ലഹരി ദുരുപയോഗം: കുട്ടികളെ രക്ഷിക്കാന്‍ സംവിധാനങ്ങളെ യോജിപ്പിക്കണം-കുമാരി ഷിബുലാല്‍

ലഹരി ദുരുപയോഗം: കുട്ടികളെ രക്ഷിക്കാന്‍ സംവിധാനങ്ങളെ യോജിപ്പിക്കണം-കുമാരി ഷിബുലാല്‍
Trivandrum / November 16, 2022

തിരുവനന്തപുരം:  മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ഏതൊരു പ്രചാരണവും വിജയിക്കുന്നതിന് സമൂഹത്തിലെ എല്ലാ സംവിധാനങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ബഹുമുഖ സമീപനം അത്യന്താപേക്ഷിതമാണെന്ന് ഷിബുലാല്‍ ഫാമിലി ഫിലാന്‍ത്രോപിക് ഇനിഷ്യേറ്റീവ് ചെയര്‍പേഴ്സണ്‍ കുമാരി ഷിബുലാല്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ്, പൗരസമൂഹം, രക്ഷിതാക്കള്‍, സ്കൂള്‍ -കോളേജ് അധികൃതര്‍, വിദ്യാര്‍ത്ഥികള്‍, ലഹരിയ്ക്ക് ഇരയായവര്‍ എന്നിവരെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരണം . എല്ലാവരും ഒരുമിച്ച് ഉണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ  പഴുതുകളില്ലാതെ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടികളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മാതാപിതാക്കളുടേയും പങ്ക് വലുതാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം പോലെ ഓരോ കുട്ടിക്കും മയക്കുമരുന്ന് രഹിത ബാല്യം സ്വന്തമാക്കാനുള്ള അവകാശമുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് എങ്ങനെ അവരുടെ അവകാശം ഉറപ്പ് വരുത്താം എന്നതാണ് പ്രധാനമെന്നും കുമാരി ഷിബുലാല്‍ പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സമൂഹത്തിന്‍റെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയും വേണം. മയക്കുമരുന്ന് കടത്തുന്നവര്‍ക്കും കുട്ടികള്‍ക്ക് ഇത് വില്‍ക്കുന്നവര്‍ക്കുമുള്ള പിഴയും ശിക്ഷയും കര്‍ശനമാക്കണം. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ കേരളത്തിലെ 'വേണ്ട'പദ്ധതി പ്രചാരണത്തിന്‍റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ലഹരിയ്ക്കെതിരേ പൊരുതാന്‍ സ്കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ബോധവല്ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടുത്തണം. ഇതിലൂടെ സ്കൂളുകളില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനും അവരെ തടയാനും സാധിക്കും. മാതാപിതാക്കളില്‍ നിന്നുള്ള സ്നേഹപൂര്‍വമായ ഇടപെടല്‍ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നു കുട്ടികള്‍ക്ക് പിന്മാറാനുള്ള സാഹചര്യമൊരുക്കുമെന്നും കുമാരി ഷിബുലാല്‍ പറഞ്ഞു.

ചടങ്ങില്‍ 'ചില്‍ഡ്രന്‍ മാറ്റര്‍' ജേര്‍ണല്‍ പ്രകാശനം ചെയ്തു. യുഎന്‍ ഡ്രഗ് ആന്‍ഡ് ക്രൈം ഓഫീസ് ഏഷ്യയുടെ (യുഎന്‍ഒഡിസി), ദക്ഷിണേഷ്യന്‍ പ്രതിനിധി മാര്‍ക്കോ ടെക്സിയേറ, വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് ഇന്‍റര്‍നാഷണല്‍ (ഡബ്ല്യുഎഫ്എഡി) പ്രസിഡന്‍റ് ആമി റോണ്‍ഷൗസെന്‍, ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഇന്ത്യ ഡയറക്ടര്‍ സി സി ജോസഫ്,  ഉപദേശകന്‍ രാജാ ഷണ്‍മുഖം, ഫൗണ്ടേഷന്‍ കാറ്റലിസ്റ്റ് ശാലിനി ജോര്‍ജ് എന്നിവരും സംസാരിച്ചു.
യുഎന്‍ഒഡിസി, ഡബ്ല്യുഎഫ്എഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലഹരിവിമുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ  വേണ്ട' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്നതാണ്.


 

Photo Gallery

+
Content
+
Content