പുതിയ സാങ്കേതികവിദ്യകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Trivandrum / October 8, 2026

തിരുവനന്തപുരം: പരമ്പരാഗത രീതികള്‍ക്കപ്പുറം പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി വ്യവസായ, വാണിജ്യ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ യുവാക്കളുടെ പ്രയോജനത്തിനായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോപാര്‍ക്ക് ഫേസ് വണ്ണില്‍ ടെക് കേരളം ബ്രാന്‍ഡ് അവതരണവും ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമാകുന്നതിനുമുള്ള ഡിജിറ്റല്‍ സംവിധാനമായ ടെക് കേരളം വെബ്സൈറ്റും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

വി. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കമ്പനികള്‍, കോ-വര്‍ക്കിംഗ് സ്പേസുകള്‍, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ സംസ്ഥാനതലത്തിലുള്ള സാങ്കേതിക ശൃംഖലയുടെ ഭാഗമാക്കുകയാണ് ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ സ്കീമിന്‍റെയും ടെക് കേരളം ബ്രാന്‍ഡിന്‍റെയും ലക്ഷ്യം. ഇതിലൂടെ പുതിയ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം.

സാങ്കേതികവിദ്യയുടെ എല്ലാ മേഖലകള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓരോ മേഖലയുടെയും വികസനത്തിനായി ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് നിരവധി ഐടി പാര്‍ക്കുകളും പുതിയ സാങ്കേതികവിദ്യകള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമുള്ള യുവാക്കളുമുണ്ട്. അവര്‍ക്ക് ആവശ്യമായ പിന്തുണയും സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ഐടി പാര്‍ക്കുകളെയും സംസ്ഥാനത്തിന്‍റെ സാങ്കേതിക ശൃംഖലയുടെ ഭാഗമാക്കുകയാണ് അഫിലിയേഷന്‍ സ്കീമിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

മാനവവിഭവശേഷി, മികച്ച ജീവിത സാഹചര്യങ്ങള്‍, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കേരളത്തിന്‍റെ ശക്തികളാണെന്ന് വി. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ഇവ പ്രയോജനപ്പെടുത്തി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ഐടി വികസനത്തിനപ്പുറമുളള വിശാലമായ കാഴ്ച്ചപ്പാടാണ് ടെക് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് ഐടി, എഐ, ഫ്യൂച്ചര്‍ ടെക്നോളജീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. സാങ്കേതിക കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, നിക്ഷേപകര്‍, വ്യവസായ പങ്കാളികള്‍ എന്നിവയെ ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളെ ആകര്‍ഷിക്കുന്നതിനായി പ്രധാനപ്പെട്ട മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന വ്യവസായങ്ങള്‍ വളര്‍ത്തുക, മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

'കേരള സ്റ്റേറ്റ് ഐടി മിഷനെ' 'കേരള സ്റ്റേറ്റ് ഡിജിറ്റല്‍ ടെകനോളജി മിഷനായി' മാറ്റുമെന്ന് സീറാം സാംബശിവ റാവു അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ക്ക് ഇതില്‍ പ്രത്യേക പ്രാധാന്യം നല്‍കും.

ആവാസവ്യവസ്ഥയുടെ വികസനം ഏകോപിപ്പിക്കുക, കേരളത്തെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുക, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, തന്ത്രപ്രധാനമായ സഹകരണങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 'ദി ഫ്യൂച്ചര്‍ കോര്‍പ്പറേഷന്' എന്ന പ്രത്യേക സ്ഥാപനം രൂപീകരിക്കുമെന്നും ഇതിന് മന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് സിഇഒ സച്ചിന്‍ കുമാര്‍ യാദവ് സ്വാഗതവും കേരള ഐടി പാര്‍ക്ക്സ് സിഎഫ്ഒ വിപിന്‍ കുമാര്‍ എസ് നന്ദിയും രേഖപ്പെടുത്തി.

ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അഫിലിയേഷന്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തി. 'ഇന്‍ഡസ്ട്രി പെര്‍സ്പെക്ടീവ്: കേരള ടെക് ആന്‍ഡ് ദി ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ സ്കീം' എന്ന വിഷയത്തില്‍ സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ സംസാരിച്ചു.

ടെക്നോപാര്‍ക്ക് ഫേസ് ത്രീ ക്യാമ്പസില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കമായി.

ടെക്നോപാര്‍ക്ക് ഫേസ് വണ്ണില്‍ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്നോപാര്‍ക്കും കാസ്പിയന്‍ ടെക്പാര്‍ക്സും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. സെമികോണ്‍ കണ്‍സോര്‍ഷ്യത്തിന്‍റെ പ്രവര്‍ത്തനമാരംഭിക്കല്‍, മേക്കര്‍ ഹബിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടന്നു.  


ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ആക്സിയ ടെക്നോളജീസിലെ ജിജിമോന്‍ ചന്ദ്രന്‍, ജിടെക് വൈസ് ചെയര്‍പേഴ്സണ്‍ ടീന ജെയിംസ്, വ്യവസായ പ്രമുഖര്‍, ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി കൂടുതല്‍ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഐടി പാര്‍ക്കുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാന്‍ഡിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും. 

Photo Gallery

+
Content
+
Content
+
Content