വിദ്യാര്‍ത്ഥികള്‍ക്കായുള്ള മില്‍മയുടെ പെയിന്‍റിംഗ്-ക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു

വിദ്യാര്‍ത്ഥികള്‍ക്കായുള്ള മില്‍മയുടെ പെയിന്‍റിംഗ്-ക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു
Trivandrum / November 22, 2022

തിരുവനന്തപുരം: ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ മുന്നോടിയായി മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു) ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വാട്ടര്‍ കളര്‍ പെയിന്‍റിംഗ് മത്സരത്തില്‍ കാര്‍മല്‍ ജി എച്ച് എസ് എസിലെ അലീന എ പി ഒന്നാംസ്ഥാനത്തിനു അര്‍ഹയായി.

ചിന്മയ വിദ്യാലയയിലെ ആദിത്യ രാജ്, മണക്കാട് ജി എച്ച് എസ് എസിലെ പാര്‍വതി എ ആര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിങ്കളാഴ്ച അമ്പലത്തറ ഡെയറിയില്‍ നടന്ന മത്സരത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 

ചൊവ്വാഴ്ച നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ നിന്നുള്ള 15 ടീമുകള്‍ പങ്കെടുത്തു. വെഞ്ഞാറമൂട് ജി എച്ച് എസ് എസിലെ സൗരവ് എസ് എസ്, അശ്വിന്‍ വി ജെ  അടങ്ങിയ ടീം ഒന്നാംസ്ഥാനത്തെത്തി. നേമം വി വി എച്ച് എസ് എസിലെ വേണി എം നായര്‍, അദ്വൈത് .എ ടീം രണ്ടാംസ്ഥാനവും  നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ററി സ്കൂളിലെ മിഥുന്‍ ഡി. പി , ധനജയ് കൃഷ്ണ ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യയുടെ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നത്.

"കുട്ടികള്‍ വരച്ച ഭൂരിഭാഗം ചിത്രങ്ങളും കര്‍ഷകരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തിയതാണ് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ പ്രാഥമിക സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ക്ഷീരമേഖലയെ നിലനിര്‍ത്തുന്നതില്‍ കര്‍ഷകര്‍ക്കുള്ള വലിയ  പങ്കിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ബോധ്യമുണ്ടെന്നാണ് ഇതിലൂടെ മനസിലാകുന്നത്." ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ പറഞ്ഞു.

ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ 25, 26 തീയതികളില്‍ അമ്പലത്തറയിലെ തിരുവനന്തപുരം ഡെയറിയില്‍ മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാല്‍ ഡെയറിയില്‍ പാസ്ചറൈസ് ചെയ്ത് രോഗാണുമുക്തമാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കണ്ട് മനസ്സിലാക്കാം. മില്‍മ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, സംഭാരം തുടങ്ങിയവ നിര്‍മ്മിക്കുന്നതും കാണാം. മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനും ഈ ദിവസങ്ങളില്‍ അവസരമുണ്ട്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 24 ന് ഉച്ചയ്ക്ക് 12നു പട്ടം ക്ഷീരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
   

 

Photo Gallery

+
Content
+
Content