ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍ കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍

ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍ കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍
Trivandrum / November 16, 2022

തിരുവനന്തപുരം: ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറായ ചില്‍ഡ്രന്‍ മാറ്ററിന്‍റെ പ്രധാന വേദിയ്ക്ക് മുന്നില്‍ ഏവരെയും സ്വാഗതം ചെയ്യുന്നത് അവ്യക്തമായി നൂലില്‍ കെട്ടിത്തൂക്കിയിട്ട കുഞ്ഞുങ്ങളുടെ ഫോട്ടോകളാണ്. അവിടെ നിന്നും പന്ത്രണ്ടടി മാറിയുള്ള കസേരയിലിരുന്ന് അതിലേക്ക് നോക്കിയാല്‍ ചില്‍ഡ്രണ്‍ മാറ്റര്‍ എന്ന് ചിട്ടയായ ഇംഗ്ലീഷിലെഴുതിയിരിക്കുന്നത് കാണാനാകും. 

ഫൗണ്ടേഷനിലെ ചെറുപ്പക്കാര്‍ ചേര്‍ന്നാണ് മനോഹരമായ ഈ അനാമോര്‍ഫി കലാസൃഷ്ടിയിലൂടെ സെമിനാറിന്‍റെ സന്ദേശം കാണികളിലേക്കെത്തിക്കുന്നത്. അവ്യക്തമായ വസ്തുക്കളെ ഒരു പ്രത്യേക കോണിലൂടെ നോക്കുമ്പോള്‍ കലാസൃഷ്ടി വ്യക്തമായി വരുന്നതാണ് അനാമോര്‍ഫി.

ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ നടക്കുന്ന സെമിനാറിന്‍റെ പ്രമേയം സംബന്ധിച്ച ഒരു ബാനര്‍ വേണമെന്ന് മാത്രമാണ് സംഘാടകരായ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സിസി ജോസഫ് തന്‍റെ സംഘാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍ കുട്ടികള്‍ക്ക് മനസിലാകുന്ന, അവരുടെ കാഴ്ചപ്പാടിലുള്ള വ്യത്യസ്തമായ ഒന്ന് വേണമെന്ന ചിന്തയില്‍ നിന്നാണ് അനാമോര്‍ഫിയിലേക്ക് എത്തിയതെന്ന് ഇതൊരുക്കിയ സംഘത്തിലുള്ള രോഹിത് ചേലാട്ട് പറഞ്ഞു. 

എന്ത് ഫോട്ടോകള്‍ വേണമെന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് രോഹിത് പറഞ്ഞു. എല്ലാം ഫൗണ്ടേഷനിലെ ജീവനക്കാരുടെ കുട്ടിച്ചിത്രങ്ങളാണ്. ഇവയെല്ലാം ഒരേ രൂപത്തില്‍ വെട്ടിയെടുത്ത് വെള്ളനൂലുകളില്‍ കോര്‍ത്താണ് ഇത് രൂപപ്പെടുത്തിയത്. രാവിലെ തുടങ്ങിയ ജോലി തീര്‍ന്നപ്പോള്‍ രാത്രി പന്ത്രണ്ട് മണിയായെന്നും രോഹിത് പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര പ്രതിനിധികളുള്‍പ്പെടെ ഈ കലാസൃഷ്ടിയ്ക്ക് മുന്നിലിരുന്ന് സെല്‍ഫി എടുക്കുന്നതില്‍ തിരക്ക് കൂട്ടി. ചെറുപ്പക്കാരുടെ വീക്ഷണത്തിലൂടെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ വ്യത്യാസം ഈ കലാസൃഷ്ടിയിലൂടെ വ്യക്തമായെന്ന് സി സി ജോസഫ് പറഞ്ഞു. ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്ക് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Photo Gallery

+
Content