ദുബായിലെ ആഗോള വിപണി അവസരങ്ങളിലേക്ക് ടെക് സംരംഭകരെ ക്ഷണിച്ച് ടെക്നോപാര്‍ക്കില്‍ റോഡ്ഷോ
Trivandrum / October 12, 2026
തിരുവനന്തപുരം: ഇന്ത്യന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള നിക്ഷേപം നേടാനും യുഎഇയിലെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതിനുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ' സെന്‍ട്രല്‍ ' ടെക്നോപാര്‍ക്കില്‍ പ്രത്യേക റോഡ്ഷോ സംഘടിപ്പിച്ചു.
ഡിസംബര്‍ 7 മുതല്‍ 11 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജിടെക്സ് ഗ്ലോബല്‍ 2026 ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍' പരിപാടിയിലേക്ക് ഇന്ത്യന്‍ ടെക്നോളജി സംരംഭകരെ എത്തിക്കുകയാണ് 'ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍' പദ്ധതിയുടെ ലക്ഷ്യം. ദുബായിലെ നിക്ഷേപകര്‍, ഉപഭോക്താക്കള്‍, വ്യവസായ പ്രമുഖര്‍, ആഗോള ടെക്നോളജി കമ്പനികള്‍ എന്നിവരുമായി ബന്ധപ്പെടുന്നതിന് ഇതിലൂടെ അവസരമുണ്ടാകും. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ പ്രദര്‍ശനം ഡിസംബര്‍ 8 മുതല്‍ 10 വരെ ദുബായ് എക്സ്പോ സിറ്റിയില്‍ നടക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സാങ്കേതിക സംരംഭകര്‍, വ്യവസായ പ്രമുഖര്‍, ഇന്‍ക്യുബേറ്ററുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.
ദുബായിലെ സാങ്കേതിക-ബിസിനസ് മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനായി നടന്ന ഈ റോഡ്ഷോയില്‍ നിരവധി ടെക്നോളജി സംരംഭകര്‍ പങ്കെടുത്തു.
സെന്‍ട്രല്‍ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റഫീസ് റഹ്മത്തുള്ളയും എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ സീനിയര്‍ സെയില്‍സ് മാനേജര്‍ ജൂലിയന്‍ ആന്‍ഡേഴ്സണ്‍ ഓണ്‍ലൈനായും പങ്കെടുത്ത് സംരംഭകരുമായി സംവദിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റി ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ്റ് ശ്രീനാഥ് ജ്ഞാനേശ്വര്‍, സെന്‍ട്രല്‍ ബിസിനസ് ഹെഡ് ഡോവ ഡെഖൈദി, സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്സ് ഹെഡ് അബീര്‍ അല്‍ അലാവി, സെന്‍ട്രല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ആയിഷ സുഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, ടെക്നോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ടി.എന്‍, കര്‍ണാടക ഡിജിറ്റല്‍ ഇക്കോണമി മിഷന്‍ (കെ.ഡി.ഇ.എം), ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), ജി-ടെക്, വേള്‍ഡ് ട്രേഡ് സെന്‍റര്‍ (തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, കൊച്ചി) തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളവും ജിസിസി രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ വ്യാപാര-വാണിജ്യ ബന്ധമുണ്ടെന്ന് റഫീസ് റഹ്മത്തുള്ള പറഞ്ഞു. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമങ്ങളിലൊന്നായ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിനെക്കുറിച്ച് ദക്ഷിണേന്ത്യയിലെ ടെക്നോളജി സംരംഭകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എല്ലാ വര്‍ഷവും 30 മുതല്‍ 35 വരെ കമ്പനികളെ ജിടെക്സില്‍ പങ്കെടുപ്പിക്കുന്നുണ്ടെന്നും ഇതിലുടെ നിക്ഷേപവും ധനസമാഹരണവുമായി ബന്ധപ്പെട്ട മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പിന് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിലൂടെ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നിക്ഷേപം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായ് വിപണിയില്‍ ശരിയായ രീതിയില്‍ പ്രവേശിക്കാനും നിക്ഷേപകരുമായി ബന്ധപ്പെടാനും സെന്‍ട്രല്‍ സംരംഭകരെ സഹായിക്കും. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 കമ്പനികള്‍ക്കായി പ്രത്യേകമായി ആസൂത്രണം ചെയ്ത പരിപാടികളും സന്ദര്‍ശനക്രമവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വലിയ പ്രതിഭാശേഷിയുള്ളതിനാല്‍ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും നിരവധി അവസരങ്ങളുണ്ടെന്ന് ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും നിരവധി അവസരങ്ങളുണ്ടെന്ന് അബീര്‍ അല്‍ അലാവി പറഞ്ഞു. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനുള്ള പ്രധാന വാതിലാണെന്നും അവര്‍ വ്യക്തമാക്കി.
ഒരു കമ്പനിയുടെ ബിസിനസ് മാതൃകയും യുഎഇയില്‍ സംരംഭകര്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും മനസിലാക്കി ആവശ്യമായ പിന്തുണ നല്‍കാന്‍ സെന്‍ട്രലിന് കഴിയുമെന്ന് ഡോവ ഡെഖൈദി പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ പ്രായോഗിക വശങ്ങള്‍ ആസൂത്രണം ചെയ്യാനും ബിസിനസ് ആരംഭിക്കുന്നതിനുള്ള ആവശ്യകതകള്‍ മനസിലാക്കാനും യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള സഹായം നല്‍കാനും സ്ഥാപനം തയ്യാറാണെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 സംരംഭകര്‍ക്ക് ദുബായില്‍ ഏഴ് ദിവസത്തെ പ്രത്യേക ബിസിനസ് സന്ദര്‍ശന പരിപാടി ഒരുക്കും. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, ജൈടെക്സ് ഗ്ലോബല്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള ഈ അവസരത്തിലൂടെ നിക്ഷേപകര്‍, ആഗോള ഉപഭോക്താക്കള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ് ഹബ്ബായ സെന്‍ട്രല്‍, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2026-ന്‍റെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ കൂടിയാണ്. ആധുനിക ഓഫീസ് സൗകര്യങ്ങള്‍, ബിസിനസ് പിന്തുണ, ആഗോള ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം സെന്‍ട്രല്‍ ലഭ്യമാക്കുന്നു.
കേരളത്തില്‍ ഉടന്‍ തന്നെ ഓഫീസ് തുറക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് സെന്‍ട്രല്‍.