നിലവിലുള്ള ടൂറിസം ഉല്‍പ്പന്നങ്ങളില്‍നിന്നും കേരളം സേവനങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തണമെന്ന് കെടിഎം സെമിനാര്‍

Kochi / July 26, 2026

കൊച്ചി: നിലവിലുള്ള ടൂറിസം ഉല്‍പ്പന്നങ്ങളില്‍നിന്നും കേരളം സേവനങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തണമെന്ന് വിദഗ്ധര്‍. 'മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകള്‍' എന്ന വിഷയത്തില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം-2026) സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സഞ്ചാരികളുടെ മാറുന്ന പ്രതീക്ഷകള്‍ക്കനുസൃതമായി നിലവിലുള്ള കായല്‍ ടൂറിസത്തിനും പരമ്പരാഗത ആകര്‍ഷണങ്ങള്‍ക്കുമപ്പുറം സമഗ്രവും വ്യക്തിഗതവുമായ യാത്രാനുഭവങ്ങള്‍ കേരളം വികസിപ്പിക്കണമെന്ന് ട്രാവല്‍-ടൂറിസം മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സഞ്ചാരികളുടെ താല്‍പര്യം, വ്യക്തിഗത സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉപഭോക്തൃ അവലോകനങ്ങള്‍ എന്നിവ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയെ എങ്ങനെ പുനര്‍നിര്‍വചിക്കുന്നുവെന്ന് സെമിനാര്‍ പരിശോധിച്ചു. സാങ്കേതികവിദ്യയും എഐയും  ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെങ്കിലും, വ്യക്തിഗത സേവനങ്ങളും മനുഷ്യസ്പര്‍ശമുള്ള ഇടപെടലുകളും അതിഥികളുടെ അനുഭവങ്ങളില്‍ നിര്‍ണായകമായി തുടരുമെന്നും വിലയിരുത്തി.

അതിഥികളുടെ പ്രതീക്ഷകളില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ സഞ്ചാരികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒ ബൈ താമര സിഇഒ സമീര്‍ എം.സി പറഞ്ഞു. കേരളത്തിന് കൂടുതല്‍ സാധ്യതകളുള്ള വെല്‍നസ് മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നില്ല. ആവര്‍ത്തിച്ചുള്ളതും വിരസവുമായ ജോലികള്‍ എഐക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നും അതുവഴി മനുഷ്യ ഇടപെടലുകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ കഴിയുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ വിദഗ്ധര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരം വര്‍ധിച്ചുവരുന്ന ഹോസ്പിറ്റാലിറ്റി വിപണിയില്‍ വ്യക്തിഗത സേവനങ്ങള്‍ പ്രധാന ഘടകമാണെന്ന് ഐഎടിഒ പ്രസിഡന്റ് രവി ഗോസൈന്‍ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയില്‍ എഐയുടെ വര്‍ധിച്ചുവരുന്ന പങ്കിനെ മനുഷ്യരും എഐയും തമ്മിലുള്ള മത്സരമായല്ല കാണേണ്ടത്. മനുഷ്യര്‍ നയിക്കുന്ന ടൂറിസത്തിന് എഐ പിന്തുണ നല്‍കുന്നു എന്ന രീതിയിലാകണം സമീപനമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യര്‍ക്ക് പകരക്കാരനായല്ല, മറിച്ച് ഒരു സഹായക സംവിധാനമായാണ് എഐയെ കാണേണ്ടതെന്ന് ടിസിഐ പ്രസിഡന്റും കണ്‍ട്രി ഹെഡ്ഡുമായ വിനീത് മഹേന്ദ്രു ചൂണ്ടിക്കാട്ടി. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കുകയല്ല സഹായിക്കുകയാണ് ചെയ്യുന്നത്. കാഴ്ചയിലെ ഭംഗിക്കോ സോഷ്യല്‍ മീഡിയയിലെ സാധ്യതകള്‍ക്കോ വേണ്ടിയല്ല, മറിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വേണം ടൂറിസം ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഡറേറ്റര്‍ താജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് കേരള ഹെഡ് ലളിത് വിശ്വകുമാര്‍, കെ.ടി.എം മുന്‍ പ്രസിഡന്റും സെമിനാര്‍ കമ്മിറ്റി ചെയര്‍മാനുമായ റിയാസ് അഹമ്മദ് എന്നിവരും സംസാരിച്ചു.

 

 

 

Photo Gallery

+
Content