ദസറ-ദീപാവലി സീസണില്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള ടൂറിസം
New Delhi / October 13, 2026
ന്യൂഡല്‍ഹി: ദസറ-ദീപാവലി അവധിക്കാലത്തോടനുബന്ധിച്ചുള്ള പ്രധാന വിനോദസഞ്ചാര സീസണ് മുന്നില്‍ക്കണ്ട് കേരള ടൂറിസം ആകര്‍ഷകമായ ഒട്ടനവധി പദ്ധതികളും പാക്കേജുകളും ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ട്ണര്‍ഷിപ്പ് മീറ്റില്‍ അവതരിപ്പിച്ചു.
'എ വണ്ടര്ഫുള് വേള്‍ഡ്' എന്ന പ്രമേയത്തില്‍ ദി ലളിത് ഹോട്ടലില്‍ നടന്ന ബി2ബി നെറ്റ്വര്ക്കിംഗ് പരിപാടി തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട അനുഭവവേദ്യ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്ന സവിശേഷതകളെ എടുത്തുകാട്ടി.
കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ ഠാക്കൂര്‍ ഐഎഎസ് സംസ്ഥാനത്തിന്റെ സവിശേഷമായ ടൂറിസം ഉല്‍പ്പന്നങ്ങള്‍ എടുത്തുകാട്ടുന്ന അവതരണം നടത്തി.
മനോഹരമായ കടല്‍ത്തീരങ്ങള്‍, ആകര്‍ഷകമായ ഹില്‍ സ്റ്റേഷനുകള്‍, ശാന്തമായ കായലുകളിലെ ഹൗസ്ബോട്ട് യാത്രകള്‍ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ, പുതിയതും ആകര്‍ഷകവുമായ ഒട്ടനവധി പദ്ധതികളും കേരളം ഒരുക്കിയിട്ടുണ്ട്. ഇവ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തെ സമ്പൂര്‍ണമായ അനുഭവമാക്കി മാറ്റുന്നു. സംസ്ഥാനത്തുടനീളം സഞ്ചരിച്ചുകൊണ്ട് ഒരാഴ്ച നീളുന്ന യാത്രയില്‍ ഒരേസമയം വ്യത്യസ്ത അനുഭവങ്ങള്‍ നേടാന്‍ കഴിയുന്ന സമഗ്ര വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെ ഈ പാക്കേജുകള്‍ അവതരിപ്പിക്കുന്നു.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മികച്ച താമസസൗകര്യങ്ങള്‍, സവിശേഷമായ സാംസ്കാരിക അനുഭവങ്ങള്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ കണക്കുകളും പ്രവണതകളും അനുസരിച്ച് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ എല്ലാ സീസണുകളിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2025-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2026-ലെ ആദ്യ പാദത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ 10.98 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനുള്ള നയരേഖ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ന്യൂഡല്‍ഹിയില്‍ പാര്‍ട്ണര്‍ഷിപ്പ് മീറ്റ് നടന്നത് എന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഈ തീരുമാനം സംസ്ഥാനത്തെ ട്രാവല്‍-ഹോസ്പിറ്റാലിറ്റി മേഖലയില്‍ സുരക്ഷിതവും ലാഭകരവും സുസ്ഥിരവുമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റും.
വ്യവസായ പദവി ടൂറിസം മേഖലയിലെ പങ്കാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നുവെന്നും ഈ തീരുമാനം വലിയ തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് സന്ദേശത്തില്‍ പറഞ്ഞു.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ കേരളത്തിലെ വയനാട് ജില്ലയുടെ പ്രകൃതിഭംഗി, പൈതൃകം, കാര്‍ഷിക-സാംസ്കാരിക പാരമ്പര്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി സംസ്ഥാന ടൂറിസം വകുപ്പ് ഈ മാസം ആദ്യം 'ബ്രാന്‍ഡ് വയനാട്' എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിന് ഇത് കരുത്തേകും. സുസ്ഥിരമായ സഹകരണത്തിന്റെ പുതിയൊരു അധ്യായമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.
ഈ മാറ്റത്തിന്റെ ഭാഗമായി, സമാന സവിശേഷതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സംയുക്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, തമിഴ്നാട്ടിലെ നീലഗിരി ജില്ല, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളെ കോര്‍ത്തിണക്കുന്ന നിരവധി പുതിയ സര്‍ക്യൂട്ടുകളും കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന സാംസ്കാരിക പരിപാടികളുടെയും പരമ്പരാഗത ഉത്സവങ്ങളുടെയും കലണ്ടര്‍ ലഭ്യമായതിനാല്‍ സഞ്ചാരികള്‍ക്ക് അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് സ്ഥലവും സമയവും തിരഞ്ഞെടുക്കാന്‍ സാധിക്കും.
സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന പ്രധാന പാക്കേജുകളിലൊന്നാണ് കൊച്ചി-മുസിരിസ് ഹെറിറ്റേജ് നെറ്റ്വര്‍ക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സുഗന്ധവ്യഞ്ജന വ്യാപാരകേന്ദ്രമെന്ന നിലയില്‍ പടിഞ്ഞാറന്‍ ഏഷ്യയുമായും മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായും കേരളത്തിനുണ്ടായിരുന്ന സമുദ്ര-സാംസ്കാരിക ബന്ധങ്ങളുടെ ആകര്‍ഷകമായ ചരിത്രമാണ് ഇതിലൂടെ വെളിവാകുന്നത്.
വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിലൂടെ എല്ലാവര്ക്കും സുഗമമായി സഞ്ചരിക്കാവുന്നതും പ്രാപ്യവുമായ ഒരു സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ടൂറിസം മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവ സംയോജിപ്പിച്ചത് വിവരങ്ങള്‍ കൃത്യവും സുഗമവുമാക്കുകയും ടൂര്‍ പാക്കേജുകളും യാത്രാ ക്രമീകരണങ്ങളും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു.
പ്രശസ്ത ആഗോള ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ 2026-ലെ മികച്ച 25 യാത്രാനുഭവങ്ങള്‍ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പാചക-ഭക്ഷണ സംസ്കാരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അഭിമാനകരമായ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.
സന്ദര്‍ശകരെ ആകര്‍ഷകമായ ഒട്ടേറെ സ്ഥലങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങളും പാക്കേജുകളും ഒരുക്കിയതിലൂടെ ഈ സീസണില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് കേരള ടൂറിസം സെക്രട്ടറി ബിജു കെ. പറഞ്ഞു.
രാജ്യത്തുടനീളം നടത്തിയ പ്രചാരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വരാനിരിക്കുന്ന ടൂറിസം സീസണില്‍ അതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ അഞ്ജന എം. പറഞ്ഞു.