ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

Trivandrum / September 23, 2026

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് വ്യവസായ-വാണിജ്യ-ഐടി -എഐ-സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് ഫേസ് 1 ലെ കല്ലായി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്.

 കേരളത്തിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ അടുത്ത ഘട്ടത്തിനാണ് പുതിയ ഓഫീസിലൂടെ തുടക്കം കുറിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഇന്‍ഷുറന്‍സ്, റിസ്ക് മാനേജ്മെന്‍റ് , ബിസിനസ് ശേഷി എന്നിവ സമഗ്രമായി സംയോജിപ്പിച്ച് സംരംഭങ്ങള്‍ക്കായി ഒരു ആഗോള ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലേസ് കെട്ടിപ്പടുക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് ഇത് കരുത്തേകും.

 ഉദ്ഘാടനത്തിന് ശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രോംപ്റ്റ്ടെക് ജീവനക്കാരുമായി സംവദിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ്, പ്രോംപ്റ്റ്ടെക് ഗ്ലോബല്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എബി എബ്രഹാം, മറ്റ് വിശിഷ്ടാതിഥികള്‍, കമ്പനി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തനത്തില്‍ കേരളത്തിനുള്ള പങ്കിനേയും ഇവിടെ കമ്പനി കെട്ടിപ്പടുത്ത മികച്ച തൊഴില്‍ശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളര്‍ച്ചയെന്ന് എബി എബ്രഹാം പറഞ്ഞു. കൂടുതല്‍ വളരാനും അന്താരാഷ്ട്ര വിപണികളില്‍ കമ്പനി നല്കുന്ന സേവനങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ ഓഫീസ്  സഹായകമാകും. പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലും ടെക്നോപാര്‍ക്ക് സുപ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വര്‍ധിപ്പിക്കാന്‍ ഈ വിപുലീകരണത്തിലൂടെ സാധിക്കും.

ഇന്‍ഷുറന്‍സ്, റിസ്ക് മാനേജ്മെന്‍റ്, ടാലന്‍റ് ആന്‍ഡ് വര്‍ക്ക്ഫോഴ്സ് സൊല്യൂഷനുകള്‍, ബിസിനസ് പ്രോസസുകള്‍, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് പ്രോംപ്റ്റ്ടെക് ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യാധിഷ്ഠിത ഇന്‍ഷുറന്‍സ്-റിസ്ക് സേവനങ്ങള്‍ നല്കുന്ന പ്രോംപ്റ്റ്ടെക് ഇന്‍ഷുറന്‍സ്, വര്‍ക്ക്ഫോഴ്സ്, കാപ്പബിലിറ്റി-ആസ്-എ-സര്‍വീസ് സൊല്യൂഷനുകള്‍ നല്‍കുന്ന 'പ്രോംപ്റ്റ്ടെക് കണക്ട്' എന്നിവ ഇതിന്‍റെ ഭാഗമാണ്.

Photo Gallery

+
Content