ന്യൂസ് 18 കോ-ഓപ്പറേറ്റീവ് പുരസ്കാരം മില്‍മയ്ക്ക്

ന്യൂസ് 18 കോ-ഓപ്പറേറ്റീവ് പുരസ്കാരം മില്‍മയ്ക്ക്
Trivandrum / October 29, 2022

തിരുവനന്തപുരം: വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള ന്യൂസ് 18 കോ-ഓപ്പറേറ്റീവ് പുരസ്കാരം മില്‍മയ്ക്ക് സമ്മാനിച്ചു. ക്ഷീരവികസന മേഖലയിലെ പ്രവര്‍ത്തന മികവാണ് മില്‍മയെ പുരസ്കാരത്തിനു അര്‍ഹമാക്കിയത്. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍. വാസവനില്‍ നിന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി പുരസ്കാരം ഏറ്റുവാങ്ങി. ആരു വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത ജനകീയ അടിത്തറ കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.

സഹകരണമേഖലയിലെ പ്രസ്ഥാനങ്ങളിലൊന്നായ മില്‍മയ്ക്ക് ക്ഷീരമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സാധാരണ ജനങ്ങളുടെ പ്രസ്ഥാനം എന്ന നിലയില്‍ മില്‍മയ്ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ അഭിമാനാര്‍ഹമാണെന്നും മില്‍മ ചെയര്‍മാന്‍ കെ എസ്. മണി പറഞ്ഞു. കൊറോണയുടെ കാലത്തെ ദുരിതത്തിലും മില്‍മ ക്ഷീരകര്‍ഷകര്‍ക്കൊപ്പം നിന്നു. ഓരോ ക്ഷീരകര്‍ഷകന്‍റേയും അധ്വാനം വിലമതിക്കാന്‍ ആകാത്തതാണ്.  അവരുടെ പ്രതിനിധിയായി ഈ പുരസ്കാരം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Photo Gallery

+
Content