ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

4 ദിവസത്തെ പാല്‍ വില്‍പ്പന 80 ലക്ഷം ലിറ്റര്‍, 6.64 ശതമാനം വര്‍ധന
തിരുവനന്തപുരം / August 24, 2021

ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.  ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്.

തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പ്പന 32,81,089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്‍റെ വര്‍ധന.
 
തൈര് വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനം വര്‍ധന.

സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു.

ഇതിനു പുറമേ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ളേവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി.

കോവിഡ് 19 മൂലമുണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വലിയ അളവില്‍ ഉത്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ മില്‍മയ്ക്കും മേഖല യൂണിയനുകള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സാധാരണക്കാരന് താങ്ങാവുന്ന വിലയും കൊണ്ട് ദശലക്ഷക്കണക്കിന് കുടുംബങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ മില്‍മയ്ക്കാകുന്നു.

Photo Gallery