ട്രാന്‍സാക്ഷണല്‍ അനാലിസിസ് വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് ഇന്ന് (ഡിസം.7) തുടക്കം

ട്രാന്‍സാക്ഷണല്‍ അനാലിസിസ് വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് ഇന്ന് (ഡിസം.7) തുടക്കം
Trivandrum / December 6, 2022

തിരുവനന്തപുരം: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യവും ചികിത്സാരീതികളും ചര്‍ച്ചചെയ്യുന്ന 49-ാമത് ട്രാന്‍സാക്ഷണല്‍ അനാലിസിസ് ദേശീയ സമ്മേളനത്തിന് ഇന്ന് (ഡിസംബര്‍ 7) തിരുവനന്തപുരത്ത് തുടക്കമാകും. 200 ഓളം വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 11 വരെ ശ്രീകാര്യം ഗാന്ധിപുരം മരിയാറാണി സെന്‍ററിലാണ് സമ്മേളനം.

കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് ആന്‍ഡ് ട്രാന്‍സാക്ഷണല്‍ അനാലിസിസും തിരുവനന്തപുരം ടി എ ചാപ്ടറും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൈക്കോളജി, ഇന്ത്യന്‍ തത്വചിന്ത, ആത്മീയത എന്നിവയെ കൂട്ടിയിണക്കിക്കൊണ്ടുള്ള ആഴത്തിലുള്ള പഠനമാണ് ഈ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. നാല് വിഭാഗങ്ങളിലുള്ള പ്രമേയാവതരണം സമ്മേളനത്തില്‍ ഉണ്ടാകും. കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി, വിദ്യാഭ്യാസം, സംഘടന എന്നീ വിഭാഗങ്ങളിലാണ് പ്രമേയങ്ങള്‍. സ്വയം വിലയിരുത്തല്‍, വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, മനുഷ്യവിഭവശേഷി കൈകാര്യം, അധ്യാപനം, തുടങ്ങി വിവിധ മേഖലയില്‍ ഒരാളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. 

വ്യക്തികളുടെ സ്വഭാവ പുരോഗതി സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ പറ്റിയ മാര്‍ഗമാണ് ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്ന് ഐസിടിഎ പ്രസിഡന്‍റ് പ്രകാശ് ചാണ്ടി പറഞ്ഞു. വ്യക്തികളുടെ മാനസികാരോഗ്യം സമൂഹത്തിന്‍റേതു കൂടിയാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ലോകം ഭാവി തലമുറയ്ക്ക് പ്രദാനം ചെയ്യാനും സാധിക്കും. ഒരാളുടെ സ്വഭാവരീതി പരിശോധിച്ചാല്‍ തന്നെ അയാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനാകും. വാക്കുകള്‍, പ്രവൃത്തി, ചേഷ്ടകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. ഇത്തരം സ്വഭാവ രീതികളില്‍ ശാസ്ത്രീയമായ മാറ്റം വരുത്തിയാല്‍ തന്നെ രണ്ട് പേര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹാരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാരീരികാസ്വാസ്ഥ്യം പോലെ തന്നെ പ്രധാനമാണ് മാനസികാസ്വാസ്ഥ്യവുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ 1950 കളില്‍ അമേരിക്കയിലാണ് ട്രാന്‍സാക്ഷണല്‍ അനാലിസിസ് രൂപം കൊണ്ടത്. പ്രശസ്ത സൈക്യാട്രിസ്റ്റായ കനേഡിയന്‍ ഡോക്ടര്‍ എറിക് ബേണാണ് ഇതിന്‍റെ ഉപജ്ഞാതാവ്. അമേരിക്കയില്‍ പോയി ഈ ചികിത്സാരീതി പഠിച്ച ഫാ. ജോര്‍ജ്ജ് കണ്ടത്തിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Photo Gallery