ടൂറിസം പദ്ധതികളുടെ ആസൂത്രണത്തില്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കെടിഎം സെമിനാര്‍

Kochi / September 25, 2026

 

കൊച്ചി: ടൂറിസം പദ്ധതികളുടെ ആസൂത്രണത്തിലും രൂപകല്‍പ്പനയിലും എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും പ്രാപ്യമാകുന്നതുമായ സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വിദഗ്ധര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രാപ്യവുമായ ടൂറിസം എന്ന വിഷയത്തില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം-2026) സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

റാമ്പുകള്‍, വീല്‍ചെയറുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന പ്രത്യേക മുറികള്‍ എന്നതിനപ്പുറം ശാരീരിക, മാനസിക വൈകല്യമുള്ളവരെ പൂര്‍ണമായി പരിഗണിക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറും മുന്‍ ടൂറിസം ഡയറക്ടറുമായ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നത് വിവിധ വകുപ്പുകളിലെ ഉദ്യോഗസഥരായിരിക്കും. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ബോധവല്‍ക്കരണവും പരിശീലനവും ശേഷി വര്‍ദ്ധിപ്പിക്കലും പ്രധാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ ഉടമകള്‍, ജീവനക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ടൂറിസം മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും ഭിന്നശേഷി സൗഹൃദപരമായ കാര്യങ്ങളില്‍ പരിശീലനം നല്‍കേണ്ടത് പ്രധാനമാണ്. പൊതുഗതാഗതം, ശൗചാലയങ്ങള്‍, ഹോട്ടല്‍ മുറികള്‍ തുടങ്ങിയവയിലെല്ലാം പ്രാപ്യത ഉറപ്പാക്കണം.

ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് സഞ്ചാരികള്‍ക്ക് അറിയുന്നതിനായി ഡിജിറ്റല്‍ വിവര സംവിധാനങ്ങള്‍ ഒരുക്കണം. കൃത്യമായ വിവരങ്ങള്‍ അടങ്ങിയ ഭൂപടവും തയ്യാറാക്കാവുന്നതാണ്. അതിനായി ആദ്യം  വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഓഡിറ്റിംഗ് നടത്തണം. സംസ്ഥാനത്തെ 72 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റ് നടപ്പിലാക്കുകയും അവയ്ക്ക് റാങ്കിംഗ് നല്‍കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ 16% മുതല്‍ 20% വരെ മാത്രമേ ലിംഗസമത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുള്ളൂ. ഇതില്‍ മാറ്റം വരേണ്ടതുണ്ട്. വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്തുന്ന വിധത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാരും സ്വകാര്യ മേഖലയും കൈകോര്‍ക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ശിഖ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ക്ക് ജീവിക്കാനും സന്ദര്‍ശിക്കാനും മികച്ച ഇടം ഉറപ്പാക്കുന്നതിലാണ് ഉത്തരവാദിത്ത ടൂറിസം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കുന്ന ടൂറിസം സംരംഭങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജുകളുമാണ് നടപ്പിലാക്കിവരുന്നത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് കീഴിലെ ആകെയുള്ള 26,000 യൂണിറ്റുകളില്‍ 18,500എണ്ണവും നയിക്കുന്നത് വനിതാ കൂട്ടായ്മകളാണ്. ഉള്‍ക്കൊള്ളല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിലെ മികച്ച ഉദാഹരണമാണിത്. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും നടപ്പാക്കുന്നതിലും കേരളം എപ്പോഴും മുന്‍പന്തിയിലാണെന്നും വനിതാ സൗഹൃദ ടൂറിസം പോലെ എല്ലാവര്‍ക്കും പ്രാപ്യമായ ടൂറിസം എന്ന ആശയം നടപ്പാക്കുന്നതില്‍ കേരളത്തിന് മാതൃകയാകാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും പ്രാപ്യവുമായ യാത്രാനുഭവം രൂപകല്‍പ്പന ചെയ്യുകയെന്നത് പ്രധാനമാണെന്ന് പ്ലാനറ്റ് ഏബിള്‍ഡ് ഫൗണ്ടര്‍ നേഹ അറോറ പറഞ്ഞു. ഭിന്നശേഷിക്കാരല്ലാത്ത സഞ്ചാരികള്‍ക്ക് നല്‍കുന്ന അതേ നിലവാരത്തിലുള്ള വിവരണം നല്‍കാന്‍ ഗൈഡുകള്‍ക്ക് മതിയായ പരിശീലനവും സജ്ജീകരണങ്ങളും നല്‍കേണ്ടണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ കാഴ്ചാപരിമിതിയുള്ളവരെയും കേള്‍വിശക്തിയില്ലാത്തവരെയും ബുദ്ധിപരമായ വൈകല്യമുള്ളവരെയും പരിഗണിക്കുന്നതാകണം. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ  മുറികള്‍ ഉള്ള ഹോട്ടലുകള്‍ വളരെ കുറവാണെന്നും ഇത് മെച്ചപ്പെടുത്തുന്നതില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍ മോഡറേറ്ററായി. കെടിഎം മുന്‍ പ്രസിഡന്റ് റിയാസ് അഹമ്മദ് സെമിനാര്‍ സെഷന് സ്വാഗതം പറഞ്ഞു.

Photo Gallery

+
Content