കെടിഎമ്മില്‍ വിദേശ ബയര്‍മാരുടെ റെക്കോര്‍ഡ് പങ്കാളിത്തം
59 രാജ്യങ്ങളില്‍ നിന്നായി 380 ബയര്‍മാര്‍
Kochi / September 26, 2026
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ-പ്രദര്‍ശന മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം. 2026) പതിമൂന്നാം പതിപ്പിൽ വിദേശ ബയർമാരുടെ സര്‍വകാല റെക്കോർഡ് പങ്കാളിത്തം. ലോകത്തെ 59 രാജ്യങ്ങളിൽ നിന്നായി ആകെ 380 പ്രമുഖ അന്താരാഷ്ട്ര ടൂറിസം പ്രതിനിധികളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്.
അമേരിക്ക (യു.എസ്.എ) യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികളെത്തിയത്. കെടിഎമ്മിലെ ആകെ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന 38 പ്രതിനിധികളാണ് അമേരിക്കയിൽ നിന്ന് മാത്രമായി മാര്ട്ടിനെത്തിയത്.
കേരളത്തിന്റെ വിനോദസഞ്ചാര വിപണിക്ക് വിദേശ സഞ്ചാരികൾക്കിടയിലുള്ള പ്രിയവും അത് വഴി ടൂറിസം മേഖലയ്ക്ക് ലഭിക്കുന്ന കരുത്തും പ്രാധാന്യവുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ഉയർന്ന സാമ്പത്തിക ശേഷിയുംകൂടുതൽ ദിവസങ്ങൾ താമസിച്ചു യാത്ര ചെയ്യുന്നവരുമാണ് വിദേശ സഞ്ചാരികള്‍ എന്നതിനാല്‍ കേരളത്തിന്റെ വിദേശനാണ്യ വരുമാനത്തിലും ആതിഥ്യ വാണിജ്യ മേഖലയിലും വിദേശ ടൂറിസ്റ്റുകള്‍ വലിയ പങ്കുവഹിക്കുന്നു.
ആയുർവേദം, പരമ്പരാഗത സൗഖ്യ ചികിത്സകൾ, പൈതൃകം, ഉത്തരവാദിത്ത വിനോദസഞ്ചാരം, കായൽ സൗന്ദര്യം, പരിസ്ഥിതി സൗഹൃദ യാത്രകൾ എന്നിവയിലാണ് വിദേശ സഞ്ചാരികൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന് ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചി, കുമരകം, മൂന്നാർ, വയനാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കൊപ്പം ഉൾനാടൻ വിനോദസഞ്ചാര മേഖലകൾക്കും വിദേശ സഞ്ചാരികളുടെ വരവ് സാമ്പത്തിക ഉത്തേജനം നൽകുന്നുണ്ട്.
അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ 35 പ്രതിനിധികളുമായി യുകെ, 30 പ്രതിനിധികളുമായി റഷ്യയും, 23 പ്രതിനിധികളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) മുൻനിരയിലുണ്ട്. പശ്ചിമേഷ്യൻ, പരമ്പരാഗത യൂറോപ്യൻ വിപണികളിൽ കേരളത്തിനുള്ള വിപുലമായ ജനപ്രീതിക്ക് തെളിവാണ് ഈ കണക്കുകള്‍. ജർമ്മനിയിൽ നിന്ന് 18, ഫ്രാൻസിൽ നിന്ന് 17, മലേഷ്യയിൽ നിന്നും സ്പെയിനിൽ നിന്നും 15 വീതവും, ദക്ഷിണാഫ്രിക്കയിൽ നിന്ന് 14, ഒമാനിൽ നിന്ന് 13 പ്രതിനിധികളും മേഖലയില്‍ പങ്കെടുക്കുന്നു.
പരമ്പരാഗത വിപണികൾ നിലനിർത്തുന്നതിനൊപ്പം വിദേശ വിപണിയിൽ നിന്നുള്ള റെക്കോർഡ് മുന്നേറ്റം വരും മാസങ്ങളിൽ സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സഹായകരമാകുമെന്ന് കെ.ടി.എം സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ നേരിട്ടുള്ള ബിസിനസ്സ് പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും കേരളത്തിന്റെ വൈവിധ്യമാർന്ന യാത്രാനുഭവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കെ.ടി.എം 2026 വഴിതുറക്കും.