ഗവേഷണഫലങ്ങള്‍ വിപണിയിലെത്തിക്കണമെന്നും ലൈഫ് സയന്‍സസ് മേഖലയില്‍ കേരളത്തിന് വലിയ സാധ്യതയെന്നും വിദഗ്ധര്‍

Trivandrum / October 9, 2026

തിരുവനന്തപുരം: ഗവേഷണത്തിലൂടെ കണ്ടെത്തുന്ന പുതിയ ആശയങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ ലൈഫ് സയന്‍സസ് മേഖലയില്‍ കേരളത്തിന് വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചും ബയോടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, സമുദ്രവിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിച്ചും ഈ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കെഎസ്ഐഡിസി സംഘടിപ്പിച്ച ബയോ കണക്ട് 4.0 അന്താരാഷ്ട്ര ലെഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് എക്സ്പോ ആന്‍ഡ് കോണ്‍ക്ലേവിലാണ് വിദഗ്ധര്‍ ഈ അഭിപ്രായമുയര്‍ത്തിയത്.

'മേക്കിങ് ഇന്‍ ഇന്ത്യ: ട്രാന്‍സ്ഫോമിങ് ഇന്നൊവേഷന്‍ ഇന്‍ടു മാനുഫാക്ചറിങ് മാര്‍ക്കറ്റ്സ് ആന്‍ഡ് ഇക്കണോമിക് ഗ്രോത്ത്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഗവേഷണവും ഉത്പാദനവും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നു.

പ്രോട്ടീന്‍ ഘടനയെക്കുറിച്ചുള്ള ഗവേഷണം പുതിയ മരുന്നുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസറായ ടി.പി സിംഗ് പറഞ്ഞു. തന്‍റെ ഗവേഷക സംഘം 650 ലധികം പ്രോട്ടീനുകളുടെ ഘടന കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ രോഗനിര്‍ണയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യമായ സാമ്പിളുകള്‍ ലഭ്യമാക്കുക, ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തുക, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നത് വെല്ലുവിളികളാണെന്ന് നിയോഡി എക്സ് സിഇഒ ഹര്‍കരണ്‍ ധിംഗ്ര പറഞ്ഞു. കുറഞ്ഞ ചെലവില്‍ രോഗങ്ങള്‍ കണ്ടെത്താനുളള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യക്ക് വിദേശ വിപണികളിലും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് കൂടുതല്‍ പിന്തുണ ആവശ്യമാണെന്ന് ഡിഎസ്എസ് ടകര ബയോസയന്‍സസിലെ ഡോ. അനിരുദ്ധ ഭട്ടി പറഞ്ഞു. ഉത്പന്നങ്ങളുടെ പരിശോധന, വന്‍തോതിലുള്ള ഉത്പാദനം. വിപണിയിലെത്തിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്രോപദേഷ്ടാവ് ഡോ. രാജ് ഷിരുമല്ല മോഡറേറ്ററായിരുന്നു

'കേരളത്തിന്‍റെ ബയോ ഇക്കോണമി: നൂതനാശയങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും സുസ്ഥിരഭാവി' എന്ന വിഷയത്തില്‍ നടന്ന മറ്റൊരു പാനല്‍ ചര്‍ച്ചയില്‍ ഗവേഷണ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും വ്യവസായങ്ങളും സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.

ഗവേഷണഫലങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് കൂടുതല്‍ സഹായം ആവശ്യമാണെന്ന് നോര്‍ഡ് മെറ്റാലിക്സ് സഹസ്ഥാപകനും സിഇഒയും ഭാരത് ബയോം, ഇന്‍ഡസ് ബയോം ലൈഫ് സയന്‍സസിന്‍റെ സഹസ്ഥാപകനും ഡയറക്ടറും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ബിജോയ് നായര്‍ പറഞ്ഞു.

ഇന്ത്യയുടെ ബയോ ഇക്കോണമിയുടെ മൂല്യം 2025 ല്‍ 195 ബില്യണ്‍ ഡോളറായിരുന്നു. കേരളത്തിന്‍റെ ബയോഫാര്‍മ മേഖലയിലെ സംഭാവന എട്ട് ബില്യണ്‍ ഡോളറാണെന്നും സെല്‍, ജീന്‍ തെറാപ്പി മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗുമായി ചേര്‍ന്ന് തയ്യാറാക്കിയ റോഡ്മാപ്പ് പ്രകാരം ഇന്ത്യയുടെ ബയോ ഇക്കോണമി 2030 ഓടെ 300 ബില്യണ്‍ ഡോളറായും 2047 എത്തുമ്പോള്‍ 2.6 ട്രില്യണ്‍ ഡോളറായും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ കേരളം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഇ.വൈ ഡയറക്ടര്‍ രാംജി പല്ലേല അഭിപ്രായപ്പെട്ടു. സമുദ്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണവും സംരംഭങ്ങളും തീരദേശ ജനവിഭാഗങ്ങള്‍ക്കും വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബയോടെക്നോളജി ഗവേഷണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും വിതരണശൃംഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ക്രിബ്സ്, ബയോനെസ്റ്റ് സിഇഒ ഡോ. അമ്പാടി അഭിപ്രായപ്പെട്ടു.

നൂതനാശയങ്ങള്‍ വിപണിയിലെത്തിക്കുന്നതിലെ തടസങ്ങള്‍ മറികടക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയന്ത്രിത സാഹചര്യങ്ങളില്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനുള്ള റെഗുലേറ്ററി സാന്‍ഡ്ബോക്സ് പദ്ധതി കേരളം നടപ്പാക്കണമെന്ന് ഐപിടിഐഎഫ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. റിജേഷ് കൃഷ്ണ പറഞ്ഞു.

മെഡ്സ്കേപ്പ് ഫാര്‍മ, മാഗ്ജീനോം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സിഇഒ ഡോ. സി.എന്‍ രാംചന്ദ് മോഡറേറ്ററായിരുന്നു. 

 

Photo Gallery