കെടിഎം 2026 ന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ
Kochi / August 27, 2026
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം-2026) ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ. ബോള്‍ഗാട്ടി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് കെടിഎം വേദിയായ വെല്ലിംഗ്ടണ്‍ ഐലന്റിലേക്ക് പ്രതിനിധികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയാണ് വാട്ടര്‍ മെട്രോ കെടിഎമ്മിന്റെ ഭാഗമായത്. അതുവഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കെടിഎം ബയേഴ്‌സിന് കൊച്ചിയിലെ ജലപാതകള്‍ പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരവും കൈവന്നു.
കൊച്ചിയുടെ വിനോദസഞ്ചാര-ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി വാട്ടര്‍ മെട്രോയെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ കെടിഎമ്മിന്റെ ആസൂത്രണ ഘട്ടത്തില്‍ തന്നെ ഈ ആശയം പരിഗണിച്ചിരുന്നതായി കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ബോള്‍ഗാട്ടി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്റിലെ വേദിയിലെത്താന്‍ ഏറെ സമയമെടുക്കും. എന്നാല്‍ വാട്ടര്‍ മെട്രോ വഴി ഏകദേശം അര മണിക്കൂറിനുള്ളില്‍ എത്താനായി. ഒപ്പം കൊച്ചിയുടെ കായല്‍ ഭംഗി ആസ്വദിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബോട്ട് സര്‍വീസ് കെടിഎം-2026 ന്റെ ഭാഗമാക്കാന്‍ സംഘാടകര്‍ വാട്ടര്‍ മെട്രോ അധികൃതരെ സമീപിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ ന്യായമായ നിരക്കില്‍ ഈ സേവനം ക്രമീകരിക്കാനായി. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ വാട്ടര്‍ മെട്രോ അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും കെടിഎം പ്രസിഡന്റ് നന്ദി അറിയിച്ചു.
ബയേഴ്‌സില്‍ നിന്ന് മികച്ച പ്രതികരണമാണ് ജലയാത്രാ അനുഭവത്തിന് ലഭിച്ചത്. കൊച്ചിയിലെ വാട്ടര്‍ മെട്രോ മികച്ചതാണെന്നും വീണ്ടും അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു.
വൈകുന്നേരങ്ങളില്‍ അത്താഴവിരുന്നുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ബയേഴ്‌സിന് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നതിനാല്‍ തിരികെ വാട്ടര്‍ മെട്രോയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ സംഘാടകര്‍ക്ക് സാധിച്ചിരുന്നില്ല.
വെനീസിലേതു പോലെ പൊതുഗതാഗതത്തിന്റെ പ്രധാന മാര്‍ഗമായി കൊച്ചിയില്‍ കൂടുതല്‍ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ആവശ്യമാണെന്ന് ജോസ് പ്രദീപ് അഭിപ്രായപ്പെട്ടു. കുറഞ്ഞത് 50 വാട്ടര്‍ മെട്രോ സര്‍വീസുകളെങ്കിലും ആരംഭിക്കണം. കൊച്ചിയില്‍ ഇരുദിശകളിലേക്കും ഇവ സര്‍വീസ് നടത്തണം. വിപുലമായ ജലഗതാഗത ശൃംഖല നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെടിഎം സംഘാടകരെ സംബന്ധിച്ചിടത്തോളം ഈ സംരംഭം ബയേഴ്‌സിനെ വേദിയിലെത്തിക്കാനുള്ള മാര്‍ഗം മാത്രമല്ലായിരുന്നു. സന്ദര്‍ശകരുടെ യാത്രാനുഭവത്തിന്റെ ഭാഗമായി കൊച്ചിയുടെ ജലപാതകളെ അവര്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു ഇത്.
Photo Gallery