ഹഡില്‍ ഗ്ലോബല്‍' സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15ന് കോവളത്ത്

ദ്വിദിന സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / November 28, 2022

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ കരുത്തും ഊര്‍ജവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15, 16 തീയതികളില്‍ രാവിസ് കോവളം ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സമ്മേളനത്തിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകര്‍, നിക്ഷേപകര്‍, മാധ്യമ പ്രതിനിധികള്‍, ഉപഭോക്താക്കള്‍, മെന്‍റര്‍മാര്‍ എന്നിവരെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കാന്‍ സമ്മേളനം സഹായകമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും.  നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്കാഡമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ അഞ്ച് വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തിന്‍റെ ഭാഗമായുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ ഉല്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളുടെ മുന്നില്‍ അവതരിപ്പിക്കണം എന്നതു മുതല്‍ എങ്ങനെ അത് വിപണനം ചെയ്യണം എന്നു വരെയുള്ള കാര്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്നോളജി അധിഷ്ഠിത സംരംഭങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കും എത്തിച്ചേരുക അപ്രാപ്യമെന്നു കരുതുന്ന ഒരു അവസ്ഥ നിലവിലുണ്ടെന്നും ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അനൂപ് അംബിക   പറഞ്ഞു. ഗ്രാമീണമേഖലയില്‍ നിന്ന് പുതിയ കണ്ടുപിടുത്തങ്ങളുമായെത്തുന്ന സാധാരണക്കാരെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കും. മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പകുതിയോളം കമ്പനികളെ സുസ്ഥിര സംരംഭങ്ങള്‍ ആക്കി മാറ്റാനുള്ള ശ്രമമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍  മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.  
 
ടെക് ടോക്കുകള്‍, സ്റ്റാര്‍ട്ടപ്പ് ഡെമോ, ഫയര്‍സൈഡ് ചാറ്റ്, നിക്ഷേപകരുമായുള്ള സ്പീഡ് ഡേറ്റിംഗ്, ഇന്‍ഡസ്ട്രി ചലഞ്ച്, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സമ്മേളനത്തിന്‍റെ സവിശേഷതയാണ്. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിംഗ് മത്സരം സമ്മേളനത്തിന്‍റെ ആദ്യദിനം നടക്കും. 

ഡോ. ശശി തരൂര്‍, എം.പി, കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, കെഎസ്യുഎം സിഇഒ  അനൂപ് അംബിക,  ഇന്ത്യയിലെ സ്വിസ്നെക്സിന്‍റെ സിഇഒയും സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറലുമായ ജോനാസ് ബ്രണ്‍ഷ്വിഗ്, ഓസ്ട്രിയന്‍ എംബസിയിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ  ഹാന്‍സ്-ജോര്‍ഗ് ഹോര്‍ട്നാഗല്‍, മല്‍പാനി വെഞ്ചേഴ്സ് സ്ഥാപകന്‍ ഡോ. അനിരുദ്ധ മല്‍പാനി,  ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ സഹസ്ഥാപകയും സിഒഒയുമായ മേബല്‍ ചാക്കോ, ടിവിഎസ് ഹെഡ്-ഡിജിറ്റല്‍ ആന്‍ഡ് എഐ ഇന്നൊവേഷന്‍ അഭയ് ടണ്ടന്‍, യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, തമിഴ്നാട് ഐടി മന്ത്രി ടി. മനോ തങ്കരാജ് , മാട്രിമോണി.കോം സ്ഥാപകന്‍ മുരുകവേല്‍ ജാനകി രാമന്‍, യുണീകോണ്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ പ്രതീക് മഹേശ്വരി (ഫിസിക്സ് വാലാ), നീരജ് സിങ് (സ്പിന്നി), അനീഷ് അച്ചുതന്‍ (ഓപ്പണ്‍), നയ്യാ സാഗി (ഗുഡ് ഗ്ലാം ഗ്രൂപ്പ്) തുടങ്ങിയവര്‍ ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷകരായെത്തും.

മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം നിക്ഷേപകരും ഇരുന്നൂറിലധികം മെന്‍റര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. 2018 മുതല്‍ നടക്കുന്ന 'ഹഡില്‍ കേരള' യില്‍ 5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളില്‍ ഒന്നാണിത്. 

എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ് ടെക്, ഹെല്‍ത്ത് ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ - ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് /മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാനാകും.

പത്രസമ്മേളനത്തില്‍ കെഎസ്യുഎം ബിസിനസ് ഡെവലപ്മെന്‍റ് ഹെഡ് അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, കെഎസ്യുഎം പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്‍റ് മാനേജര്‍ അഷിത വിഎ എന്നിവരും പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക:  https://huddleglobal.co.in/


 

Photo Gallery