മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുക്കണം: എസ്.ഡി. ഷിബുലാല്‍

മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുക്കണം: എസ്.ഡി. ഷിബുലാല്‍
Trivandrum / November 18, 2022

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ ഇടം സൃഷ്ടിക്കാനാകണമെന്ന് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്-ഇന്ത്യയുടെ സ്ഥാപകന്‍  എസ്.ഡി. ഷിബുലാല്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ ലഹരി വിരുദ്ധ പ്രചാരണങ്ങളില്‍ ഉത്തരവാദിത്തത്തോടെ സജീവമായി പങ്കെടുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. ലക്ഷ്യബോധത്തോടെ ഇതിനായി പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ഒഡിസി, ഡബ്ല്യുഎഫ്എഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്‍റെ സമാപനസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനെ പ്രതിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന തലങ്ങളിലെ പ്രതിരോധ നടപടികള്‍ ആവശ്യമാണ്. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍  കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും അവരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുകയും പുതിയ നയങ്ങള്‍ കൊണ്ടുവരികയും വേണം. കുട്ടികളിലെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണമെന്നും അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തരാക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പുറമെ വിദ്യാഭ്യാസം, വിനോദം എന്നിവ ഉറപ്പാക്കാന്‍ കഴിയണം. മയക്കുമരുന്ന് പ്രതിരോധ പരിപാടികള്‍ തുടങ്ങുന്നതിലും നടപ്പാക്കുന്നതിലും യുവാക്കള്‍ പങ്കാളികളാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
സമ്മേളനത്തില്‍ പങ്കെടുത്ത യുവപ്രതിനിധികള്‍ വിവിധ തലങ്ങളില്‍ ലഹരി ഉപയോഗം തടയുന്നതിനായുള്ള പ്രചാരണങ്ങളില്‍ സജീവമായി ഇടപെടുന്നതിനുള്ള പ്രഖ്യാപനം നടത്തി.
കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിലെ വര്‍ധനവ് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനായി ലഹരിയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിക്കാന്‍ സര്‍ക്കാരിനാകണം. യുവാക്കളുടെ പ്രവാസവും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് വിപത്തിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാകുന്നതിനൊപ്പം ഘടനാപരമായ മാറ്റങ്ങളും അനിവാര്യമാണെന്ന് കേരള സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  ലിഡ ജേക്കബ് ഐഎഎസ് പറഞ്ഞു. മാതാപിതാക്കളുടെ ശ്രദ്ധക്കുറവു  കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് പിന്നിലെ പ്രധാന കാരണമാണ്. ലഹരിമരുന്ന് പ്രശ്നം ഇല്ലാതാക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സ്കൂളുകള്‍ക്ക് കഴിയുന്നില്ല. യുവാക്കളെയും മാതാപിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഇതിനായി ബോധവത്കരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പ്രാദേശിക സമൂഹത്തിന്‍റെ പങ്ക് നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി.വിജയരാഘവന്‍ മോഡറേറ്ററായിരുന്നു. 

എഫ്ഡബ്ല്യുഎഫ്-ഇന്ത്യ ഡയറക്ടര്‍ സി.സി. ജോസഫ് വേണ്ട പദ്ധതിയിലെ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനത്തെ ഓരോ ജില്ലയിലും ശരാശരി 5,681 പേര്‍ മയക്കുമരുന്നിന് അടിമകളാണ്. ഓരോ ദിവസവും 280 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മയക്കുമരുന്നിന് അടിമയാകുന്ന കുട്ടികളുടെ ഉത്തരവാദിത്തം എഫ്ഡബ്ല്യുഎഫ് ഏറ്റെടുക്കുന്ന സംസ്കാരമാണുള്ളത്. കുട്ടിയെ മാത്രം  ഉത്തരവാദിയാക്കുന്ന സമീപനം ഇല്ലാതാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയ്ക്കടിമയായ യുവത്വത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലും ലഹരിവിമുക്ത ചികിത്സയിലും സംഗീതം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന ഗായകനും സംഗീത സംവിധായകനുമായ അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു. തമിഴ് സിനിമയിലെ തന്‍റെ ഹിറ്റ് ഗാനം ആലപിച്ച അല്‍ഫോണ്‍സ് സമ്മേളനത്തിനെത്തിയവരെ ആവേശത്തിലാക്കി.
ഇന്ത്യയിലും വിദേശത്തും നിന്നുള്ള യുവപ്രതിനിധികള്‍ മൂന്നു ദിവസത്തെ പരിപാടിയെക്കുറിച്ചുള്ള അവരുടെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ചു.

Photo Gallery

+
Content