മയക്കുമരുന്ന് ദുരുപയോഗം നേരിടാന്‍

'ഐസ്ലാന്‍ഡിക് മോഡല്‍' മികച്ച മാതൃകയെന്ന് ആഗോള സമ്മേളനം
Trivandrum / November 18, 2022

തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ  ആഗോളതലത്തില്‍ പ്രശസ്തമായ 'ഐസ്ലാന്‍ഡിക് മോഡലിന്‍റെ' വന്‍ വിജയത്തില്‍ ഒരു മാന്ത്രികവിദ്യയുമില്ലെന്നും സമഗ്രവും സുസ്ഥിരവുമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് സുപ്രധാനമെന്നും ഐസ്ലാന്‍ഡിലെ പ്ലാനറ്റ് യൂത്ത് ചീഫ് നോളജ് ഓഫീസര്‍ മാര്‍ഗരറ്റ് ലില്‍ജ ഗുമണ്ട്സ്ഡോട്ടിര്‍ പറഞ്ഞു. 'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടക്കുന്ന ത്രിദിന ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കാന്‍ രാജ്യങ്ങള്‍ തീവ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മാര്‍ഗരറ്റ് ലില്‍ജ പറഞ്ഞു. 


യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്ഡബ്ല്യുഎഫ്) ആണ് സമ്മേളനം  സംഘടിപ്പിച്ചിട്ടുള്ളത്. 
'ഐസ്ലാന്‍ഡിക് മോഡല്‍' വെറുമൊരു മാതൃക മാത്രമല്ലെന്നും ഒരു രീതിശാസ്ത്രവും ആശയവിനിമയ മാര്‍ഗവുമാണെന്ന് മാര്‍ഗരറ്റ് ലില്‍ജ പറഞ്ഞു. പ്രതിരോധം പ്രചാരണത്തില്‍ അവസാനിക്കേണ്ടതല്ലെന്നും സുസ്ഥിരമായിരിക്കണമെന്നും ഇത് കാണിക്കുന്നു. ഗവേഷണം, നയം, പ്രയോഗം എന്നിവയില്‍ ചര്‍ച്ച സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് ഐസ്ലാന്‍ഡിക് മോഡലിലെ പ്രധാന നടപടികളിലൊന്ന്. രക്ഷാകര്‍തൃ നിരീക്ഷണം, സാമൂഹിക തലം, ദേശീയ തലം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക തലത്തില്‍ ഔപചാരികവും അല്ലാത്തതുമായ ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


2022 സെപ്തംബറില്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടിനും നാലിനും ഇടയ്ക്ക് പ്രായമുള്ള ഏകദേശം 300 ദശലക്ഷം കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യം അനുഭവിക്കുന്നവരാണെന്ന് ഇറ്റലിയിലെ കമ്മ്യൂണിറ്റി സാന്‍ പാട്രിഗ്നാനോ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് മേധാവി മോണിക്ക ബര്‍സാന്‍റി പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിലൂടെ ദുര്‍ബലരായവരെ തിരിച്ചറിയുകയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയുമാണ് ചെയ്യുന്നതെന്ന് യുഎസ്സിലെ കാള്‍ട്ടണ്‍ ഹാള്‍ കണ്‍സള്‍ട്ടന്‍സി പ്രസിഡന്‍റും സിഇഒയുമായ കാള്‍ട്ടണ്‍ ഹാള്‍ പറഞ്ഞു. 


മയക്കുമരുന്ന് ആസക്തിയുടെ മൂലകാരണം തിരിച്ചറിയുന്നതിനൊപ്പം ശരിയായ പ്രോട്ടോക്കോളും ആവശ്യമാണെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി പറഞ്ഞു. 'മയക്കുമരുന്ന് വിതരണവും ലഭ്യതയും കുറയ്ക്കുന്നതിനുള്ള പ്രതിരോധ പ്രോട്ടോക്കോളിന്‍റെ ആവശ്യകത' എന്ന വിഷയത്തില്‍ നടന്ന പാനല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ലഹരിവസ്തുക്കളുടെ ദുരുപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലെ ശരിയായ നടപടിയാണ് പ്രതിരോധ വിദ്യാഭ്യാസമെന്ന് ഇവൈജിഡിഎസ് ഇന്ത്യ ലൊക്കേഷന്‍ ലീഡര്‍ റിച്ചാര്‍ഡ് ആന്‍റണി പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വിധത്തില്‍ സ്കൂള്‍ പാഠ്യപദ്ധതി കൂടുതല്‍ കരുത്തുറ്റതാക്കണമെന്ന് ഉഗ്രവേദന്‍ ഫൗണ്ടേഷന്‍-ഇന്ത്യ ഡയറക്ടര്‍ ഡോ.ധരവ് ഷാ ആവശ്യപ്പെട്ടു.
 

Photo Gallery

+
Content
+
Content