യുഎന്‍സിആര്‍സി ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ 'ലഹരിവിമുക്ത ബാല്യം' വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം

യുഎന്‍സിആര്‍സി ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ 'ലഹരിവിമുക്ത ബാല്യം' വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം
Trivandrum / November 11, 2022

തിരുവനന്തപുരം:  യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്സ് ഓഫ് ദ ചൈല്‍ഡിന്‍റെ(യുഎന്‍സിആര്‍സി) ആര്‍ട്ടിക്കിള്‍ 33 നെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നയം രൂപീകരിക്കാനും നിയമനിര്‍മ്മാണം നടത്താനും നവംബര്‍ 16നു നഗരത്തില്‍ തുടങ്ങുന്ന ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ലക്ഷ്യമിടുന്നു. മയക്കുമരുന്ന് ഉപയോഗം, വ്യാപാരം എന്നിവയില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ആര്‍ട്ടിക്കിള്‍ 33. 

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ളിയുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ്(എഫ് ഡബ്ളിയു എഫ്) സമ്മേളനം  സംഘടിപ്പിക്കുന്നത്. ലഹരിവിമുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ വേണ്ട പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം 'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്നതാണ്. 

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളില്‍ ശ്രദ്ധയൂന്നുന്നതാണ് യുഎന്‍സിആര്‍സി യുടെ ആര്‍ട്ടിക്കിള്‍ 33 . ഇത് സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ലഹരി വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത അടിവരയിടുകയാണെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍  സി സി. ജോസഫ് പറഞ്ഞു. മൂന്ന് ദിവസത്തെ ചര്‍ച്ചകളിലൂടെ ലഹരിയില്‍ നിന്ന് കുട്ടികളെ പൂര്‍ണമായും രക്ഷിക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്ന കര്‍മ്മ പദ്ധതി രൂപീകരിക്കാനാകും. എല്ലാ വിഭാഗം ജനങ്ങളിലും ആര്‍ട്ടിക്കിള്‍ 33 നെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റേയും സര്‍ക്കാര്‍ നയം രൂപീകരിക്കേണ്ടതിന്‍റേയും മികച്ച രീതിയില്‍ നടപ്പാക്കേണ്ടതിന്‍റേയും പ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

"വേണ്ട" എന്ന പദ്ധതിയിലൂടെ കുട്ടികളെയും യുവാക്കളെയും മയക്കുമരുന്ന് വേണ്ട എന്ന് ഉറപ്പിച്ച് പറയാന്‍ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡയാന വിന്‍സെന്‍റ് പറഞ്ഞു കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന് എതിരായി ശാക്തീകരിക്കുന്നതിനും ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുമുള്ള  മികച്ച മാര്‍ഗങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യും. നിലവിലെ ദേശീയ ആക്ഷന്‍ പ്ലാന്‍ പ്രകാരം മയക്കുമരുന്നിന്‍റെ ഉപയോഗം വളരെയധികം കുറയ്ക്കേണ്ട കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 'വേണ്ട പദ്ധതി "നടപ്പിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്ന് ദുരുപയോഗം ഭീതിജനകമായി വര്‍ദ്ധിക്കുന്ന ഈ കാലയളവില്‍ യുഎന്‍സിആര്‍സി ആര്‍ട്ടിക്കിള്‍ 33 ന്‍റെ പ്രാധാന്യത്തെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സി സി. ജോസഫ് പറഞ്ഞു. ഇതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലഹരി വിമുക്ത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ശിശു കേന്ദ്രീകൃത പ്രതിരോധ പദ്ധതികള്‍, ചികിത്സാ മാനദണ്ഡങ്ങള്‍, ഡിഅഡിക്ഷന്‍ റീഹാബിലിറ്റേഷന്‍, കൗണ്‍സിലിംഗ് കെയര്‍, ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്താനാകും വിധം ആഗോള പങ്കാളിത്തത്തോടെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.1989-ല്‍ നടന്ന യുഎന്‍സിആര്‍സി യിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്കാന്‍ ലോക നേതാക്കള്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ജിവിതത്തില്‍ വളരെയധികം വെല്ലുവിളി നേരിടുന്ന ആഗോളസാഹചര്യത്തില്‍ അവരുടെ അവകാശങ്ങള്‍ക്ക് കടുത്ത ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിന്‍റെ പ്ലീനറി സെഷനുകളില്‍ ഡബ്ല്യുഎഫ്എഡി അന്താരാഷ്ട്ര പ്രസിഡന്‍റ് ആമി റോണ്‍ഷൗസെന്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വിദഗ്ധര്‍, യുവജന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 


11-14 വയസ്സിനിടയിലുള്ള കുട്ടികള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന് ഇരയാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയില്‍ 10-19 വയസ്സിനിടയിലുള്ള 253 ദശലക്ഷം കുട്ടികള്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് ഇരയാകുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കേസുകളില്‍ 125% ന്‍റെ ഭയാനകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

ലോക ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച് 2030 ആകുമ്പോഴേക്കും മയക്കുമരുന്ന് ഉപയോഗത്തില്‍ 11% വര്‍ദ്ധനവ് ഉണ്ടാകും. ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലായിരിക്കും കൂടുതല്‍ പ്രകടമാകുക.  ആകെ വര്‍ദ്ധനവിന്‍റെ 40% ഉം ഈ രാജ്യങ്ങളിലായിരിക്കും. ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍ ഏഷ്യയില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

    
    

Photo Gallery