കെ.ടി.എം 2026: ബിസിനസ് കൂടിക്കാഴ്ചകള്‍ സുഗമമാക്കാന്‍ എഐ ആപ്പ്

Kochi / September 26, 2026

കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിലെ (കെ.ടി.എം 2026) ബിടുബി കൂടിക്കാഴ്ചകളും അനുബന്ധ പരിപാടികളും വേഗത്തിലും ലളിതവുമാക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത മൊബൈല്‍ ആപ്പ് ഏറെ സഹായകം.  കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്പര്‍ദ്ധ് സൊല്യൂഷന്‍സ്' സ്റ്റാര്‍ട്ടപ്പാണ്് കെ ടി എമ്മില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്കുന്ന ഈ ആപ്പിന് പിന്നില്‍.

വില്ലിങ്ഡണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ നടക്കുന്ന കെ.ടി.എം പ്രദര്‍ശനവും ബി2ബി മീറ്റിംഗുകളും സംഘടിപ്പിച്ചിരിക്കുന്നത്.

'മുന്‍പത്തെ കെ.ടി.എം പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ദൂരത്തില്‍ ബയര്‍മാര്‍ക്ക് അവരുടെ മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന എഐ അല്‍ഗോരിതം കമ്പനി ഇതിനായി രൂപകല്‍പ്പന ചെയ്തതായി 'സ്പര്‍ദ്ധ്' സൊല്യൂഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ സലിം ബിന്‍ അലി പറഞ്ഞു. കൂടാതെ 'പാത്ത്ഫൈന്‍ഡര്‍' (Pathfinder) എന്ന പുതിയ ഫീച്ചര്‍ ആപ്പിലും കെ.ടി.എം വെബ് പോര്‍ട്ടലിലും സംയോജിപ്പിച്ചു.

ചാറ്റ് ജി.പി.ടി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന എഐ ചാറ്റ്ബോട്ടാണ് ആപ്പിലെ പ്രധാന ആകര്‍ഷണം. ചാറ്റ് ജിപിടിയിലേതുപോലെ ഉപയോക്താക്കള്‍ക്ക് ഇതില്‍ ചോദ്യങ്ങള്‍ ചോദിക്കാം. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലുമുള്ള ചോദ്യങ്ങള്‍ക്ക് ഇതിലൂടെ മറുപടി ലഭിക്കും. മീറ്റിംഗ് സമയങ്ങള്‍, സ്റ്റാള്‍ ലൊക്കേഷനുകള്‍, താമസസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആപ്പ് തല്ക്ഷണം മറുപടി നല്‍കും. ഇതിനായി കോള്‍ സെന്ററുകളിലേക്ക് വിളിക്കുകയോ ഇമെയിലുകള്‍ അയക്കുകയോ ചെയ്യേണ്ടതില്ലെന്നും സലിം കൂട്ടിച്ചേര്‍ത്തു.

മീറ്റിംഗ് ഷെഡ്യൂളുകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഡൈനാമിക് ക്യു.ആര്‍ കോഡുകളെ തിരിച്ചറിയല്‍ സംവിധാനമായി അവതരിപ്പിച്ചു. ഈ ക്യു.ആര്‍ കോഡുകള്‍ 30 സെക്കന്‍ഡ് മാത്രം ആയുസ്സുള്ളതും സ്‌ക്രീനില്‍ നിരന്തരം അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നതുമാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. കെടിഎമ്മില്‍ പങ്കെടുക്കുന്നവര്‍ വേദിയില്‍ നേരിട്ടെത്തിയാല്‍ മാത്രമേ സ്‌കാന്‍ ചെയ്യാന്‍ സാധിക്കൂ.  സാലിം വ്യക്തമാക്കി. മീറ്റിംഗ് സമയത്ത് വ്യക്തികള്‍ വേദിയില്‍ ഉണ്ടെന്ന്് ഉറപ്പാക്കാന്‍ എന്‍ട്രി-എക്‌സിറ്റ് സ്‌കാനിംഗും നടപ്പിലാക്കിയിട്ടുണ്ടെന്നും സലിം വ്യക്തമാക്കി.

ബയര്‍മാര്‍ക്ക് പോകേണ്ട സ്റ്റാളിലേക്കോ അടുത്തുള്ള വിശ്രമമുറികളിലേക്കോ ഉള്ള റൂട്ട് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ ഗൂഗിള്‍ മാപ്‌സിന് സമാനമായി പ്രവര്‍ത്തിക്കുന്ന പാത്ത്ഫൈന്‍ഡര്‍ ഫീച്ചര്‍ സഹായകമാകും. കഴിഞ്ഞ ജനുവരി മുതലാണ് സ്പര്‍ദ്ധ് സൊല്യൂഷന്‍സ് കെ.ടി.എം സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സെല്ലര്‍-ബയര്‍ രജിസ്‌ട്രേഷനുകള്‍, സ്റ്റാള്‍ ലേലം ചെയ്യല്‍, അനുമതികള്‍ നല്‍കല്‍ എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും സ്പര്‍ദ്ധ് സൊല്യൂഷന്‍സ് നല്കുന്നു.  

കെ.ടി.എം 2026 ന്റെ വെബ്സൈറ്റും പോര്‍ട്ടലും പൂര്‍ണ്ണമായി വികസിപ്പിച്ചത് സ്പര്‍ദ്ധ് സൊല്യൂഷന്‍സാണ്. പോര്‍ട്ടല്‍ വഴി താത്പര്യപത്രം  സമര്‍പ്പിക്കല്‍, ബയര്‍ അഭ്യര്‍ത്ഥനകള്‍, അനുമതികള്‍, ടിക്കറ്റ് ബുക്കിംഗ്, താമസസൗകര്യ വിവരങ്ങള്‍, പാസുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവ പോര്‍ട്ടലിലൂടെ എളുപ്പത്തില്‍ സാധ്യമാകും.  

2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്പര്‍ദ്ധ്, 2020 ഓടെയാണ് ഇവന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെ.ടി.എം കൂടാതെ മുംബൈയില്‍ നടന്ന ഇന്ത്യന്‍ കെമിക്കല്‍ കൗണ്‍സില്‍ സമ്മേളനം ഉള്‍പ്പെടെയുള്ള പ്രമുഖ പരിപാടികള്‍ക്കും ഇവര്‍ സാങ്കേതിക പിന്തുണ നല്‍കിയിട്ടുണ്ട്.  

സ്പര്‍ദ്ധ് സൊല്യൂഷന്‍സിന്റെ അമരക്കാരായി അരുണ്‍ ലക്ഷ്മണ്‍ (ടെക് ലീഡ് - പ്രൊജക്റ്റ്‌സ്), ഷിയാഫ് സി. (ടെക് ലീഡ് - പ്രൊഡക്ട്‌സ്), സാബിര്‍ എന്‍.എസ് (സി.ഒ.ഒ) എന്നിവരുമുണ്ട്.

 

 

Photo Gallery

+
Content