18-25 വയസ്സിലുള്ളവരിലെ ലഹരി ഉപയോഗം കടുത്ത വെല്ലുവിളി- വിദഗ്ധര്‍

18-25 വയസ്സിലുള്ളവരിലെ ലഹരി ഉപയോഗം കടുത്ത വെല്ലുവിളി- വിദഗ്ധര്‍
Trivandrum / November 18, 2022

തിരുവനന്തപുരം: പതിനെട്ടിനും ഇരുപത്തഞ്ചിനും പ്രായത്തിനിടയിലുള്ള യുവാക്കളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭാ സഹകരണത്തോടെ നടന്ന ലഹരി വിമുക്ത സെമിനാറില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിയമപരമായി പ്രായപൂര്‍ത്തിയായെങ്കിലും 25 വയസ്സുവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നതാണ് ഇവരെ ലഹരിയുടെ കാര്യത്തില്‍ ദുര്‍ബലരാക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം നേരിടുന്ന വെല്ലുവിളിയാണ് 18-25 പ്രായപരിധിയിലുള്ളവരിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യുകയെന്നത്. പ്രായപൂര്‍ത്തിയാകുന്നതോടെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ നിന്നും ഇവര്‍ പൂര്‍ണമായും മോചിതരാകും. ലഹരി മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉയര്‍ന്നു വരുന്നതോടെ പെട്ടന്ന് ലഭിക്കുന്ന മുന്തിയ വരുമാനത്തിനായി പഠിത്തം ഉപേക്ഷിക്കും. കച്ചവടത്തില്‍ നിന്ന് ക്രമേണ ഉപയോഗത്തിലേക്കും കടക്കുന്ന ഇവര്‍ തിരിച്ചറിവാകുമ്പോഴേക്കും ജീവിതത്തില്‍ നിന്ന് പൂര്‍ണമായി അകന്നു പോകുമെന്ന് ലോകപ്രശസ്ത വനിതാ സംഘടനയായ വിമന്‍ വിത്തൗട്ട് ബോര്‍ഡറിന്‍റെ സ്ഥാപക ഈഡിത്ത് ഷ്ളാഫര്‍ ചൂണ്ടിക്കാട്ടി.

അടുത്ത പത്തു വര്‍ഷം കൂടിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ പകുതി ജനസംഖ്യ ചെറുപ്പക്കാരാകുമെന്ന് അവര്‍ പറഞ്ഞു. ഇത് ശുഭകരമായ കാര്യമാണെങ്കിലും അതുണ്ടാക്കാവുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞ് തടയുന്നതിനാവശ്യമായ നടപടികള്‍, നയരൂപീകരണം, കൂടിയാലോചനകള്‍ എന്നിവ സര്‍ക്കാര്‍ തലത്തിലും സാമൂഹ്യതലത്തിലും ഉയര്‍ന്നു വരണം. ചെറുപ്രായത്തില്‍ തന്നെ ലഹരി സംബന്ധിയായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്വയം തിരുത്താനവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരക്കാരോട് സഹാനുഭൂതിയോട് പെരുമാറിയാല്‍ മാത്രമേ അവരെ തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകൂ അന്താരാഷ്ട്ര തലത്തിലെ സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.

ഈ പ്രായപരിധിയിലുള്ള യുവാക്കളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ഏറ്റവും എളുപ്പമുള്ള വഴി മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളെ ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം(യുഎന്‍ഒഡിസി) ദക്ഷിണേഷ്യാ പ്രതിനിധി മാര്‍കോ ടെഷീറ ചൂണ്ടിക്കാട്ടി. വീരാരാധനയുടെ ഭാഗമായാണ് പലരും ഈ പ്രായത്തില്‍ അക്രമി സംഘങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു ബദലായി യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങളെ സഹകരിപ്പിച്ച് ലഹരി വിമോചന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കണം. ഇതിനായി സര്‍ക്കാര്‍ സംവിധാനം ഒരുക്കുകയാണെങ്കില്‍ നിരവധി സെലിബ്രറ്റികള്‍ ഇതുമായി സഹകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

Photo Gallery

+
Content
+
Content