'ലഹരിവിമുക്ത ബാല്യം' അന്താരാഷ്ട്ര സമ്മേളനത്തില്‍ ഐസ്ലാന്‍ഡിക്ക് മോഡല്‍ ചര്‍ച്ചയാകും

ഐസ്ലാന്‍ഡിക്ക് മോഡലിന്‍റെ പ്രചാരകന്‍ ഡോ.ഹാര്‍വി മില്‍ക്ക്മാന്‍ പങ്കെടുക്കും
Trivandrum / November 13, 2022

തിരുവനന്തപുരം: ലഹരിക്കടിമപ്പെട്ട കൗമാരപ്രായക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഗോളതലത്തിലെ ശ്രദ്ധേയ പഠനമാതൃകയായ ഐസ്ലാന്‍ഡിക്ക് മോഡല്‍ 'ലഹരിവിമുക്ത ബാല്യം' എന്ന വിഷയത്തില്‍ നവംബര്‍ 16 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ ചര്‍ച്ചയാകും. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.


ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കായിക വിനോദങ്ങളിലൂടെയും അവര്‍ക്ക് ഇഷ്ടപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ഐസ്ലാന്‍ഡിക്ക് മോഡല്‍. ഐസ്ലാന്‍ഡിക് മോഡല്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ച യുഎസ്എയിലെ മെട്രോപൊളിറ്റന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഡെന്‍വറിലെ എമെറിറ്റസ് പ്രൊഫസര്‍ ഡോ.ഹാര്‍വി മില്‍ക്ക്മാന്‍, പ്ലാനറ്റ് യൂത്തിന്‍റെ ചീഫ് നോളജ് ഓഫീസര്‍ മാര്‍ഗരറ്റ് ലില്‍ജ എന്നിവര്‍ സമ്മേളനത്തിലെ സെഷനുകളില്‍ സംസാരിക്കും.


ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ 'പ്രൊജക്ട് വേണ്ട' (സേ നോ ടു ഡ്രഗ്സ്) കഴിഞ്ഞ എട്ട് വര്‍ഷമായി കേരളത്തില്‍ ഐസ്ലാന്‍ഡിക്ക് മോഡല്‍ അടിസ്ഥാനമാക്കി 'ആള്‍ട്ടര്‍നേറ്റീവ് പെര്‍സ്യൂട്ട്' എന്ന മാതൃക നടപ്പാക്കുന്നുണ്ട്. ഗവേഷണാടിത്തറയുള്ള ഈ മാതൃക കുട്ടികളുടെ പൊതുവായ അഭിരുചിയും, ദൈനംദിന ജീവിതവും, കുടുംബാന്തരീക്ഷവും, സാമൂഹിക സാമ്പത്തിക ചുറ്റുപാടും കണക്കിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.


കുട്ടികള്‍ക്കായുള്ള ശാക്തീകരണ പരിപാടികള്‍, ഫുട്ബോള്‍ പരിശീലനം, സമ്മര്‍ ക്യാമ്പ്, ഫുട്ബോള്‍ ടൂര്‍ണമെന്‍റായ 'വേണ്ട കപ്പ്', രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് 'പ്രൊജക്ട് വേണ്ട'യുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു കീഴിലുള്ള നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ (എന്‍എപിഡിഡിആര്‍) സര്‍വേ പ്രകാരം ലഹരിബാധിതരായ കൗമാരക്കാര്‍ ഏറ്റവുമധികമുള്ള ജില്ലകളിലാണ് 'പ്രൊജക്ട് വേണ്ട' പ്രവര്‍ത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നിലവിലെ പ്രവര്‍ത്തനം. 
കായികമത്സരങ്ങളിലുള്ള കഴിവിനേക്കാള്‍ കുട്ടികളുടെ താത്പര്യത്തിനാണ് 'ആള്‍ട്ടര്‍നേറ്റീവ് പെര്‍സ്യൂട്ട്' മാതൃക മുന്‍ഗണന നല്‍കുന്നത്. കായിക പരിശീലനത്തിനൊപ്പം മൂല്യങ്ങള്‍ കൂടി കുട്ടികളില്‍ വളര്‍ത്തുന്നതിനു ശ്രദ്ധ നല്‍കും. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവസരം സൃഷ്ടിക്കുക എന്നതിനാണ് ഊന്നല്‍. 


30 വര്‍ഷം മുമ്പ് യൂറോപ്പില്‍ ഏറ്റവുമധികം ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാര്‍ ഐസ്ലാന്‍ഡില്‍ ആയിരുന്നു. അപകടകരമായ ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഐസ്ലാന്‍ഡില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. 20 വര്‍ഷം കൊണ്ട് ഞെട്ടിക്കുന്ന മാറ്റമാണ് ഐസ്ലാന്‍ഡ് കൗമാരക്കാരില്‍ ഉണ്ടായത്. 1997 നും 2012 നും ഇടയില്‍ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്ന 15 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ശതമാനം 23 ല്‍ നിന്ന് 46 ആയി. ആഴ്ചയില്‍ കുറഞ്ഞത് നാല് തവണയെങ്കിലും കായിക മത്സരങ്ങളില്‍ പങ്കെടുത്തവരുടെ ശതമാനവും വര്‍ധിച്ചു. ഈ പ്രായത്തിലുള്ളവരുടെ സിഗരറ്റ്, മദ്യപാനം, കഞ്ചാവ് ഉപയോഗവും കുത്തനെ കുറഞ്ഞു. 


ലഹരിക്ക് അടിമപ്പെട്ട കുട്ടികളെ ചികിത്സയ്ക്ക് വിധേയമാക്കുകയാണെന്ന തോന്നല്‍ ഉളവാക്കാതെ സംഗീതം, നൃത്തം, ഹിപ്ഹോപ്പ്, കല, ആയോധന കലകള്‍ എന്നിങ്ങനെ ആഗ്രഹിക്കുന്ന എന്തും പഠിക്കാനുള്ള അവസരം നല്‍കിക്കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ വിജയമാതൃകയാണ് പിന്നീട് ഐസ്ലാന്‍ഡിക്ക് മോഡല്‍ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ പകര്‍ത്തപ്പെട്ടത്. ലഹരിമുക്തരായ കൗമാരക്കാരുടെ യൂറോപ്യന്‍ പട്ടികയില്‍ ഇപ്പോള്‍ ഐസ്ലാന്‍ഡാണ് ഒന്നാമത്. ഐസ്ലാന്‍ഡിക് മോഡല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 
 

Photo Gallery