കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026
Kochi / September 25, 2026
കൊച്ചി: കേരളത്തിന്റെ തനത് കലകളും സംസ്കാരവും പാരമ്പര്യങ്ങളും നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള അവസരമൊരുക്കി കേരള ട്രാവല്‍ മാര്‍ട്ട് 2026 (കെടിഎം). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും കേരളത്തിന്റെ തനിമ അറിയുന്നതിനുള്ള അപൂര്‍വ്വ വേദിയാണ് ഇതിലൂടെ ഒരുങ്ങിയത്.
പുലികളി, കഥകളി, പരമ്പരാഗത കരകൗശല വിദ്യകള്‍, സംഗീതം, ഭക്ഷണം, വള്ളം നിര്‍മ്മാണം എന്നിങ്ങനെയുള്ള കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് പേര് കെടിഎം വേദിയില്‍ തങ്ങളുടെ കലയും പാരമ്പര്യവും ജീവിതാനുഭവങ്ങളും പങ്കുവെച്ചത് വേറിട്ട അനുഭവമായി.
മട്ടാഞ്ചേരിയുടെ സംഗീതപാരമ്പര്യം ആറ് പതിറ്റാണ്ടായി സംരക്ഷിക്കുന്ന നെല്‍സണ്‍ സേവ്യര്‍ മലയാളത്തിലെ പഴയകാല ഗാനങ്ങള്‍ അവതരിപ്പിച്ചു. പത്താം വയസില്‍ പിതാവില്‍ നിന്ന് ക്ലാര്നെറ്റ് വായിക്കാന്‍ പഠിച്ച അദ്ദേഹം പിന്നീട് സാക്സോഫോണിലും പ്രാവീണ്യം ആര്‍ജ്ജിച്ചു. സംഗീതജ്ഞനും അധ്യാപകനുമായ അദ്ദേഹം 'പ്രാണസഖി ഞാന്‍' ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ അവതരിപ്പിച്ച് സന്ദര്‍ശകരുടെ മനം കവര്‍ന്നു.
കോഴിക്കോടുകാരനായ മിഠായി ബഷീര്‍ എന്നറിയപ്പെടുന്ന എ.ടി ബഷീര്‍ അഞ്ച് പതിറ്റാണ്ടിലേറെയായി സംരക്ഷിച്ചുവരുന്ന പഞ്ചാരപ്പാല് മിഠായി നിര്‍മ്മാണം പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. പഞ്ചസാര, വെള്ളം, നാരങ്ങനീര് എന്നിവ ഉപയോഗിച്ച് വിവിധ രൂപങ്ങളിലുള്ള മിഠായികള്‍ തയ്യാറാക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
തൃശൂരിന്റെ പ്രശസ്തമായ പുലികളിയും പരിപാടിയില്‍ അവതരിപ്പിച്ചു. പുലികളിയുടെ പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്ന കലാകാരന്മാരില് ഒരാളായ ഒല്ലൂരില്‍ നിന്നുള്ള ടോണി സി.എസ് ആണ് സദസ്യര്‍ക്ക് മുന്നില്‍ ഈ പരമ്പരാഗത കലാരൂപത്തിന്റെ സവിശേഷതകള്‍ അവതരിപ്പിച്ചത്.
തെങ്ങോല ഉപയോഗിച്ച് ഓലപ്പീപ്പിയും വിവിധ കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്ന രീതി പിന്തുടരുന്ന പുരുഷന് മാരാരിക്കുളം അവയുടെ നിര്‍മ്മാണ രീതി പരിചയപ്പെടുത്തി. അന്യംനിന്നു പോകുന്ന ഈ കരകൗശല പാരമ്പര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം ശില്പശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
കേരളത്തിലെ നാടന്‍ കലാരൂപങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ കേരള പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായ സത്യന് എടക്കാട് പങ്കുവെച്ചു.
കേരളത്തിന്റെ കായല്‍ ടൂറിസത്തിന്റെ ഭാഗമായ കെട്ടുവള്ളങ്ങളുടെ ചരിത്രവും പരിപാടിയില്‍ പരിചയപ്പെടുത്തി. പരമ്പരാഗത വള്ളം നിര്‍മ്മാണ വിദ്യ സംരക്ഷിക്കുന്ന കുടുംബാംഗമായ കൊല്ലം, ആലുംകടവ് സ്വദേശി സുദേവന് വള്ളം നിര്‍മ്മാണത്തെക്കുറിച്ചും ചരക്കുവള്ളമായിരുന്ന കെട്ടുവള്ളം എങ്ങനെ ഹൗസ്ബോട്ടായി മാറിയെന്നും വിശദീകരിച്ചു.
കൊല്ലം തഴവയിലെ കൈതോല ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തെ പറ്റിയും അവതരണമുണ്ടായി. കേരളത്തിന്റെ കലകളും കരകൗശലങ്ങളും പാരമ്പര്യവും മാത്രമല്ല, സംസ്ഥാനത്തിന്റെ പ്രകൃതിദത്തമായ വൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാനുള്ള വേദിയായിരുന്നു കെടിഎം 2026.