സിബിഎല്‍ ആറാം സീസണ്‍- തൃശൂര്‍ കോട്ടപ്പുറത്തെ നാലാം ലീഗ് മത്സരത്തില്‍ മേല്‍പ്പാടം ചുണ്ടന്‍ വിജയി
Thrissur / October 4, 2026
തൃശൂര്‍: മൈക്രോ സെക്കൻ്റുകളുടെ വില ഇപ്പോൾ നന്നായി മനസിലാക്കുന്നത് ചുണ്ടൻ വള്ളങ്ങളുടെ തുഴച്ചിൽക്കാരാണ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ നാലാം ലീഗ് പോരാട്ടത്തില്‍ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(2.22.176 മിനിറ്റ്) വിജയികളായി.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടാമതെത്തിയ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടനെയും(2.22.742 മിനിറ്റ്) യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരത്തിനെയും(2.23.416 മിനിറ്റ്) തോല്‍പ്പിച്ചാണ് മേല്‍പ്പാടം വിജയകിരീടമണിഞ്ഞത്.
സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പദ്ധതിയാണ് മുസിരിസ് ടൂറിസമെന്ന് ചടങ്ങില്‍ സമ്മാനദാനം നടത്തിയ ടൂറിസം-സാംസ്ക്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കോട്ടപ്പുറത്തെ വിജയികള്‍ക്ക് മുന്‍ മന്ത്രി വി കെ രാജന്‍ സ്മാരക ട്രോഫിയാണ് സമ്മാനിച്ചത്. കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ കോട്ടപ്പുറത്തെ വള്ളം കളി ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം പി ബെന്നി ബെഹനാന്‍ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു, ജില്ലാകളക്ടര്‍ ശിഖാ സുരേന്ദ്രന്‍, റൂറല്‍ പോലീസ് മേധാവി മുഹമ്മദ് നസീമുദ്ദീന്‍, കേരള ടൂറിസം ഉദ്യോഗസ്ഥര്‍, സിബിഎല്‍ ടെക്നിക്കല്‍ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തെളിയിച്ചു. ആദ്യ നാല് സീസണിലും സിബിഎല്‍ ചാമ്പ്യന്മാരായ പള്ളാത്തുരുത്തി തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ ഫൈനലിലെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നു. നെട്ടായത്തിന്റെ ആദ്യപകുതിയോളം യുബിസി കൈനകരി എഫ്സി തുഴഞ്ഞ വീയപുരം പകുതിയോളം നാല് വള്ളപ്പാടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ പകുതി കഴിയുമ്പോള്‍ അരോമയും മേല്‍പ്പാടവും വീയപുരത്തിന് ഒപ്പമെത്തി. അവസാന പാദത്തില്‍ മേല്‍പ്പാടത്തിന്റെ തുഴവേഗത്തിനൊപ്പമെത്താന്‍ അരോമയ്ക്കോ വീയപുരത്തിനോ കഴിഞ്ഞില്ല. സിബിഎൽ ഈ സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങൾ വിജയിച്ചത് അരോമ ചുണ്ടനാണ്.
കോട്ടപ്പുറത്തെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇങ്ങനെയാണ്.
മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) രണ്ട്, മൂന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) മൂന്ന്.
നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) നാല്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്) അഞ്ച്, ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) ആറ് .
പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) ഏഴ്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്. കോട്ടപ്പുറം വള്ളം കളിയോടനുബന്ധിച്ച് ഇരുട്ടുകുത്തി എ, ബി, ഗ്രേഡ് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച അരോമ ചുണ്ടൻ 38 പോയിൻ്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടൻ 35 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിരണം ബോർഡ് ക്ലബ്ബ് തുഴയുന്ന നിരണം ചുണ്ടൻ 33 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
Photo Gallery