ഗീതാഗോവിന്ദം കഥക് നൃത്താവിഷ്കാരം പൂര്‍ത്തിയാകുന്നു; സമ്പൂര്‍ണ നൃത്താവിഷ്കാരം ഇതാദ്യം

ഗീതാഗോവിന്ദം കഥക് നൃത്താവിഷ്കാരം പൂര്‍ത്തിയാകുന്നു; സമ്പൂര്‍ണ നൃത്താവിഷ്കാരം ഇതാദ്യം
Trivandrum / November 2, 2022

തിരുവനന്തപുരം: ജയദേവ കവി പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച ഗീതാഗോവിന്ദത്തിലെ 24 കാവ്യങ്ങളും കഥക് നൃത്തരൂപത്തിലേക്ക് സമന്വയിപ്പിക്കാനുള്ള പ്രശസ്ത നര്‍ത്തകി ഡോ. പാലി ചന്ദ്രയുടെ ശ്രമങ്ങള്‍ പൂര്‍ണതയിലേക്കെത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ നൃത്ത സപര്യയ്ക്കുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു സ്വിറ്റ്സര്‍ലാന്‍റിലെ സൂറിക്കില്‍ സ്ഥിരതാമസമാക്കിയ ഡോ. ചന്ദ്ര. സ്വരാജ്യത്തിന്‍റെ സാംസ്ക്കാരിക പൈതൃക സൃഷ്ടിയെ കഥക്കിലൂടെ പുഷ്ടിപ്പെടുത്താനുള്ള അവരുടെ ശ്രമം അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകാനൊരുങ്ങുകയാണ്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തുമുള്ള ഡോ.ചന്ദ്രയുടെ ഗുരുകുലത്തില്‍ നിന്നുള്ള 150 ല്‍പരം പേരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പുളിയറക്കോണത്തുള്ള മിയാവാക്കി (ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിര മിയാവാക്കി) വനമേഖലയാണ് ഇതിന്‍റെ ചിത്രീകരണത്തിനായി ഉപയോഗിച്ചു വരുന്നത്. ഗീതാഗോവിന്ദത്തില്‍ 40ല്‍പരം ചെടികളെ പ്രതിപാദിക്കുന്നത് കൂടി കണ്ടു കൊണ്ടാണ് ഇവിടം തന്നെ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്.
    
സ്റ്റേജിന് തൊട്ടടുത്താണ് ഈ ചെടികളും വൃക്ഷങ്ങളുമെന്ന് ലക്നൗ സ്വദേശിനിയായ ഡോ. ചന്ദ്ര പറഞ്ഞു. ആറ് വര്‍ഷം മുമ്പ് ഇത് തരിശ് ഭൂമിയായിരുന്നു. ഇന്ന് 400 ലധികം സസ്യവിഭാഗങ്ങളെ ഇതില്‍ വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഥക് നാട്യകലയിലെ പ്രമുഖരായ വിക്രമസിംഗ, കപില മിശ്ര എന്നിവരുടെ ശിക്ഷണത്തില്‍ പരിശീലനം നടത്തിയ നര്‍ത്തകി കൂടിയാണ് പാലി ചന്ദ്ര. ഈ പദ്ധതിയ്ക്കായി വിശദമായ ഓണ്‍ലൈന്‍ ക്ലാസുകളും അധ്യയനങ്ങളും നടത്തി വരികയാണവര്‍. നാട്യസൂത്രഓണ്‍ലൈനിലൂടെ ഗുരു-ശിഷ്യപരമ്പര തുടര്‍ന്നു കൊണ്ടു പോകുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. 2017 ല്‍ ആരംഭിച്ച ഈ നൃത്ത പരമ്പരയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ എം ആര്‍ ഹരിയാണ്. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍വിസ് മീഡിയയുടെ എം ഡി കൂടിയാണദ്ദേഹം. 1995 ല്‍ സ്ഥാപിതമായ ഇന്‍വിസിന്‍റെ ശാസ്ത്രീയ നൃത്ത ഓണ്‍ലൈന്‍ വേദിയാണ് ംംം.ചമ്യേമടൗൃമേഛിഹശില.രീാ.

ഇന്നത്തെ ഒഡിഷയില്‍ ജനിച്ച് ദക്ഷിണേഷ്യ മുഴുവന്‍ പ്രശസ്തിയാര്‍ജ്ജിച്ച കവിയാണ് ജയദേവന്‍. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനിയാട്ടം എന്നീ നൃത്ത രീതിയില്‍ ഗീതാഗോവിന്ദത്തിന്‍റെ ഭാഷ്യം രചിച്ചിട്ടുണ്ട്. അഷ്ടപദി രൂപത്തിലാണ് ഇത് നടത്തിയിട്ടുള്ളത്.

ഗീതാഗോവിന്ദത്തിലെ എല്ലാ ഗാനങ്ങളും ചരണങ്ങളും പൂര്‍ണമായി ഇതു വരെ ഒരു നൃത്ത രൂപത്തിലും ഉപയോഗിച്ചിട്ടില്ലെന്ന് ഡോ. ചന്ദ്ര പറഞ്ഞു. ഗീതാഗോവിന്ദത്തിന്‍റെ നൃത്തഭാഷ്യം കഥക്കില്‍ രചിക്കുന്നത് ശ്രമകരമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ചില സമയങ്ങളില്‍ കൃതിയിലെ ഒരു വാക്കിന്‍റെ പോലും അര്‍ഥം പൂര്‍ണരീതിയില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ലോകത്തിലെ പ്രശസ്തമായ അന്താരാഷ്ട്ര നൃത്തോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഡോ. ചന്ദ്ര. മൂന്ന് വന്‍കരകളിലെ വിവിധ രാജ്യങ്ങളിലായി ഗവേഷണം, നൃത്തസംവിധാനം, പരിശീലനം, ക്യാമ്പുകള്‍ എന്നിവ അവര്‍ നടത്തി വരുന്നുണ്ട്. 

ഈ കൃതിയുടെ നൃത്ത ദൃശ്യാവിഷ്ക്കാരത്തിന് മുഗള്‍ കാലഘട്ടം (1526-1857) ഏറെ സഹായം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സ്വദേശീയരും വിദേശീയരുമായ നിരവധി പേര്‍ ഗീതാഗോവിന്ദത്തെ ക്രോഡീകരിക്കാനും വ്യാഖ്യാനിക്കാനും പരിഭാഷപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിന് ചെറുതെങ്കിലും നിരവധി വകഭേദങ്ങളും ഉണ്ടായി. മൂലകൃതിയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന വകഭേദമാണ് കഥക്കിനായി തെരഞ്ഞെടുത്തതെന്നും ഡോ. ചന്ദ്ര പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായക സംഘമാണ് ഇതിന്‍റെ റെക്കോര്‍ഡിംഗിനായി എത്തിയത്. മ്യൂസിക് കമ്പോസിംഗ് ബി ശിവരാമകൃഷ്ണ റാവുവും കീബോര്‍ഡ് വെങ്കി സി യുമാണ് നിര്‍വഹിച്ചത്. നിര്‍മ്മാണം ഇന്‍വിസിന്‍റെ നൂറംഗ സംഘവും ഏറ്റെടുത്തു.  നാട്യസൂത്ര ഓണ്‍ലൈനിന്‍റെ സിഇഒ അനിത ജയകുമാറാണ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍.

ഗീതാഗോവിന്ദത്തിന്‍റെ ഉള്ളടക്കത്തിന്‍റെ ഘടന ഏറെ താത്പര്യം ജനിപ്പിക്കുന്നതാണെന്ന് ഡോ. ചന്ദ്ര പറഞ്ഞു. ഗാനങ്ങളുടെ ഉള്ളടക്കം ഭാഷയിലൂടെയും നൃത്തത്തിലൂടെയുമാണ് കാഴ്ചക്കാരിലേക്കെത്തിക്കുന്നത്. ഉള്ളടക്കവും നൃത്തരീതിയും ഗുരു പഠിപ്പിച്ചു നല്‍കുന്നതിനോടൊപ്പം അത് അവതരിപ്പിക്കുന്നതില്‍ നര്‍ത്തകരെ സഹായിക്കുകയും ചെയ്യുന്നു. ഗീതാഗോവിന്ദത്തിന്‍റെ കാവ്യാത്മകഭംഗിയും സാഹിത്യ പുഷ്ടിയും പൂര്‍ണമായും നൃത്തരൂപത്തിലൂടെ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഗോകുലത്തിലെ രാധയെ വിശദമായി ഇതിലൂടെ വര്‍ണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഗീതാഗോവിന്ദത്തിന്‍റെ കോഫി ടേബിള്‍ ബുക്കും സംഘാടകര്‍ ഒരുക്കുന്നുണ്ട്. വി എസ് സുധീര്‍, കെ കെ ബൈജു എന്നിവരുടെ ചുവര്‍ ചിത്രങ്ങളുള്‍പ്പെടുത്തി ഡോ. രാധിക മേനോനാണ് ഇത് തയ്യാറാക്കുന്നത്.
 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content