കേരള ഫീഡ്‌സ് കാലിത്തീറ്റയ്ക്ക് വില കൂട്ടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

കൊച്ചി / September 5, 2021

 കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് വില കൂട്ടിയെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കമ്പനി അറിയിച്ചു. ജനപ്രീതിയുള്ള കാലിത്തീറ്റയായ കേരള ഫീഡ്‌സ് എലൈറ്റിനു സമാനമായ സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയേക്കാള്‍ നിലവില്‍ 95 രൂപ വിലകുറവുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ബി ശ്രീകുമാര്‍ വ്യക്തമാക്കി.


മറ്റൊരു സ്വകാര്യ കമ്പനിയുടെ പേരിലുള്ള കാലിത്തീറ്റ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെയാണെന്ന് തെറ്റിദ്ധരിച്ചാണ്  മാധ്യമ വാര്‍ത്ത വന്നത്. എലൈറ്റ്, മിടുക്കി, ഡയറി റിച്ച് പ്ലസ്, എന്നീ പേരുകളിലാണ് കേരള ഫീഡ്സിന്റെ  കാലിത്തീറ്റ വിപണിയില്‍ ഇറങ്ങുതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.


കൊവിഡ് മഹാമാരി  മൂലമുള്ള പ്രതിസന്ധിയെ  തുടര്‍ന്ന് ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി  2020 മെയ്  മാസം മുതല്‍ കേരള ഫീഡ്സ് തുടര്‍ച്ചയായി കാലിത്തീറ്റയ്ക്ക് വിലകിഴിവ് നല്‍കി വരികയാണ് ചെയ്തിട്ടുള്ളത്. ഈ വിലക്കിഴിവ് 2021 ജൂൺ അവസാന വാരം  വരെ തുടര്‍ന്നുവന്നിരുന്നു. സ്വകാര്യ കാലിത്തീറ്റ നിര്‍മാതാക്കള്‍ ഈ കാലഘട്ടത്തില്‍ പല തവണ കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചിട്ടും ഭീമമായ ഉത്പാദന ചെലവുമൂലമുള്ള നഷ്ടം കണക്കിലെടുക്കാതെ സര്‍ക്കാര്‍ സ്ഥാപനമെന്ന സാമൂഹിക പ്രതിബദ്ധത മുന്‍നിറുത്തി വിലക്കിഴിവ് തുടര്‍ന്ന് വരികയായിരുന്നു.  ഇപ്പോഴും ഈ  വിലക്കിഴിവ് കമ്പനി പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടില്ല.


കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് ചാക്കൊന്നിന് 400 രൂപ സബ്സിഡി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയിലൂടെയുള്ള കാലിത്തീറ്റ വിതരണവും കേരള ഫീഡ്‌സ് നിലവില്‍ നടത്തി വരുന്നുണ്ട്. ഗുണമേന്മയുള്ള കാലിത്തീറ്റകളില്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ  വിലയ്ക്കാണ് കേരള ഫീഡ്സ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുതെന്നും ഡോ. ശ്രീകുമാര്‍ പറഞ്ഞു. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റകള്‍  ചാക്കൊന്നിന് 50 രൂപ വരെ വിലക്കിഴിവ്  നല്‍കിയാണ് കമ്പനി വിപണിയില്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery