‍സണ്‍ എബ്രഹാമിന് നല്‍കി വില്‍പന ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


    ഡിസംബര്‍ 16, 17 തിയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഐലന്‍റില്‍ നടക്കുന്ന ഡിസൈന്‍ വീക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.    https://kochidesignweek.org  എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
    ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്.  ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്.


    അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ദേശീയ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐഐഐഡി), ദി ഇന്‍ഡസ് എന്‍റര്‍പ്രണേഴ്സ് (ടിഐഇ) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.

Photo Gallery

+
Content