ടൂറിസം ക്ലബ്ബ് റീല്‍സ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു

ടൂറിസം ക്ലബ്ബ് റീല്‍സ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
Trivandrum / November 1, 2022

തിരുവനന്തപുരം: ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് ടൂറിസം ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ റീല്‍സ് മത്സരത്തിന്‍റെ വിജയികളെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നുള്ള അസ്ലിന്‍ എന്‍. (എന്‍ട്രി നമ്പര്‍ 62) ഒന്നാം സ്ഥാനവും, തിരുവനന്തപുരം സ്വദേശി വൈശാഖ് എ എല്‍ (എന്‍ട്രി നമ്പര്‍ 21) രണ്ടാം സ്ഥാനവും, വയനാട്ടില്‍ നിന്നുള്ള ആല്‍ബിന്‍ മാത്യു (എന്‍ട്രി നമ്പര്‍ 11) മൂന്നാം സ്ഥാനവും നേടി. 
ടൂറിസം വകുപ്പിന് കീഴില്‍ ആരംഭിച്ച ടൂറിസം ക്ലബ്ബ് വിനോദസഞ്ചാര മേഖലയുടെ പ്രചരണത്തിനായി ഒരുക്കിയ വ്യത്യസ്തമായ പരിപാടിയാണ് റീല്‍സ് മത്സരം. മന്ത്രി പി എ  മുഹമ്മദ് റിയാസിന്‍റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.


വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനത്തിനും വികസനത്തിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ടൂറിസം ക്ലബ്ബ്   വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. കേരളത്തില്‍ ഇനിയും ടൂറിസ്റ്റുകള്‍ എത്തിപ്പെടാത്ത വിവിധ ഡെസ്റ്റിനേഷനുകള്‍ ജനങ്ങളെ അറിയിക്കുന്നതിന് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തിയ റീല്‍സ് മത്സരം സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ആരംഭിച്ച മത്സരം ഒക്ടോബര്‍ അഞ്ചിന് അവസാനിച്ചു. കേരളത്തിലെ വിവിധ ടൂറിസ്റ്റ്  ഡെസ്റ്റിനേഷനുകള്‍, കല, സംസ്കാരം, ഭക്ഷണവൈവിധ്യം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മത്സരം നടത്തിയത്. 92 റീല്‍സുകളാണ് മത്സരത്തില്‍ ലഭിച്ചത്. ഇതില്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചവയില്‍ നിന്ന് ജഡ്ജിംഗ് പാനല്‍ വിജയികളെ തെരഞ്ഞെടുത്തു.
 

Photo Gallery