കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Trivandrum / October 3, 2026

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) യുഎന്‍ ടൂറിസം ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍. കിറ്റ്സിന്‍റെ എംബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രോഗ്രാമിനാണ് ഈ അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷന്‍ ലഭിച്ചത്.

വിനോദസഞ്ചാര മേഖലയിലെ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള യുഎന്‍ ടൂറിസത്തിന്‍റെ സംവിധാനമാണ് ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍.

ടൂറിസം സാംസ്കാരിക മന്ത്രിയും കിറ്റ്സ് ചെയര്‍മാനുമായ പി.സി വിഷ്ണുനാഥ് ടൂറിസം സെക്രട്ടറിയും കിറ്റ്സ് വൈസ് ചെയര്‍മാനുമായ കെ. ബിജുവിന് കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട്-2026 ല്‍ വച്ച് പുരസ്കാരം സമ്മാനിച്ചു.

 ട്രാവല്‍-ടൂറിസം പഠന മേഖലയ്ക്ക് കേരളം നല്‍കുന്ന പ്രാധാന്യത്തിനും കിറ്റ്സിലെ പഠനനിലവാരത്തിനുമുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അക്കാദമിക മേഖലയില്‍ കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡയറക്ടര്‍ അഞ്ജന എം, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, കിറ്റ്സ് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. ബി. രാജേന്ദ്രന്‍, കിറ്റ്സ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പ്രദീപ് മനോഹര്‍, കിറ്റ്സ് അസോസിയേറ്റ് പ്രൊഫ. ഡോ. ഹരികൃഷ്ണന്‍ പി.കെ എന്നിവര്‍ സംബന്ധിച്ചു.

Photo Gallery

+
Content