കേരളത്തെ ലൈഫ് സയന്‍സസ് നിക്ഷേപ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടി ബയോകണക്ട് 4.0

Trivandrum / October 8, 2026

തിരുവനന്തപുരം: കേരളത്തെ ലൈഫ് സയന്‍സ് മേഖലയിലെ പ്രധാന നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര ലൈഫ് സയന്‍സസ് എക്സ്പോ ആന്‍റ് ഇന്‍ഡസ്ട്രീസ് കോണ്‍ക്ലേവ് 'ബയോ കണക്ട് 4.0' .

ഗവേഷണം, ആരോഗ്യം, ബയോഫാര്‍മ, പരമ്പരാഗത വൈദ്യശാസ്ത്ര രീതികള്‍, ഉത്പാദനം എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ഒരു ലൈഫ് സയന്‍സ് ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദഗ്ധര്‍ വ്യക്തമാക്കി. ശാസ്ത്രീയ കണ്ടെത്തലുകളില്‍ നിന്ന് വാണിജ്യ അടിത്തറയിലേക്ക് എത്താനുള്ള സാഹചര്യവും മികച്ച ആരോഗ്യ പരിപാലന സൗകര്യങ്ങളും വിദഗ്ധ തൊഴിലാളികളും ഗവേഷണ സ്ഥാപനങ്ങളും കേരളത്തിലുണ്ടെന്ന് സമ്മേളനം വിലയിരുത്തി.

ലോകത്തിന്‍റെ വെല്‍നസ് തലസ്ഥാനമായി ഉയര്‍ന്നുവരാനുള്ള മികച്ച സാധ്യത കേരളത്തിനുണ്ടെന്ന് കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പ് മുന്‍ സെക്രട്ടറിയും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ: ടി. രാമസ്വാമി അഭിപ്രായപ്പെട്ടു. കേരളത്തിന് ഇനി ആഗോളതലത്തില്‍ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറാന്‍ സാധിക്കുമെന്നും ഇതിനായി ഒരു കര്‍മ്മരേഖ  തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ലൈഫ് സയന്‍സ് മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി ഇവിടെ ലഭ്യമായ അറിവുകളെയും വിജ്ഞാനത്തെയും മാതൃകാപരമായ രീതിയില്‍ സംയോജിപ്പിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുര്‍വേദം, സിദ്ധ, ഹോമിയോപ്പതി, അലോപ്പതി തുടങ്ങിയ വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്ന് നാം ചിന്തിക്കണം. ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ബയോഫാര്‍മ, ആരോഗ്യ മേഖലകളെ സംയോജിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്‍റെ വിശാലമായ വികസന കാഴ്ചപ്പാടിന് അനുസൃതമായി പുതിയ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈഫ് സയന്‍സ് കമ്പനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. തലസ്ഥാനത്തെ 'ബയോ 360' ലൈഫ് സയന്‍സ് പാര്‍ക്കിനെ ലൈഫ് സയന്‍സ് മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്കോസിസ്റ്റമായാണ് കെഎസ്ഐഡിസി വികസിപ്പിക്കുന്നത്.

നിലവില്‍ ബയോ 360 പാര്‍ക്കില്‍ സ്ഥലത്തിനായുള്ള ആവശ്യക്കാര്‍ കൂടുതലാണെന്നും ലൈഫ് സയന്‍സ് മേഖലയ്ക്ക് അനുയോജ്യമായ കമ്പനികള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗവേഷണം, ആയുര്‍വേദം, നൂട്രാസ്യൂട്ടിക്കല്‍സ്, രോഗനിര്‍ണയം തുടങ്ങിയ മേഖലകളിലായി ഇതിനകം ആയിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കാനും മൂന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. മികച്ച ഗതാഗത സൗകര്യങ്ങള്‍, വിദഗ്ധ മനുഷ്യവിഭവശേഷി, സാങ്കേതികവിദ്യ, അനുകൂലമായ വ്യവസായ അന്തരീക്ഷം എന്നിവയുള്ള കേരളത്തെ ലൈഫ് സയന്‍സ് സംരംഭങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകുമെന്നും സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.  

ഗവേഷണം, വാലിഡേഷന്‍ , ഉത്പാദനം, വിപണനം എന്നീ നാല് പ്രധാന ഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ ഘടന തയാറാക്കിയിരിക്കുന്നത്. ഐ.എ.ബി , സി.എസ്.ഐ.ആര്‍-നിസ്റ്റ് , ബ്രിക്-ആര്‍.ജി.സി.ബി , ഐസര്‍, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ബയോ 360 പാര്‍ക്കില്‍ ബയോസേഫ്റ്റി കണ്ടെയ്ന്‍മെന്‍റ് ലാബുകള്‍, അനിമല്‍ മോഡലുകള്‍, എല്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറികള്‍, മെഡ് സ്പാര്‍ക്ക് , സ്കെയില്‍-അപ്പ് സൗകര്യങ്ങള്‍, സുരക്ഷാ-പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍ണായക സംവിധാനങ്ങള്‍ നിലവിലുണ്ട്. നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനായി ഈ സംവിധാനങ്ങളെല്ലാം കെഎസ്ഐഡിസി കൂടുതല്‍ ശക്തിപ്പെടുത്തും.

കോവിഡ് മഹാമാരിയുടെ സമയത്ത് ആശുപത്രി ബെഡുകളും ഓക്സിജനും ലഭ്യമാക്കുന്നതില്‍ കേരളത്തിന്‍റെ ആരോഗ്യ രംഗം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്ത് ശക്തമായ ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രി കെട്ടിപ്പടുക്കുന്നതില്‍ ആരോഗ്യമേഖലയിലെ ഇത്തരം നാഴികക്കല്ലുകള്‍ വലിയ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേത്രരോഗങ്ങള്‍, അള്‍ഷിമേഴ്സ്, മള്‍ട്ടിപ്പില്‍ സ്കെലെറോസിസ്, എ എല്‍ എസ് തുടങ്ങിയവയുടെ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന ഇന്‍ഫ്ളമേസോം തെറാപ്യൂട്ടിക്സ് കമ്പനിയുടെ സഹസ്ഥാപകനായ ഡോ. ജയകൃഷ്ണന്‍ അമ്പാട്ടിയും മുഖ്യപ്രഭാഷണം നടത്തി. കമ്പനി വികസിപ്പിച്ച പുതിയ മരുന്നായ കാമുവുഡിന്‍ (കെ8, കെ9) ഇത്തരം ഗുരുതരരോഗങ്ങളുടെ ചികിത്സയില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന കെ8 മരുന്നിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ 2027 ആദ്യപാദത്തോടെ ആരംഭിക്കും. താല്പര്യമുള്ള സംരംഭകര്‍ക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത തലമുറ തെറാപ്പ്യൂട്ടിക് ബയോളജിക്സ് നിര്‍മ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാനഡയിലെ സിമിസോള ബയോളജിക്സ് സിഎസ്ഒ ഷെയ്ന്‍ മിയേഴ്ഷ് പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലൂടെ വിവിധ രോഗങ്ങള്‍ക്കുള്ള ആന്‍റിബോഡികള്‍ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Photo Gallery

+
Content