കാര്‍ഷിക, ഭക്ഷ്യ മേഖലയിലെ ബിസിനസ് വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതികവിദ്യ അനിവാര്യമെന്ന് ബയോ കണക്ട് സമ്മേളനം
Trivandrum / October 9, 2026
തിരുവനന്തപുരം: കാര്‍ഷിക-ഭക്ഷ്യ മേഖലയില്‍ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ ബിസിനസ് തലത്തിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ കര്‍ഷകരെയോ മറ്റ് പങ്കാളികളെയോ അത് സജ്ജരാക്കുന്നില്ലെന്ന് 'ബയോ കണക്ട് 4.0' സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
'ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമുള്ള നൂതന ആശയങ്ങള്‍ (അഗ്രി-ഫുഡ്)' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കവെ കൃഷിയിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വലിയ തോതിലുള്ള ഊര്‍ജ്ജ നഷ്ടവും ഉയര്‍ന്ന കയറ്റുമതി ചെലവും ഉണ്ടാകുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് ലാഭം ഉറപ്പാക്കുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും വില്‍ക്കാനും കഴിയുന്ന തരത്തില്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്നവേഷന്‍ ക്ലസ്റ്ററുകളോ പദ്ധതികളോ ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായാണ് രണ്ടുദിവസത്തെ അന്താരാഷ്ട്ര ലെഫ് സയന്‍സസ് എക്സ്പോയും സമ്മേളനവും സംഘടിപ്പിച്ചത്.
ഇന്ത്യയിലുടനീളം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗങ്ങളില്‍ 6 ശതമാനത്തോളവും പച്ചക്കറികളില്‍ 13 ശതമാനത്തിലധികവും കേടുവന്നോ അല്ലാതെയോ ജനങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാകുന്നുണ്ടെന്ന് നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് ചെയ്തതായി ക്യു ലൈഫ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് പ്രസിഡന്‍റ് എസ്.കെ മേനോന്‍ പറഞ്ഞു. യഥാര്‍ത്ഥ ബിസിനസില്‍ ഇത് ഉല്‍പ്പന്നം സൂക്ഷിക്കുന്നതിനുള്ള അധിക ചെലവിന് കാരണമാകുന്നു. പലപ്പോഴും കര്‍ഷകരോ കര്‍ഷക ഉല്‍പ്പാദക സംഘടനകളോ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവ വേഗത്തില്‍ വില്‍ക്കാനാണ് ശ്രമിക്കുക.
റിലയന്‍സ് കേരളത്തില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണെന്നും തടസ്സമില്ലാത്ത കോള്‍ഡ് ചെയിന്‍ മാനേജ്മെന്‍റ്, വെയര്‍ഹൗസുകള്‍, വിതരണ കേന്ദ്രങ്ങള്‍, മികച്ച ഗതാഗത സൗകര്യങ്ങള്‍ എന്നിവയിലൂടെ ഉല്‍പ്പാദകരെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.കെ മേനോന്‍ പറഞ്ഞു. വളപ്രയോഗത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഡ്രോണുകളും ഉപയോഗിക്കാം. വലിയ കൃഷിയിടങ്ങള്‍ എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാമെന്നും ചെലവ് എങ്ങനെ കുറയ്ക്കാമെന്നും കാണിച്ചുതരുന്ന പ്രായോഗിക ഉദാഹരണങ്ങളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഗുണമേന്‍മയുള്ള ഭക്ഷണം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിന് മികച്ച അവസരമുണ്ടെന്ന് മത്സ്യകൃഷിയെക്കുറിച്ച് സംസാരിക്കവെ സെറിറ്റ്യൂഡ് ഫാംസ് സ്ഥാപകനും സിഇഒയുമായ വെങ്കടാചലം പറഞ്ഞു. അക്വാകള്‍ച്ചറിന്‍റെ കേന്ദ്രമായ ആന്ധ്രാപ്രദേശില്‍ നിന്ന് വ്യത്യസ്തമായി കേരളം നേരിടുന്ന പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആകെ ചെമ്മീനില്‍ 70-75 ശതമാനവും ആന്ധ്രാപ്രദേശില്‍ നിന്നാണ് വരുന്നത്. ബാക്കിയുള്ളവ തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും.
ഏഷ്യയിലെ മറ്റ് ഭാഗങ്ങളില്‍ നിലവിലുള്ള സൂപ്പര്‍-ഇന്‍റന്‍സീവ് രീതിക്ക് സമാനമായ പ്രകൃതിദത്തമായ സൂപ്പര്‍-ഇന്‍റന്‍സീവ് പ്രിസിഷന്‍ ചെമ്മീന്‍ കൃഷിരീതി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ (സിഐബിഎ) വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഏഷ്യന്‍ ഉല്‍പ്പാദന സാങ്കേതികവിദ്യകളില്‍ ഉയര്‍ന്ന ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ സിഐബിഎ വികസിപ്പിച്ച സാങ്കേതികവിദ്യ വളരെ കുറഞ്ഞ ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് കേരളത്തിന് വളരെ അനുയോജ്യമാണ്.
ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓട്ടോമാറ്റിക് ഫീഡറുകള്‍, സെന്‍സറുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച ചെറിയ ടാങ്കുകള്‍ ഉള്‍പ്പെടുന്ന ഈ സംവിധാനം കേരളത്തില്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും. അതിനാല്‍, കയറ്റുമതിക്ക് പുറമെ കേരളത്തിന്‍റെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഈ സംവിധാനങ്ങള്‍ മികച്ചൊരു മാര്‍ഗ്ഗമായിരിക്കുമെന്നും വെങ്കടാചലം കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ സര്‍ക്കുലര്‍ ഇക്കോണമി എന്ന കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ മികച്ച പരിഹാരമായി കോഴി വളര്‍ത്തലിനെ കാണാമെന്ന് ഖഡ്കേശ്വര ഫാംസ് ആന്‍ഡ് ഫുഡ് സിഇഒയും ഡയറക്ടറുമായ ഹര്‍ഷ് വര്‍ദ്ധന്‍ ജോഷി പറഞ്ഞു. കോഴിവളര്‍ത്തലിന് തുടക്കം മുതല്‍ വിളവെടുപ്പ് വരെ 40 ദിവസം മതി. അതുകൊണ്ട് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു ഹ്രസ്വകാല പ്രക്രിയയും അധിക വരുമാന മാര്‍ഗവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സാങ്കേതികവിദ്യകളും ഗവേഷകരുമായി സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലകുറഞ്ഞ അടിസ്ഥാന വിളകള്‍ മാത്രം കൃഷി ചെയ്യുന്നതിന് പകരം പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ വിളകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്നും ഭാരത് ബയോം / ഇന്‍ഡസ് ബയോം ലൈഫ് സയന്‍സസിന്‍റെ സഹസ്ഥാപകനും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റുമായ രാജ് ഡാഷ് പറഞ്ഞു.
ഐസിഎആറിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഫിഷറീസ്) ഡോ. മീനാകുമാരി മോഡറേറ്ററായി.