ആശുപത്രികളും ക്ലിനിക്കല്‍ ഗവേഷണ കേന്ദ്രങ്ങളും എഐ ലാബുകളും ചേര്‍ന്ന് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായി പ്രവര്‍ത്തിക്കണമെന്ന് വിദഗ്ധര്‍

Trivandrum / October 8, 2026

തിരുവനന്തപുരം: ആശുപത്രികള്‍, ക്ലിനിക്കല്‍ ഗവേഷണ കേന്ദ്രങ്ങള്‍, എഐ ലാബുകള്‍, അത്യാധുനിക ഗവേഷണ ലാബുകള്‍ എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവരുന്ന രീതിയിലുള്ള കേന്ദ്രീകൃത ഗവേഷണ സ്ഥാപന മാതൃക രൂപീകരിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് വിദഗ്ധര്‍. ഈ സ്ഥാപനങ്ങളെല്ലാം ഒത്തുചേരുന്നതിനും ഗവേഷണങ്ങള്‍ക്കും കൂട്ടായ്മയ്ക്കുമായുള്ള സംവിധാനം ആവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു. അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് 'ബയോ കണക്ട് 4.0' ല്‍ 'ഡിജിറ്റല്‍ ഇന്നൊവേഷനിലൂടെയുള്ള ലൈഫ് സയന്‍സിന്‍റെ പരിവര്‍ത്തനം' എന്ന സെഷനിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

ഇത്തരത്തില്‍ വിശ്വാസയോഗ്യമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിലൂടെ ഡാറ്റ സുഗമമായി പങ്കിടുന്നതില്‍ സര്‍ക്കാരിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് ലോക് സ്മിത്ത് ബയോ സിഇഒയും കോ-ഫൗണ്ടറുമായ അജിതേഷ് ലൂംഗെ പറഞ്ഞു. ഈ മുന്നേറ്റത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിനകത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ അതിലേക്ക് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചികിത്സ സാധ്യമാണെന്ന് കരുതിയിരുന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ എഐ പ്രാപ്തമാക്കിയെന്നും എഐയുടെ വരവോടെ വലിയ മാറ്റം സംഭവിച്ച ഒരു കാര്യം മരുന്ന് കണ്ടുപിടുത്തത്തിന്‍റെ വേഗതയാണെന്നും അജിതേഷ് ലൂംഗെ പറഞ്ഞു. ഒരു 'ലീഡ് മോളിക്യൂള്‍' വികസിപ്പിച്ചെടുക്കാന്‍ മുമ്പ് കുറഞ്ഞത് ആറു മാസം മുതല്‍ ആറു വര്‍ഷം വരെ എടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ കാര്യം ആറാഴ്ചയ്ക്കുള്ളില്‍ ചെയ്യാന്‍ സാധിക്കുന്നു. ജീവശാസ്ത്രത്തില്‍ 'സ്കെയിലിംഗ് നിയമങ്ങള്‍' പ്രയോഗിക്കുമ്പോള്‍ മാത്രമേ ഇത്തരം വലിയ മാറ്റങ്ങള്‍ സാധ്യമാകൂ എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ഘട്ട പഠനങ്ങളില്‍ എഐ വിജയസാധ്യത 40 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നും രണ്ടാംഘട്ടത്തില്‍ വിജയസാധ്യത ഇപ്പോഴും 40 ശതമാനത്തില്‍ തന്നെ തുടരുന്നുവെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. എപിഐയെക്കുറിച്ച് മനസ്സിലാക്കാന്‍ ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടും അത് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പിഐ ഡോക്യുമെന്‍റേഷന്‍ കൈയ്യെഴുത്ത് രൂപത്തിലാണെങ്കില്‍ അത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എഐ ഉപയോഗിച്ചു തുടങ്ങുന്നതിന് മുമ്പ് ഡിജിറ്റലൈസേഷന്‍ എന്ന ഘട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ശഖരിക്കാന്‍ കഴിയുന്ന ഓരോ ഡാറ്റാ പോയിന്‍റും ഉപയോഗിച്ച് ആദ്യം ജീവശാസ്ത്രത്തെ ഡിജിറ്റല്‍ രൂപത്തിലാക്കണം, എങ്കില്‍ മാത്രമേ എഐക്ക് വളരാന്‍ കഴിയൂ. ഇത്തരം മോഡലുകള്‍ നിര്‍മ്മിക്കാനും പ്രാദേശികമായി നടപ്പിലാക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയര്‍ന്നു.

റേഡിയോളജി ചിത്രങ്ങളെയും സിടി സ്കാനുകളെയും എഐ ഉപയോഗിച്ച് ത്രിമാന ദൃശ്യരൂപങ്ങളാക്കി മാറ്റുന്നതിലാണ് തങ്ങളുടെ ടീം പ്രവര്‍ത്തിച്ചതെന്നും ഒരു ചിത്രത്തെ ത്രിഡി രൂപത്തിലേക്ക് മാറ്റുന്നതും തിരിച്ചും ചെയ്യുന്നതുമായ 'വിഷ്വല്‍ ലേണിംഗ്' പ്രക്രിയയായിരുന്നു ഇതില്‍ പ്രധാനമെന്നും കാപ്ല ജിഎംബിഎച്ച് സിഇഒ ഡോ. വിനോദ് കുമാര്‍ ആദിത്യ പറഞ്ഞു. കാന്‍സര്‍ മുതല്‍ വൃക്ക, കരള്‍ രോഗങ്ങള്‍ വരെയുള്ള വിവിധ ചികിത്സാ മേഖലകളില്‍ ഇത് പ്രയോജനകരമാണ്. ദൈനംദിന ചികിത്സയിലും ശസ്ത്രക്രിയയിലും എഐ സാങ്കേതികവിദ്യ വലിയ സഹായം നല്‍കുന്ന മേഖലയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സീനിയര്‍ സയന്‍റിഫിക് അഡ്വൈസര്‍ ഡോ. രാജ് ഷിരുമല്ല, ടിസിഎസിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.നവീന്‍ ശിവദാസന്‍, എല്‍ടിഎം ബിസിനസ് സ്ട്രാറ്റജി ഡയറക്ടര്‍ ഡോ. സിദ്ധാര്‍ഥ് ജോഷി എന്നിവരും സംസാരിച്ചു. ബ്രിസ്റ്റോള്‍ മിയേഴ്സ് സ്ക്വിബ് ഡാറ്റ ആന്‍ഡ് ക്വാളിറ്റേറ്റിവ് സയന്‍സസ് മേധാവി ഡോ. മഹേഷ് അയ്യര്‍ മോഡറേറ്ററായി.

കാന്‍സര്‍ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഒരു മരുന്നിന്‍റെ വികസനത്തിന്‍റെ മുഴുവന്‍ ഘട്ടങ്ങളെയും നിയന്ത്രിക്കുക എന്നതാണെന്ന് 'ഫ്രം ഡിസ്കവറി ടു നെക്സ്റ്റ് ജനറേഷന്‍ ഹെല്‍ത്ത്കെയര്‍' എന്ന സെഷനില്‍ കാനഡയിലെ സിമിസ്കോ ബയോളജിക്സ് സിഎസ്ഒ ഡോ.ഷെയ്ന്‍ മിയേഷ് പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ  മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം മരുന്ന് വികസിപ്പിക്കാന്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി പൊതുമേഖലയില്‍ നിന്നോ മറ്റോ സഹായം ലഭിക്കുകയാണെങ്കില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനും പുതിയ മരുന്നുകള്‍ വിപണിയിലെത്താനും സഹായിക്കുന്ന മാതൃക നിലനിര്‍ത്തിക്കൊണ്ടുതന്നെ മരുന്നുകളുടെ ചെലവ് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍, അക്കാദമിക് മേഖല, സര്‍വ്വകലാശാലകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയെ ഒന്നിപ്പിക്കുന്ന രീതി അവലംബിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ പ്രൊഫ. ഡോ. രാഹുല്‍ പര്‍വാര്‍ പറഞ്ഞു. മരുന്ന് കണ്ടെത്തിയതിന് ശേഷം മാത്രം അതിന്‍റെ വികസനത്തെക്കുറിച്ച് ആലോചിക്കുന്ന രീതിയല്ല വേണ്ടത്. നിലവിലുള്ള മരുന്ന് പുതിയൊരു ആവശ്യത്തിനായി ഉപയോഗിക്കുന്നതായാലും പുതിയ മരുന്ന് വികസിപ്പിക്കുന്നതായാലും അതിന്‍റെ പ്രായോഗികത പരിഗണിക്കണം.

ചില ചികിത്സകള്‍ കുറച്ചുകാലത്തേക്ക് ഫലപ്രദമാകുമെങ്കിലും പിന്നീട് അവ ഫലിക്കാതെ വരുന്നുവെന്നും അതിനാല്‍, പലതരം ചികിത്സാ രീതികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കുന്നതാണ് ഉചിതമെന്നും സെഷനില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മോണോക്ലോണല്‍ ആന്‍റിബോഡികള്‍ ചില സാഹചര്യങ്ങളില്‍ ഫലപ്രദമാണെങ്കിലും അവയ്ക്ക് പരിമിതികളുണ്ട്. അതുപോലെ തന്നെ  സ്മോള്‍ മോളിക്യൂള്‍ മരുന്നുകള്‍ ഫലപ്രദമാണെങ്കിലും അവയ്ക്കും പരിമിതികളുണ്ട്. അതിനാല്‍, മികച്ച ഫലം നല്‍കുന്ന രീതിയില്‍ ഇവയെ സംയോജിപ്പിക്കുക എന്നതാണ് പ്രധാനം.

സൈൈഡസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ഡോ. രവി ത്രിവേദി, ഡോ. പ്രവീണ്‍ രാമമൂര്‍ത്തി എന്നിവരും സെഷനില്‍ പങ്കെടുത്തു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സി.എസ് മണി മോഡറേറ്ററായി.

Photo Gallery

+
Content