സിബിഎല്‍ ആറാം സീസണ്‍ അഞ്ചാം മത്സരം; മറൈന്‍ ഡ്രൈവിനെ മാറോട് ചേര്‍ത്ത് മേല്‍പ്പാടം ചുണ്ടന്‍
Kochi / October 10, 2026
കൊച്ചി: സിബിഎല്‍ മത്സരങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നെട്ടായമാണ് കൊച്ചി മറൈന്‍ ഡ്രൈവിലേത്. തുഴവേഗം മാത്രം കൊണ്ട് മറൈന്‍ ഡ്രൈവിനെ കീഴടക്കാനാവില്ലെന്നത് സിബിഎല്‍ ആദ്യ സീസണ്‍ മുതലുള്ള അനുഭവപാഠമാണ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ തീപാറിയ അഞ്ചാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(4.08.064 മിനിറ്റ്) വിജയികളായി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മറൈന്‍ ഡ്രൈവിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ ഡെ. മേയര്‍ വി ആര്‍ സുധീര്‍ കളക്ടര്‍ ജി പ്രിയങ്ക, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, സിബിഎല്‍ സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ടിജെ വിനോദ് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മറൈന്‍ ഡ്രൈവില്‍ ഒത്തു കൂടിയ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് പള്ളാത്തുരുത്തി തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ വിജയിച്ചത്. ആദ്യ 100 മീറ്ററില്‍ തന്നെ മേല്‍പ്പാടം തുഴപ്പാടുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ നെട്ടായം പുരോഗമിച്ച് പകുതിയെത്തുമ്പോള്‍ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ഞെട്ടിക്കുന്ന പ്രകടനവുമായി മുന്നേറി. 2021 ലെ രണ്ടാം സീസണില്‍ ചമ്പക്കുളം ചുണ്ടനില്‍ യുബിസി കൈനകരി നടത്തിയ അട്ടിമറി ഇവിടെ ആവര്‍ത്തിച്ചെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. അത് വരെ മൂന്നാം സ്ഥാനത്തായിരുന്ന പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും ചാട്ടുളി പോലെ മുന്നോട്ടു നീങ്ങി.
മത്സരം തീരാന്‍ കേവലം അമ്പത് മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ പള്ളാത്തുരുത്തിയുടെ തുഴച്ചില്‍ക്കാര്‍ നടത്തിയ അവസാന ശ്രമം ഫലം കണ്ടു. കേവലം എട്ട് മൈക്രോ സെക്കന്റിനാണ് മേല്‍പ്പാടം വിജയിച്ചത്. ഈ സീസണിലെ അവസാന മൂന്ന് മത്സരത്തിലും പള്ളാത്തുരുത്തിയാണ് വിജയതീരമണഞ്ഞത്. വീയപുരം രണ്ടും (04.08.166 മിനിറ്റ്), നടുഭാഗം(04.08.514 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.
ഇതോടെ പോയിന്റ് പട്ടികയില്‍ ഇക്കുറി മേല്‍പ്പാടം ആദ്യമായി മുന്നിലെത്തി. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 45 പോയിന്റാണ് അവരുടെ സമ്പാദ്യം. 40 പോയിന്റുമായി അരോമ രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്.
ഇക്കൊല്ലത്തെ നെഹൃട്രോഫി ചാമ്പ്യന്‍മാരും സിബിഎല്‍ ആറാം സീസണ്‍ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയികളുമായ അരോമ ചുണ്ടന് ഇക്കുറി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായി ഫൈനലില്‍ എത്തിയിരുന്ന നിരണം ചുണ്ടനും മറൈന്‍ ഡ്രൈവിലെ നെട്ടായത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാനാകാതെ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തി.
കൊച്ചി മറൈന്‍ ഡ്രൈവിലെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇങ്ങനെയാണ്.
മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) രണ്ട്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്) മൂന്ന്.
അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) അഞ്ച്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ആറ്.
നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) ഏഴ്, , ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) എട്ട്,തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.
കോട്ടപ്പുറം വള്ളം കളിയോടനുബന്ധിച്ച് ഇരുട്ടുകുത്തി എ, ബി, ഗ്രേഡ് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ-പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി, (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.